പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പത്തനംതിട്ട ഇടത് മുന്നണിക്കൊപ്പം നിന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലും എല്‍ഡിഎഫ് നേടി. ശക്തമായ ഇടത് തരംഗത്തിനിടയിലും കോന്നി മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചുനിന്നു എന്നതാണ് ശ്രദ്ധേയമായ ഒരു സംഗതി. 

സ്ഥിരമായി ആരോടും മമതകാണിക്കാത്ത രാഷ്ട്രീയമാണ് പത്തനംതിട്ടയുടേത്. വിവിധ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ ജനവിധികളാണ് ഉണ്ടായിട്ടുള്ളത്. 2011 ല്‍ മൂന്ന് മണ്ഡലങ്ങളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ഇത്തവണ അവ മൂന്നും നിലനിര്‍ത്തി എന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ആറന്‍മുള മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിനെ ഇറക്കി എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. ആറന്മുളയിലെ സിറ്റിങ് എം എല്‍ എ കെ.ശിവദാസന്‍ നായരെ 7646 വോട്ടിനാണ് വീണ അട്ടിമറിച്ചത്. 64,523 വോട്ട് വീണ നേടി. 

2011 ല്‍ 6511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവദാസന്‍ നായര്‍ നിയമസഭയിലെത്തിയത്. 64,845 വോട്ട് ശിവദാസന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.സി.രാജഗോപാല്‍ അന്ന് 58,334 വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി കെ.സി.ഹരിദാസ് 10,227 വോട്ടുകളും നേടിയിരുന്നു. 

പത്തനം തിട്ടയില്‍ എന്‍ഡിഎ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലമായിരുന്നു ആറന്മുള. വിമാനത്താവള വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ഇവിടെ ബിജെപി കരുത്ത് തെളിയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി എം.ടി.രമേശ് നേടിയ ഒന്നര ലക്ഷത്തിലേറെ വോട്ടുകളില്‍ ഭൂരിഭാഗവും ആറന്മുള മണ്ഡലത്തില്‍ നിന്നുള്ളതായിരുന്നു. അതു തന്നെയാണ് എം.ടി.രമേശിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടിയത്. 

സ്വാഭാവികമായും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലമാണ് ആറന്മുള. പിന്നീട് റാന്നി, തിരുവല്ല, കോന്നി, അടൂര്‍ മണ്ഡലങ്ങളും ആ നിലയിലേക്കെത്തി. ബിജെപി-ബിഡിജെഎസ് മുന്നേറ്റമാണ് ഇടതു, വലതു മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കിയത്. പ്രതീക്ഷിച്ചതുപോലെയല്ലെങ്കിലും ജില്ലയില്‍ എന്‍ഡിഎ ശക്തമായ സാന്നിധ്യമായി മാറി. 

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനായിരവും ലോകസഭയില്‍ ഇരുപത്തിനാലായിരവും ത്രിതല തിരഞ്ഞെടുപ്പില്‍ മുപ്പത്തയ്യായിരവുമായി വോട്ടു വര്‍ധിപ്പിച്ചാണ് ആറന്മുളയില്‍ ബിജെപി മുന്നേറിയത്. അത് 37,906 വോട്ടായി ഉയര്‍ത്താന്‍ രമേശിന്റെ സ്ഥാനാര്‍ഥിത്വത്തിനായി. 

തിരുവല്ലയില്‍ സിറ്റിങ് എംഎല്‍എയായ എല്‍ഡിഎഫിലെ ജനതാദള്‍ എസിന്റെ മാത്യു ടി. തോമസാണ് വിജയിച്ചത്. എന്നാല്‍ 2011 നേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു. 10,767 വോട്ടിന്റെ ഭൂരിപക്ഷമാണ് 2011 ല്‍ മാത്യു ടി. തോമസ് നേടിയതെങ്കില്‍, ഇത്തവണ അത് 8262 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് നേടിയത് 52,522 വോട്ടുകളായുരുന്നു. 

എന്നാല്‍ ഇത്തരവണ ജോസഫ് എം പുതുശ്ശേരിയെ രംഗത്തിറക്കിയ യു.ഡി.എിന് വോട്ടുചോര്‍ച്ചയുണ്ടായി. 51,398 വോട്ടാണ് പുതുശ്ശേരിക്ക് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി 2011 ല്‍ നേടിയത് 7,656 വോട്ടായിരുന്നു. എന്നാല്‍ ഇത്തവണ ബിഡിജെഎസിനെ കൂട്ടുപിടിച്ച് എന്‍ഡിഎ മുന്നണിയായതോടെ വോട്ട് വിഹിതത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. 31,439 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് നേടി. മണ്ഡലത്തിലെ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് സാധിച്ചു എന്നര്‍ഥം.

