Thrissurസ്ഥാനാർഥി നിർണയത്തിൽ ഇരുമുന്നണിക്കും തലവേദനയായ വടക്കാഞ്ചേരി, സി.പി.എമ്മിന് പതിവില്ലാത്തവിധം പ്രതിസന്ധി സൃഷ്ടിച്ച ഇരിങ്ങാലക്കുട, സ്ഥാനാർഥിക്കുവേണ്ടി യു.ഡി.എഫ്. നെട്ടോട്ടമോടിയ കയ്പമംഗലം എന്നീ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലയിൽ അണികളിലുണ്ടാക്കിയ അതൃപ്തി മാറിവരുന്നതേയുള്ളൂ. തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ മുന്നോട്ടുപോയെങ്കിലും യു.ഡി.എഫിൽ പിണക്കം തീർക്കലും മുറിവുണക്കലും തുടരുകയാണ്. ലക്ഷ്യംവെക്കുന്ന മണ്ഡലങ്ങളിലെങ്കിലും  പ്രചാരണത്തിൽ മുന്നിലെത്താനുള്ള ബി.ജെ.പി. ശ്രമം ഫലംകണ്ടിട്ടുണ്ട്. പോരുമറന്ന് പൂരാവേശത്തിലായിരുന്ന തൃശ്ശൂരിലെ സ്ഥാനാർഥികളും പ്രവർത്തകരും തിരഞ്ഞെടുപ്പുരംഗത്ത് സക്രിയമായതോടെ മേടച്ചൂടിനൊപ്പം മത്സരച്ചൂടും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്‌.

ഏതെങ്കിലും മുന്നണിയോട് പ്രത്യേക ആഭിമുഖ്യം കാണിച്ച ചരിത്രമില്ലാത്ത ജില്ലയിൽ അത്തരം അവകാശവാദങ്ങൾക്കും  അടിസ്ഥാനമില്ല. 2001-ൽ ഭൂരിപക്ഷം സീറ്റുംനേടി യു.ഡി.എഫാണ് വൻവിജയം കൊയ്തത്. 2006-ലാകട്ടെ ചിത്രം മാറി. മണ്ഡലങ്ങളേറെയും കൈപ്പിടിയിലൊതുക്കി എൽ.ഡി.എഫ്. കരുത്തുതെളിയിച്ചു. 2011-ലെ തിരഞ്ഞടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. എൽ.ഡി.എഫ്.-7, യു.ഡി.എഫ്-6.
2001 ആവർത്തിക്കുമെന്ന് യു.ഡി.എഫും 2006 ആയിരിക്കുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുമ്പോൾ, അങ്ങനെയൊരു ആധിപത്യത്തിന്റെ സൂചനകൾ ഇപ്പോഴില്ല. എണ്ണത്തിൽ നേരിയ വ്യത്യാസത്തോടെ 2011 ആവർത്തിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയനിരീക്ഷകർ കാണുന്നത്.

