കോട്ടയം: പി.സി ജോര്‍ജിനെ തള്ളണോ കൊള്ളണോ എന്ന വിഷയത്തില്‍ സി.പി.എമ്മില്‍ കടുത്ത ആശയക്കുഴപ്പം. മാണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് വിട്ട് യു.ഡി.എഫിന്റെയും പടിയിറങ്ങിയ ജോര്‍ജ് ഇപ്പോള്‍ ത്രിശങ്കുവിലാണ്. കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോര്‍ജിനെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്‌തെങ്കിലും തീരുമാനത്തിലെത്താനായില്ല. എന്തും വിളിച്ച് പറയുന്ന ജോര്‍ജിനെ സ്വീകരിക്കുന്നത് വിനയാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതോടെയാണ് തീരുമാനമാകാതെ പോയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പ്രതീക്ഷയില്‍ ജോര്‍ജ് പ്രചാരണവും തുടങ്ങിയിരുന്നു. 

ഇതിനിടെ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ സഭ പിന്തുണക്കില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും കാഞ്ഞിരപ്പള്ളി രൂപത നിലപാടെടുത്തതും സി.പി.എം ഗൗരവമായെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ തോമസിന്റെ പേര് പൂഞ്ഞാറിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ്.ജെ.മാത്യുവിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി പൂഞ്ഞാറില്‍ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.