പത്തനംതിട്ട: ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സി.പി.എം. പ്രവര്‍ത്തകരുെട പ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓമല്ലൂരില്‍ പ്രകടനം നടത്തി. പത്തനംതിട്ട നഗരത്തില്‍ പോസ്റ്ററുകളും പതിപ്പിച്ചു.

 

ജനകീയരായ പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് മുകളില്‍നിന്ന് കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഓമല്ലൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സാമുദായിക പരിഗണനയുടെ പേരില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചാല്‍ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരുമുള്‍പ്പെടെ 250 പേര്‍ സംഘടന വിടുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രകടനത്തിന് ഡി.വൈ.എഫ്.ഐ. സെക്രട്ടറി ബിനു പണിക്കര്‍, വിശ്വനാഥന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. ഈ സമയം അതുവഴിവന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പ്രൊഫ. ടി.കെ.ജി.നായര്‍ക്കെതിരെ പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട നഗരത്തില്‍ സേവ് സി.പി.എം. എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്ന സി.പി.എം. ജില്ലാ കമ്മിറ്റി രാജിവയ്ക്കുക, ആറന്മുളയില്‍ സി.പി.എം. നേതാക്കളുള്ളപ്പോള്‍ വീണാ ജോര്‍ജ് സ്ഥാനാര്‍ഥിയായതെങ്ങനെ.

സി.പി.എം. മൂന്നാംസ്ഥാനത്താകാതിരിക്കാന്‍ വീണാ ജോര്‍ജിനെ മാറ്റുക, വിഭാഗീയതയില്‍ മുങ്ങിയ സി.പി.എം. ജില്ലാ നേതൃത്വത്തെ തിരുത്താന്‍ സംഘടനാ നേതൃത്വം ഇടപെടുക, ജില്ലയിലെ സി.പി.എം.നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയം അന്വേഷിക്കുക എന്നിവയാണ് പോസ്റ്ററിലെ ആവശ്യങ്ങള്‍.