സി.പി.എമ്മിന്റെയും കോൺഗ്രസ്സിന്റെയും ജില്ലയിലെ നേതൃനിരയിലുള്ളവർ  മത്സരിക്കുന്ന മണ്ഡലങ്ങളാണ് കുന്ദംകുളവും മണലൂരും. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കുന്ദംകുളത്ത് ജില്ലാസെക്രട്ടറി എ.സി. മൊയ്തീനെയും കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ മണലൂരിൽ ജില്ലാ പ്രസിഡന്റ് ഒ. അബ്ദുറഹ്‌മാൻ കുട്ടിയെയുമാണ് സ്ഥാനാർഥികളാക്കിയത്. ഇരുവരും രംഗത്തുവന്നതോടെ രണ്ടിടത്തും രാഷ്ട്രീയ ബലപരീക്ഷണമാണ്. രണ്ടുമണ്ഡലങ്ങളിലും കഴിഞ്ഞതവണത്തെ ജയം 481 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നുവെന്നതും മത്സരത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സി.എം.പി. സംസ്ഥാനസെക്രട്ടറി സി.പി. ജോൺ കുന്ദംകുളത്ത് യു.ഡി.എഫിനുവേണ്ടി വളരെ നേരത്തേ കളമൊരുക്കിത്തുടങ്ങിയിരുന്നു. പാർട്ടിക്ക്‌ കിട്ടിയ ഏകസീറ്റിൽ വിജയത്തിൽ കുറഞ്ഞൊന്നും അവർ കണക്കുകൂട്ടുന്നില്ല. മണലൂരിൽ അബ്ദുറഹ്‌മാൻകുട്ടിയെ നേരിടുന്നത് സി.പി.എമ്മിലെ മുരളി പെരുനെല്ലി. കോൺഗ്രസ്സിന്റെ കുത്തകസീറ്റ് 2006-ൽ മികച്ച ഭൂരിപക്ഷത്തോടെ പിടിച്ചെടുത്ത മുരളിയെ വീണ്ടും സ്ഥാനാർഥിയാക്കിയത് കൈവിട്ടുപോയ മണ്ഡലം തിരികെപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനിലൂടെ മണലൂരിൽ ശക്തമായ  ത്രികോണമത്സരസാധ്യത തേടുകയാണ് ബി.ജെ.പി. കഴിഞ്ഞതവണ മത്സരിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച കെ.കെ. അനീഷ് കുമാർ തന്നെയാണ് കുന്ദംകുളത്ത് ബി.ജെ.പി.ക്കുവേണ്ടി വോട്ടുതേടുന്നത്.

തേറമ്പിൽ രാമകൃഷ്ണൻ തുടർച്ചയായി അഞ്ചുതവണ ജയിച്ച് ‘സ്വന്തം’ മണ്ഡലമാക്കിയ തൃശ്ശൂർ, പത്മജ വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തോടെയാണ് ശ്രദ്ധേയമായത്. കെ. കരുണാകരൻ എന്ന ലീഡറുടെ മകളായി വോട്ടുചോദിക്കുന്ന, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി  വ്യക്തിബന്ധങ്ങളെല്ലാം അനുകൂലഘടകമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. പ്രചാരണരംഗത്തെല്ലാം അദൃശ്യസാന്നിധ്യമായി കെ. കരുണാകരനുണ്ട്. എന്നാൽ, അഡ്വ. വി.എസ്‌. സുനിൽകുമാറിലൂടെ മണ്ഡലം ഇത്തവണ  പിടിച്ചെടുക്കുമെന്ന് ഇടതുമുന്നണി നേതാക്കൾ ഉറപ്പിക്കുന്നു. കയ്പമംഗലത്തെ സിറ്റിങ് എം.എൽ.എ.യെ രംഗത്തിറക്കി, മികച്ച പോരാളിയിലൂടെ തൃശ്ശൂർ സ്വന്തമാക്കുകയെന്നതാണ് ഇടതുമുന്നണി ലക്ഷ്യം.

തദ്ദേശതിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലുണ്ടാക്കിയ വോട്ടുവർധന ഉയർത്തിക്കാട്ടി ബി.ജെ.പി.യുടെ അഡ്വ. ബി. ഗോപാലകൃഷ്ണനും അങ്കക്കളത്തിൽ സജീവമാണ്. വടക്കാഞ്ചേരി എം.എൽ.എ.യായ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഇത്തവണ മത്സരിക്കാനില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മണ്ഡലത്തിലേക്ക് അദ്ദേഹം നിർദേശിച്ച പേര് അവഗണിച്ചതാണ് കോൺഗ്രസ്സിൽ കലാപത്തിന്‌ കാരണമായത്. സംസ്ഥാനനേതൃത്വവും ഹൈക്കമാൻഡും മുൻ പഞ്ചായത്ത് പ്രസിഡൻറും യുവനേതാവുമായ അനിൽ അക്കരയെയാണ് സ്ഥാനാർഥിയാക്കിയത്. ഇവിടെ സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയവും തർക്കത്തിലായിരുന്നു. സ്ഥാനാർഥിയായി സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ച കെ.പി.എ.സി. ലളിത പിന്നീട് പിന്മാറി.

