ജെ.എന്‍.യു വിദ്യാര്‍ഥിയായ സി.പി.ഐ. അംഗം മുഹമ്മദ് മുഹ്‌സിന്‍ (30), അരുവിക്കര സിറ്റിങ് എം.എല്‍.എ കെ.എസ്. ശബരീനാഥന്‍ (31)... കേരളത്തെ ഇടതു നിന്നും വലതു നിന്നും നയിക്കാന്‍ യുവാക്കളുടെ നീണ്ട നിര. വിവിധ മണ്ഡലങ്ങളില്‍ നിന്നായി 18 യുവ എം.എല്‍.എമാരാണ് പതിനാലാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഏഴായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പട്ടാമ്പിയില്‍ നിന്നാണ് മുഹ്സിന്‍ വിജയിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനായ ശബരീനാഥനെ രണ്ടാമത്തെ തവണയാണ് അരുവിക്കരയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ യുവരക്തങ്ങളായ വി.ടി. ബല്‍റാമും ഷാഫി പറമ്പിലും ഇത്തവണയും സീറ്റ് നിലനിര്‍ത്തി. വൈക്കത്ത് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച സി.പി.ഐ സ്ഥാനാര്‍ഥി സി.കെ. ആശ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ.യു. പ്രതിഭാ ഹരി, മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ് എന്നീ യുവ വനിതാ എം.എല്‍.എമാരും നിയമസഭയിലെ അംഗങ്ങളാണ്. അബ്ദുള്ളക്കുട്ടിയെ 34117 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായ എ.എന്‍. ഷംസീറും സഭയിലേക്ക് കാല്‍വെയ്ക്കുകയാണ്.

എറണാകുളം ജില്ലയില്‍ നിന്ന് നിരവധി യുവനേതാക്കളാണ് ഇത്തവണ നിയമസഭയിലേക്ക് എത്തുന്നത്. വി.എസിനെ പരസ്യമായി വിമര്‍ശിച്ച് വിവാദത്തില്‍ അകപ്പെട്ട യുവസഖാവ് എം. സ്വരാജ് തൃപ്പൂണിത്തുറയിലെ മത്സരത്തിനൊടുവില്‍ ആദ്യമായി കേരള നിയമസഭയിലേക്ക് പ്രവേശിക്കുകയാണ്. ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസിലെ 'കലാകാരന്‍' എന്നു വിശേഷിപ്പിക്കാവുന്ന എല്‍ദോസ് കുന്നപ്പള്ളി ആദ്യമായി നിയമസഭാപ്രവേശം നടത്തുന്നതും ഈ മണ്ഡലത്തില്‍ നിന്നുതന്നെ. സി.പി.ഐയുടെ എല്‍ദോ എബ്രഹാം, സി.പി.എമ്മിന്റെ ആന്റണി ജോണ്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോജി എം. ജോണ്‍ എന്നിവരാണ് എറണാകുളത്തുനിന്നു കന്നിയങ്കം വിജയിച്ച മറ്റു യുവാക്കള്‍.

മാവേലിക്കര സിപിഎം സിറ്റങ് എംഎല്‍എ ആര്‍ രാജേഷിനെ ഇത്തവണയും ജനം തിരഞ്ഞെടുത്തു.

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇത്തവണ നേരിട്ടത് യുവാക്കളാണ്. വിജയിക്കാനായില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് 26-കാരനായ സി.പി.എം സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും വി.എസിനെതിരെ നിന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയും ശ്രദ്ധേയരായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ സ്ഥാനാര്‍ഥികളായ അഡ്വ. എസ്. ശരത്, സി.ആര്‍ മഹേഷ്, എം. ലിജു എന്നിവര്‍ അങ്കത്തട്ടിലുണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടു.