ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പി.ക്കെതിരെ ആസൂത്രിത കുപ്രചാരണങ്ങള്‍ നടത്തി ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള. ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ സി.പി.എം. നേതാക്കളുടെ ഗൂഢാലോചനയാണ്. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ബി.ജെ.പി. മുന്നേറ്റം ഉറപ്പിച്ചത് ഇരുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കി.

ആശയപരമായ എതിര്‍പ്പുകള്‍ക്കു പകരം ഇത്തരത്തിലുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത് ജനാധിപത്യത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു മണ്ഡലത്തിലുണ്ടായ മുന്നേറ്റം മുന്നണികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.

ഇപ്പോള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ മുന്നണികള്‍ നെട്ടോട്ടത്തിലാണ്. ഈ ഘട്ടത്തിലും ബി.ജെ.പി. പ്രചാരണത്തില്‍ മുന്നേറുന്നതാണ് ഇത്തരം ഗൂഢശ്രമങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഡി. വിനോദ് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.