പ്രഖ്യാപനംവന്നതോടെ മണ്ഡലത്തിൽ പോസ്റ്റർ പതിക്കലും പ്രകടനവും നടന്നു, പിന്നീടാണ് മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ മേരി തോമസിനെ സ്ഥാനാർഥിയാക്കിയത്. രണ്ടുപാർട്ടികളിലും സ്ഥാനാർഥിനിർണയത്തിലുണ്ടായ ഭിന്നത നേട്ടമാകുമെന്ന് ഇരുകൂട്ടരും കണക്കുകൂട്ടുന്നു. അടിയൊഴുക്കുകൾ അറിയാൻ ഫലം വരുംവരെ കാത്തിരിക്കേണ്ടിവരും. സിറ്റിങ് സീറ്റുകളായ പുതുക്കാട്ട്‌ പ്രൊഫ. സി. രവീന്ദ്രനാഥും ചാലക്കുടിയിൽ ബി.ഡി. ദേവസ്സിയും ഗുരുവായൂരിൽ കെ.വി. അബ്ദുൾഖാദറും മത്സരിക്കുന്നതിന് സി.പി.എം. നേരത്തേ അനുമതി നൽകിയതിനാൽ പ്രവർത്തനം മുൻകൂട്ടി തുടങ്ങി. മൂന്നു മണ്ഡലങ്ങളിലും ആധിപത്യത്തിന്റെ സൂചനകൾ സി.പി.എം. നിരീക്ഷിക്കുന്നുണ്ട്.

ഗുരുവായൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എം. സാദിഖലിയെ സ്ഥാനാർഥിയാക്കി, കഴിഞ്ഞ രണ്ടുതവണ കൈവിട്ടുപോയ സീറ്റ് പിടിച്ചെടുക്കാനുള്ള കടുത്തപോരാട്ടത്തിലാണ് യു.ഡി.എഫ്. ചാലക്കുടിയിൽ കെ.പി.സി.സി. സെക്രട്ടറി ടി.യു. രാധാകൃഷ്ണനെയും പുതുക്കാട്ട് ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിയെയും കോൺഗ്രസ്‌ നിയോഗിച്ചതോടെ മത്സരത്തിന് വീറും വാശിയും കൈവന്നു. പുതുക്കാട്ട് ജയം സാധ്യമായേക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി.യുടെ പ്രവർത്തനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുലഭിച്ച മണ്ഡലമെന്ന നിലയിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിലുമാണ് ബി.ജെ.പി. പ്രതീക്ഷ. ജില്ലാപ്രസിഡന്റ് എ. നാഗേഷിനെ സ്ഥാനാർഥിയാക്കി  ത്രികോണമത്സരമെന്നതിലേക്ക് നീങ്ങുകയാണ്.

കേരളാ കോൺഗ്രസ് (എം) മത്സരിക്കുന്ന ഇരിങ്ങാലക്കുടയിൽ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഇത് നാലാംതവണയാണ്  വോട്ടുതേടുന്നത്. ഓരോതവണയും ഭൂരിപക്ഷം കൂടിവരുന്ന കണക്കുകൾകാട്ടി വിജയം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. സി.പി.എം. സ്ഥാനാർഥിനിർണയത്തിലുണ്ടായ പ്രതിസന്ധിയും യു.ഡി.എഫിന് പ്രതീക്ഷ പകർന്നിരുന്നു. പറഞ്ഞുകേട്ടിരുന്ന പല പേരുകൾക്കൊടുവിലാണ് പ്രൊഫ. കെ.യു. അരുണൻ അവസാനം സി.പി.എം. സ്ഥാനാർഥിയായത്. തീരുമാനത്തിനെതിരെ പോസ്റ്റർ പതിക്കലും പ്രകടനവും ഉണ്ടായെങ്കിലും പ്രതിഷേധം പെട്ടെന്ന് ശമിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.

