തിരുവല്ല: ജോസഫ് എം. പുതുശ്ശേരിയെ തിരുവല്ലയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ കെ.എം. മാണിക്ക് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ എഴുതിയ കത്ത് പുറത്തായി. പുതുശ്ശേരിയാണ് യു.ഡി.എഫ്. സ്ഥാനാർഥിയെങ്കിൽ തിരുവല്ലയിൽ പ്രചാരണം നടത്താൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കത്തിൽ കുര്യൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ നാലാണ് കത്തിലെ തീയതി. അന്ന് വൈകീട്ടാണ് കേരള കോൺഗ്രസ് (എം) പുതുശ്ശേരി ഉൾപ്പെട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി തിരുവല്ലയിൽ പരാജയപ്പെട്ടത് പുതുശ്ശേരിയുടെ നിലപാടുമൂലമാണെന്ന് കത്തിൽ കുര്യൻ പറയുന്നു. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയെ തോല്പിച്ചയാളെ ശിക്ഷിക്കണമെന്നില്ല. പക്ഷേ, പ്രതിഫലംകൊടുക്കുന്ന സമീപനം നീതീകരിക്കാനാവില്ലെന്ന് കുര്യൻ പറയുന്നു.ഒരാഴ്ച മുമ്പ്  പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പി.ജെ കുര്യൻ ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ച ആളെ സ്ഥാനാർഥിയാക്കുന്നത് നീതിയല്ല എന്നാണ് താൻ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ചർച്ചയായതിനെ തുടർന്ന് കുര്യൻ വീണ്ടും വിശദീകരണം നൽകിയിരുന്നു. പുതുശേരിക്കെതിരെ വ്യക്തിപരമായ പ്രശ്‌നമല്ലെന്നും  ഇങ്ങനെ ആരു ചെയ്താലും തന്റെ നിലപാട് ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പരാമർശം നിർഭാഗ്യകരം- മാണി

പാലാ: പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പി.ജെ.കുര്യനെ പോലെ ഉന്നതനായ ഒരു നേതാവ് നടത്തിയ പരാമർശം നിർഭാഗ്യകരമാെണന്ന് കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി പറഞ്ഞു.ജോസഫ് എം.പുതുശ്ശേരിക്കെതിരെ പരാമർശമുള്ള കോൺഗ്രസ് നേതാവ് പി.ജെ.കുര്യന്റെ കത്തിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.എം.മാണി.

ഇതിൽ വളരെയധികം വിഷമമുണ്ട്. തിരഞ്ഞെടുപ്പിൽ പുതുശ്ശേരിയെ സഹായിക്കാനായി പി.ജെ.കുര്യൻ രംഗത്തിറങ്ങണമെന്നാണ് കേരള കോൺഗ്രസ്സിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ സഹായം പാർട്ടിക്ക് ഈ ഘട്ടത്തിൽ അനിവാര്യമാണ്. സാധാരണ രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അതത്‌ പാർട്ടികളാെണന്നും കെ.എം.മാണി പറഞ്ഞു.