റാന്നിയില്‍ രാജു ഏബ്രഹാം തന്നെ വീണ്ടും ജയിച്ച് കയറി. 2011 ല്‍ 6,614 വോട്ടാണ് രാജു എബ്രഹാമിന്റെ ഭൂരിപക്ഷമെങ്കില്‍ ഇത്തവണ അത് 14,596 വോട്ടായി കുത്തനെ ഉയര്‍ന്നു. മണ്ഡലത്തില്‍ രാജു ഏബ്രഹാമിന്റെ ജനപ്രീതി ഉയര്‍ന്നതായാണ് ഇത് തെളിയിക്കുന്നത്. മണ്ഡലത്തില്‍ 51,777 വോട്ടുകളാണ് യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത്. എന്നാല്‍ ഇത്തവണ മറിയാമ്മ ചെറിയാനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് വേണ്ടത്ര ഫലിച്ചില്ല എന്ന് വേണം കരുതാന്‍.  യുഡിഎഫിന് ഇത്തവണ 44,153 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

റാന്നിയില്‍ 7,442 വോട്ടുകള്‍ ബിജെപിക്ക് 2011 ല്‍ ലഭിച്ചു. ഇത്തവണ ബിഡിജെഎസിനെ കൂട്ടുപിടിച്ച് എന്‍ഡിഎ മുന്നണിയായതോടെ അത് 28201 വോട്ടുകളായി വര്‍ധിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റും മുന്‍ കെപ്കോ ചെയര്‍മാനും എസ്എന്‍ഡിപിയോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റുമായ കെ.പത്മകുമാറാണ് സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നത്. 

കോന്നിയില്‍ തുടക്കത്തിലുണ്ടായ കല്ലുകടി ഒഴിച്ചാല്‍ അടൂര്‍ പ്രകാശ് തുടര്‍ച്ചയായ നാലാംതവണയും തിരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ 7,774 വോട്ടാണ് അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം. 65,724 വോട്ടാണ് അന്ന് അടൂര്‍ പ്രകാശിന് ലഭിച്ചത്. ഇത്തവണ ഭൂരിപക്ഷം 20,748 ആയി. ഇതോടെ ഭരണവിരുദ്ധ തരംഗത്തിലും അടിത്തറ ഇളകാതെ നിന്ന കോണ്‍ഗ്രസ് മന്ത്രിയായി അടൂര്‍ പ്രകാശ്. 

കോന്നിയില്‍ രണ്ടാംസ്ഥാനത്തെത്തിയ സി.പി.എമ്മിലെ ആര്‍. സനല്‍കൂമാര്‍ 52,052 വോട്ടുനേടി. കഴിഞ്ഞ തവണ 57,950 വോട്ടാണ് ഇവിടെ എല്‍ഡിഎഫ് നേടിയത്. 5,898 വോട്ടുകള്‍ ഇടതിന് നഷ്ടമായി. അതേസമയം മണ്ഡലത്തില്‍ ബിജെപി കഴിഞ്ഞ തവണ നേടിയത് 5,994 വോട്ടാണെങ്കില്‍ ഇത്തവണ അത് 16,713 വോട്ടായി വര്‍ധിച്ചു. 10,719 വോട്ടുകള്‍ വര്‍ധിച്ചു. 

അടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറാണ് വിജയിച്ചത്. 607 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് 2011 ല്‍ ഗോപകുമാറിന് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 25,460 ആയി കുത്തനെ ഉയര്‍ന്നു. ചിറ്റയം ഗോപകുമാര്‍ മണ്ഡലത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം തന്നെയാണ് അദ്ദേഹത്തിന് ഗുണകരമായത്. 

കോണ്‍ഗ്രസ്സ് ഗ്രൂപ്പ് സംഘര്‍ഷം പതിവായ അടൂരില്‍ രണ്ട് ഗ്രൂപ്പിലും പെടാത്ത പുതിയ മുഖമെന്ന നിലയിലാണ് മുന്‍ പന്തളം എംഎല്‍എ കെ കെ ഷാജുവിനെ അടൂരില്‍ യുഡിഎഫ് ഇറക്കിയത്. എന്നാല്‍ ആ നീക്കം പിഴച്ചെന്ന് മാത്രമല്ല കഴിഞ്ഞ തവണ 62,894 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ 50,574 വോട്ടിലേക്ക് യുഡിഎഫ് ചുരുങ്ങി. 6,210 വോട്ടുകളാണ് 2011 ല്‍ ബിജെപി സ്ഥാനാര്‍ഥി കെ.കെ.ശശി നേടിയത്. ഇത്തവണ അത് 25,940 വോട്ടായി വര്‍ധിക്കുകയും ചെയ്തു. 

ജില്ലയില്‍ നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണെങ്കിലും ബിഡിജെഎസ്-ബിജെപി സഖ്യം നിര്‍ണായകമാകുന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത്. ഇരുമുന്നണികളില്‍ നിന്നും വോട്ട് ചോര്‍ത്താന്‍ എന്‍ഡിഎ സഖ്യത്തിനായി. യുഡിഎഫിനാണ് ഇത് കൂടുതല്‍ ക്ഷീണമുണ്ടാക്കിയത്.