Pathanamthitta mapസംസ്ഥാനംതന്നെ ശ്രദ്ധിച്ച ചില തർക്കങ്ങളാണ് പത്തനംതിട്ട ജില്ലയെ തിരഞ്ഞെടുപ്പിൽ ഇക്കുറി വീണ്ടും ശ്രദ്ധയിലെത്തിച്ചത്. കോന്നിയിൽ മന്ത്രി അടൂർ പ്രകാശിനെതിരെ വി. എം. സുധീരൻ സ്വീകരിച്ച നിലപാടാണ് അവസാനനിമിഷം വരെ അനിശ്ചിതത്വംനിറച്ചത്. ഒടുവിൽ ഉമ്മൻചാണ്ടിയുടെ ശക്തമായ പിന്തുണയിൽ പ്രകാശ് എത്തി. ആറന്മുളയിൽ തർക്കം ഇടത് മുന്നണിയിലായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അയച്ച പട്ടികകൾപലവട്ടം നേതൃത്വം തള്ളി. സീറ്റിനായി പരിഗണിച്ചത്‌ ഏഴ് പേരുകൾ.

ഒടുവിൽ മാധ്യമപ്രവർത്തക വീണാ ജോർജ് സ്ഥാനാർഥിയായി. അതിനെതിരെ പാർട്ടി പ്രവർത്തകരിൽ ചിലരുടെ പ്രതിഷേധവും അച്ചടക്കനടപടിയും. എന്തായാലും കോന്നിയിൽ യു.ഡി.എഫും ആറന്മുളയിൽ ഇടതുമുന്നണിയും കാര്യങ്ങൾ ട്രാക്കിലാക്കി നീങ്ങാൻ തുടങ്ങി. അപസ്വരങ്ങൾ മെല്ലെ അടങ്ങുന്നു. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നു സീറ്റുകൾ നേടി ഇടത് മുന്നണി മേൽക്കൈ നേടിയ ജില്ലയാണിത്. റാന്നിയിൽ രാജു ഏബ്രഹാം, തിരുവല്ലയിൽ മാത്യു ടി. തോമസ്, അടൂരിൽ ചിറ്റയം ഗോപകുമാർ എന്നിവർ ഇടതുകൊടി പാറിച്ചു.

ആറന്മുളയും കോന്നിയുമാണ് ഐക്യമുന്നണിക്ക് ഒപ്പമായത്. ആറന്മുളയിൽ കെ. ശിവദാസൻ നായരും കോന്നിയിൽ അടൂർ പ്രകാശും. പക്ഷേ, 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യു.ഡി.എഫിന് പിന്തുണ നൽകി. ആന്റോആന്റണി രണ്ടാം വട്ടവും ലോക്‌സഭയിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ ഇടതുമുന്നേറ്റമാണ് കണ്ടത്. പക്ഷേ, 16-ൽ 11 സീറ്റുകളും ജില്ലാ പഞ്ചായത്തിൽ നേടിയത് യു.ഡി. എഫാണ്. നാലു നഗരസഭകളിൽ രണ്ടെണ്ണം വീതം ഇരു മുന്നണികളും സ്വന്തമാക്കി. ജില്ലയിൽ കട്ടയ്ക്കുകട്ട എന്ന മട്ടിൽ ഇരുമുന്നണികൾക്കും മേനി പറയാനുള്ള സാഹചര്യം.

പക്ഷേ, ഇരുവരെയും അമ്പരപ്പിച്ചത് ബി.ജെ.പി.യുടെ മുന്നേറ്റമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എം.ടി. രമേശ് അഞ്ചുമണ്ഡലങ്ങളിലും പതിനയ്യായിരത്തിലേറെ വോട്ടുകൾ നേടി. റാന്നി, അടൂർ എന്നിവിടങ്ങളിൽ അവരുടെ വോട്ട് ഇരുപതിനായിരം കവിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്സിനെ കൂട്ടുപിടിച്ച് അവർ മികവ് തുടർന്നു. റാന്നിയിലും തിരുവല്ലയിലും അവർ വോട്ടുശേഖരം ഇരുപതിനായിരം കടത്തി.

നിയമസഭാതിരഞ്ഞെടുപ്പിൽ കണക്കുകളെ അസ്ഥാനത്താക്കുന്നത് ഈ ഘടകമാണ്. ബി.ജെ.പി., ബി.ഡി. ജെ.എസ്. കൂട്ട് ആരെ ബാധിക്കുമെന്ന ചോദ്യം ബാക്കി. ആറന്മുളയിലും റാന്നിയിലും തിരുവല്ലയിലും ത്രികോണമത്സരത്തിന്റെ പ്രതീതിയുണ്ടായി. ആറന്മുളയിൽ കെ. ശിവദാസൻനായർ വീണ്ടും യു.ഡി. എഫിന് വേണ്ടി ജനവിധി തേടുന്നു. വീണാ ജോർജ് ഇടതുമുന്നണി സാരഥി. എം.ടി. രമേശ് എൻ.ഡി.എ. സ്ഥാനാർഥി.

കോന്നിയിൽ മന്ത്രി അടൂർ പ്രകാശ് അഞ്ചാംതവണ ജനവിധി തേടുന്നു. ഇടതുമുന്നണിക്കുവേണ്ടി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ആർ. സനൽകുമാർ മത്സരിക്കുന്നു. എൻ.ഡി. എ. സാരഥി അഡ്വ. ഡി. അശോക് കുമാർ. റാന്നിയിൽ രാജു ഏബ്രഹാം അഞ്ചാം മത്സരത്തിനാണ് ഇടത് മുന്നണി സാരഥിയാകുന്നത്. മുൻ എം.എൽ.എ., എം.സി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനാണ് യു.ഡി. എഫ്. സ്ഥാനാർഥി.

എസ്.എൻ.ഡി.പി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറാണ് ഇവിടെ എൻ.ഡി.എ. യ്ക്കുവേണ്ടി മത്സരിക്കുന്നത്.
തിരുവല്ലയിൽ മാത്യു ടി. തോമസ് വീണ്ടും ഇടതുമുന്നണി സ്ഥാനാർഥിയായി. കേരളാ കോൺഗ്രസ് മാണിഗ്രൂപ്പ് നേതാവ് ജോസഫ് എം. പുതുശ്ശേരിയാണ് ഐക്യമുന്നണിസ്ഥാനാർഥി. എൻ.ഡി. എ. സാരഥി തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്. അടൂരിൽ മുൻ ജെ.എസ്.എസ്. നേതാവ് കെ.കെ. ഷാജു കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നു.

ഇടതുമുന്നണിക്ക് വേണ്ടി ചിറ്റയം ഗോപകുമാർ രണ്ടാം മത്സരത്തിനിറങ്ങി. അഡ്വ. സുധീറാണ് എൻ.ഡി.എ. മുന്നണി സ്ഥാനാർഥി.
അടൂരിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡംഗവുമായ കെ.വി. പദ്മനാഭൻ പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിന് എതിരെ കെ.പി.സി. സി. നിർവാഹകസമിതിയംഗം പന്തളം കെ. പ്രതാപനും രംഗത്തുവന്നിട്ടുണ്ട്. തിരുവല്ലയിലും റാന്നിയിലും യു.ഡി. എഫിലുണ്ടായ അസ്വാരസ്യങ്ങൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് സീറ്റുനില

യു.ഡി.എഫ് - 11, എൽ.ഡി.എഫ് - 05

2011-ലെ നിയമസഭ

എൽ.ഡി.എഫ്‌ - 03, യു.ഡി.എഫ് - 02