ചിട്ടയായ പ്രവർത്തനത്തിലൂടെ കടുത്ത മത്സരമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി. സ്ഥാനാർഥി സന്തോഷ്  ചെറാക്കുളം പിടിക്കുന്ന വോട്ടുകളിലൂടെയാണ് മുന്നണികളുടെ കണക്കുകൂട്ടൽ ചെന്നെത്തുന്നത്. കയ്പമംഗലത്തെ സ്ഥാനാർഥിനിർണയമാണ് യു.ഡി.എഫിന് കീറാമുട്ടിയായത്. ഇവിടെ മത്സരിക്കുമെന്ന് കേട്ടിരുന്ന ടി.എൻ. പ്രതാപന്റെ പിന്മാറ്റപ്രഖ്യാപനം, ഹൈക്കമാൻഡിന്റെ സമ്മർദത്തിൽ തീരുമാനം പിൻവലിക്കൽ, കത്ത് വിവാദം, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ശോഭ സുബിന്റെ സ്ഥാനാർഥിത്വം എന്നിങ്ങനെ നാടകീയമായിരുന്നു സംഭവങ്ങൾ. ഒടുവിൽ സീറ്റ് ആർ.എസ്.പി.ക്ക് വിട്ടുകൊടുത്തപ്പോൾ മത്സരിക്കാൻ ആളെത്തേടിയുള്ള നെട്ടോട്ടം. കെ.എം. നൂറുദ്ദീനെ സ്ഥാനാർഥിയായി ആർ.എസ്.പി. പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് അദ്ദേഹം പിന്മാറുന്നു.

അനിശ്ചിതത്വം അവസാനിച്ചത്, പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ പി.എസ്.യു.വിന്റെ മുൻ പ്രസിഡന്റ് എം.ടി. മുഹമ്മദ് നഹാസിന്റെ വരവോടെയാണ്. വൈകിയാണെത്തിയതെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ഓടിയെത്താനും ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് ഇല്ലാതാക്കാനും കഴിഞ്ഞത് യു.ഡി.എഫ്. ക്യാമ്പുകളിൽ ആവേശമായിട്ടുണ്ട്. ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലത്തിൽ, യു.ഡി.എഫ്. പ്രതിസന്ധികൂടിയായപ്പോൾ സി.പി.ഐ.യുടെ സിറ്റിങ് സീറ്റിൽ ഇ.ടി. ടൈസണിന്റെ വിജയം എൽ.ഡി.എഫ്. ഉറപ്പിച്ചതാണ്. എന്നാൽ, ബി.ജെ.പി. മുന്നണിയിൽ ബി.ഡി.ജെ.എസ്സിനുവേണ്ടി  ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് മത്സരരംഗത്തെത്തിയതും മറ്റുസാമുദായിക ഘടകങ്ങളും പോരാട്ടം ശക്തമാക്കുകയാണ്.

കഴിഞ്ഞതവണ സി.എം.പി.ക്ക് വിട്ടുകൊടുക്കേണ്ടിവന്ന നാട്ടിക ഇത്തവണ കോൺഗ്രസ്സിന് മത്സരിക്കാൻ അധികമായി കിട്ടിയതാണ്. സിറ്റിങ് എം.എൽ.എ. സി.പി.ഐ.യിലെ ഗീത ഗോപിക്കെതിരെ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. ദാസനാണ് സ്ഥാനാർഥി. എൻ.ഡി.എ. മുന്നണിയിൽ ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവും സ്ഥാനാർഥിയായെത്തിയതോടെ കഴിഞ്ഞ തവണത്തെ അനായാസവിജയം ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. 

കോൺഗ്രസ്സിന്റെ സിറ്റിങ് എം.എൽ.എ.മാരിൽ മത്സരിക്കാൻ വീണ്ടും സീറ്റുറപ്പിച്ചത് ഒല്ലൂരിൽ എം.പി. വിൻസന്റ് മാത്രമാണ്. ഗ്രൂപ്പിനുള്ളിലെ ഭിന്നതയ്ക്കിടയിലും പൊരുതിനേടിയ സീറ്റിൽ പോരാട്ടം കനക്കുകയാണ്. സി.പി.ഐ.യുടെ അഡ്വ. കെ. രാജന് ഇവിടെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിഞ്ഞിട്ടുണ്ട്. ബി.ഡി.ജെ.എസ്സിലെ പി.കെ. സന്തോഷ് പിടിക്കുന്ന വോട്ടുകളും ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും.
ചേലക്കരയും കൊടുങ്ങല്ലൂരും 2011-ൽ യഥാക്രമം സി.പി.എമ്മും കോൺഗ്രസ്സും ജയിച്ചവയാണ്.

