ജില്ലകളിലൂടെ / തിരുവനന്തപുരം

tvmസ്ഥിരമായ രാഷ്ട്രീയാഭിമുഖ്യം ഒരു മുന്നണിയോടും പുലർത്താത്ത തലസ്ഥാനജില്ല ഇപ്രാവശ്യം ആരെ വരിക്കും? നിർണായകമായ ഈ ചോദ്യത്തിനുള്ള അനുകൂല ഉത്തരത്തിനായി മുന്നണികൾ നേരിട്ടുള്ള പോരാട്ടത്തിലേക്ക് കടന്നു. 14 മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയിൽ മൂന്നിടത്ത് ശക്തമായ ത്രികോണമത്സരമാണ്. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ക്രിക്കറ്റ്താരം എസ്. ശ്രീശാന്ത്‌ കൂടി രംഗത്തുവന്നതോടെ മത്സരത്തിന് താരപരിവേഷവും കൈവന്നു. 

നിലവിൽ യു.ഡി.എഫ്.-9, എൽ.ഡി.എഫ്.-5 എന്നിങ്ങനെയാണ് കക്ഷിനില. രാഷ്ട്രീയാഭിമുഖ്യം മാറിമറിയുന്ന ശീലം തിരുവനന്തപുരം ജില്ലയ്ക്കുണ്ട്. 1987, 1996, 2006 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജില്ലയിലെ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി. ഈ വർഷങ്ങളിൽ സംസ്ഥാനഭരണവും ഇടതുമുന്നണിക്കായിരുന്നു. ഇതേസമയം 1991, 2001, 2011 വർഷങ്ങളിൽ യു.ഡി.എഫ്. എട്ട് മുതൽ 10 സീറ്റ് വരെ ജില്ലയിൽ നേടി. ഈ വർഷങ്ങളിൽ യു.ഡി.എഫ്. സംസ്ഥാനഭരണവും പിടിച്ചു.

സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയാന്തരീക്ഷം, വികസനപദ്ധതികളുടെ നടത്തിപ്പ്, സ്ഥാനാർഥികളുടെ മികവ്, സാമുദായിക താത്പര്യങ്ങൾ എന്നിവയൊക്കെ തിരഞ്ഞെടുപ്പിനെ  ബാധിക്കുന്നുവെന്ന് ഫലം വിലയിരുത്തിയാൽ കാണാം. ഇപ്രാവശ്യം നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ സ്ഥാനാർഥിപ്രഖ്യാപനത്തിന് മുമ്പുതന്നെ മത്സരം ത്രികോണമാകുമെന്ന് ഉറപ്പിച്ചിരുന്നു. ബി.ജെ.പി.യുടെ വോട്ട് ക്രമമായി വർധിച്ച് എത്തിപ്പിടിച്ചാൽ ജയം സാധ്യമായേക്കുമെന്ന പ്രതീക്ഷ വളർന്നതാണ് ഇതിന് കാരണം.

tvmഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ബി.ജെ.പി. അവരുടെ ഏറ്റവും മികച്ച നേതാക്കളെയാണ് ഈ മണ്ഡലങ്ങളിൽ മത്സരിപ്പിക്കുന്നത്. നേമത്ത് വി. ശിവൻകുട്ടി, വി. സുരേന്ദ്രൻപിള്ള, ഒ. രാജഗോപാൽ എന്നിവരും വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, ടി.എൻ. സീമ, കുമ്മനം രാജശേഖരൻ എന്നിവരും ഏറ്റുമുട്ടുന്നു. കഴക്കൂട്ടത്ത് എം.എ. വാഹിദും കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനുമാണ് മത്സരിക്കുന്നത്. കാട്ടാക്കടയിലും ശക്തമായ പോരാട്ടത്തിനാണ് മുന്നണികൾ കോപ്പുകൂട്ടിയത്.

കോൺഗ്രസ്സിലെ എൻ.ശക്തനെതിരെ യുവനിരയിൽനിന്നുള്ള ഐ.ബി. സതീഷിനെയാണ് സി.പി.എം. രംഗത്തിറക്കിയത്. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസിനെ മത്സരിപ്പിച്ച് ബി.ജെ.പി.യും രംഗം കൊഴുപ്പിച്ചു. കെ.എം. മാണിക്കെതിരായ ആരോപണങ്ങളിലും മറ്റും ഏറ്റവും മുൻപന്തിയിൽനിന്ന് യു.ഡി.എഫിനായി വാദിച്ച ആന്റണി രാജു ഇടതുപാളയത്തിലെത്തിയത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു.

