ചെന്നൈ: തമിഴ്നാട്ടില്‍ പതിമ്മൂന്ന് പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കി ജയലളിത 28 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഇവര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിത സമര്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയ്ക്ക് ഗവര്‍ണര്‍ റോസയ്യ അനുമതി നല്‍കി. 

മുഖ്യമന്ത്രി പദവിക്കു പുറമേ ജയലളിത പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ കൈകാര്യംചെയ്യും. ജയലളിതയുടെ അടുത്ത വിശ്വസ്തനായ ഒ. പനീര്‍ശെല്‍വത്തിന് ധനവകുപ്പും ഭരണ നവീകരണ വകുപ്പും നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രിസഭയിലും അദ്ദേഹം ഇതേ വകുപ്പുതന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. മുന്‍ എം.പി. ദിണ്ടിക്കല്‍ എസ്. ശ്രീനിവാസന് വനംവകുപ്പാണ് നല്‍കിയിട്ടുള്ളത്. സിറ്റിങ് മന്ത്രിമാരായിരുന്ന നിരവധി പേര്‍ക്ക് ഇത്തവണയും മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. 

ജയലളിത ഉള്‍പ്പെടെ നാലു വനിതകളുടെ പ്രാതിനിധ്യമാണ് മന്ത്രിസഭയിലുള്ളത്. മറ്റു മൂന്നുപേരും ഡോക്ടര്‍മാരാണ്. ചെന്നൈ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറായിരുന്ന പി. ബെഞ്ചമിന് സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് നല്‍കിയിട്ടുള്ളത്. മുന്‍ സ്പീക്കര്‍ കൂടിയായ ഡി. ജയകുമാറിന് ഫിഷറീസ് വകുപ്പ് നല്‍കി.