കെ. രാധാകൃഷ്ണൻ തുടർച്ചയായി നാലുതവണ ജയിച്ചുവന്ന ചേലക്കരയിൽ യു.ആർ. പ്രദീപാണ് സ്ഥാനാർഥി. മത്സരത്തിൽനിന്ന്‌ പിന്മാറിയ രാധാകൃഷ്ണൻ, സ്ഥാനമൊഴിഞ്ഞ എ.സി. മൊയ്തീനുപകരം പാർട്ടി ജില്ലാസെക്രട്ടറിയായി. കോൺഗ്രസ്സിന്‌ മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലം രാധാകൃഷ്ണനിലൂടെയാണ് സി.പി.എം. സ്വന്തമാക്കിയത്. ഇക്കുറി കെ.എ. തുളസിയെ സ്ഥാനാർഥിയാക്കി തിരിച്ചുപിടിക്കാനുള്ള പ്രവർത്തനത്തിലാണ് കോൺഗ്രസ്‌. ഇരുമുന്നണിക്കുമൊപ്പം ബി.ജെ.പി.യുടെ ഷാജുമോൻ വട്ടേക്കാടും സജീവമായുണ്ട്. സി.പി.ഐ. തങ്ങളുടെ കുത്തകസീറ്റെന്ന് അവകാശപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ  ടി.എൻ. പ്രതാപനായിരുന്നു ജയം.

മത്സരരംഗത്തുനിന്ന്‌ പിന്മാറിയ പ്രതാപനുപകരം കെ.പി. ധനപാലനാണ് ഇത്തവണ സ്ഥാനാർഥി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറിനിന്ന് പരാജയപ്പെടേണ്ടിവന്ന ധനപാലന് സീറ്റ് നൽകുന്ന കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസം മറന്നുള്ള യോജിപ്പുണ്ടായിരുന്നു. എന്നാൽ, കൈവിട്ട മണ്ഡലം തിരികെപ്പിടിക്കാൻ സി.പി.ഐ. നിയോഗിച്ചിരിക്കുന്നത് അഡ്വ. വി.ആർ. സുനിൽകുമാറിനെയാണ്. മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.കെ. രാജന്റെ മകനെന്നതും സി.പി.ഐ. മണ്ഡലം സെക്രട്ടറിയായ സുനിൽകുമാറിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. 1987-ൽ കൊടുങ്ങല്ലൂരിൽ വി.കെ. രാജനെതിരെയായിരുന്നു ധനപാലന്റെ കന്നിയങ്കം. ധനപാലനെ നേരിടുന്ന സുനിൽകുമാറിനും ഇത് കന്നിയങ്കമാണ്‌.

തദ്ദേശതിരഞ്ഞെടുപ്പിൽ  ബി.ജെ.പി.ക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസ്സിനെ പിന്നിലാക്കി പ്രധാന പ്രതിപക്ഷമാകാനായതും മണ്ഡലത്തിലെ വോട്ട് നിലയിലുണ്ടായ വർധനയും മുന്നണികളുടെ കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നു. ബി.ഡി.ജെ.എസ്സിലെ അഡ്വ. സംഗീത വിശ്വനാഥൻ പിടിക്കുന്ന വോട്ടുകളാകും ഫലം നിർണയിക്കുക. എൻ.ഡി.എ. മുന്നണിയിൽ ചാലക്കുടിയിൽ  കെ.എ. ഉണ്ണിക്കൃഷ്ണനും ഗുരുവായൂരിൽ അഡ്വ. നിവേദിത സുബ്രഹ്‌മണ്യനും വടക്കാഞ്ചേരിയിൽ അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവുമാണ് മത്സരിക്കുന്നത്.

2011-ലെ നിയമസഭ

എൽ.ഡി.എഫ്‌. - 7, യു.ഡി.എഫ്‌. - 6

കോർപ്പറേഷൻ

എൽ.ഡി.എഫ്‌. - 26, യു.ഡി.എഫ്‌. - 23, ബി.ജെ.പി. - 6

ജില്ലാപഞ്ചായത്ത്‌

എൽ.ഡി.എഫ്‌. -20, യു.ഡി.എഫ്‌. -9