ജനാധിപത്യ കേരളാകോൺഗ്രസ്സിലൂടെയാണ് അദ്ദേഹം ഇടതുമുന്നണിയിലെത്തിയത്. അദ്ദേഹം തിരുവനന്തപുരം സീറ്റിൽ എൽ.ഡി.എഫിനായി മത്സരിക്കുന്നു. വി.എസ്.ശിവകുമാറും ശ്രീശാന്തുമാണ് എതിരാളികൾ. ഇടതുപക്ഷത്തുനിന്ന് മറ്റൊരു കേരളാകോൺഗ്രസ്സുകാരനെ മറുകണ്ടം ചാടിച്ചാണ് യു.ഡി.എഫ്. ഇതിന് പകരംവീട്ടിയത്. കേരളാ കോൺഗ്രസ് സ്കറിയാതോമസ് ഗ്രൂപ്പിൽനിന്ന് വി.സുരേന്ദ്രൻപിള്ള ജെ.ഡി.യു.വിലെത്തി. നേമത്ത് അദ്ദേഹം സ്ഥാനാർഥിയായി.

സി.ദിവാകരൻ കരുനാഗപ്പള്ളിയിൽനിന്ന് നെടുമങ്ങാട്ടേക്കെത്തിയതാണ് മറ്റൊരു വിശേഷം. ദിവാകരന്റെ പേര് സി.പി.ഐ. കൊല്ലം ജില്ലാകമ്മിറ്റിയിൽനിന്ന് നിർദേശിച്ചില്ലെങ്കിലും തിരുവനന്തപുരം ജില്ലാകമ്മിറ്റി അദ്ദേഹത്തെ നെടുമങ്ങാട്ടേക്ക് നിർദേശിക്കുകയായിരുന്നു. പാലോട് രവിയും വി.വി. രാജേഷുമാണ് എതിരാളികൾ. വർക്കലയിൽ ആനത്തലവട്ടം ആനന്ദനെ മണ്ഡലം കമ്മിറ്റിയും ജില്ലാകമ്മിറ്റിയും ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജില്ലാ പഞ്ചായത്ത് അംഗമായ വി. ജോയിക്കാണ് പാർട്ടി അവസരം നൽകിയത്.

tvmഅരുവിക്കരയിൽ എ.എ. റഷീദിനെതിരെ സി.പി.എമ്മിൽ പ്രാദേശിക എതിർപ്പുണ്ടായി. എന്നാൽ, നേതൃത്വം തീരുമാനത്തിൽ ഉറച്ചുനിന്നു. ഈ രണ്ടിടത്തും  എതിർപ്പുകൾ രമ്യതയിലാക്കാൻ സി.പി.എമ്മിന്‌ കഴിഞ്ഞു.  കോൺഗ്രസ്സിൽ സിറ്റിങ്‌ എം.എൽ.എ.മാർക്കെല്ലാം വീണ്ടും സീറ്റ് കിട്ടിയതിനാൽ യുവാക്കൾക്ക് അവസരം കുറഞ്ഞു. കോവളത്ത് എം.വിൻസന്റിനെയും ചിറയിൻകീഴിൽ കെ.എസ്. അജിത്കുമാറിനെയും പാർട്ടി രംഗത്തിറക്കി. വർക്കല, വാമനപുരം, കോവളം മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്സാണ് എൻ.ഡി.എ.യിൽനിന്ന് മത്സരിക്കുന്നത്.

ചലച്ചിത്രരംഗത്തുനിന്ന് സംവിധായകൻ രാജസേനനെ രംഗത്തിറക്കിയാണ് അരുവിക്കരയിൽ ബി.ജെ.പി. മത്സരിക്കുന്നത്. കഴിഞ്ഞപ്രാവശ്യം വർക്കല, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര(ഉപതിരഞ്ഞെടുപ്പിൽ) മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം നിന്നു. ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നേമം, കോവളം മണ്ഡലങ്ങൾ എൽ.ഡി. എഫിനൊപ്പവുമായിരുന്നു.

അരുവിക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ്. വിജയിച്ചു. ഇതേസമയം 2014-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബി.ജെ.പി. ഒന്നാംസ്ഥാനത്ത് വന്നു. ബി.ജെ.പി.ക്ക് പ്രതീക്ഷ നൽകുന്നത് ഈ കണക്കുകളാണ്. ഇതിൽത്തന്നെ 18,000-ത്തിൽപ്പരം വോട്ടുകൾ നേമത്ത് ലീഡ് ചെയ്യാനായി. വീണ്ടും ഒ.രാജഗോപാലിനെത്തന്നെ രംഗത്തിറക്കിയതും ഇത് മനസ്സിൽക്കണ്ടാണ്. tvm