പത്തനംതിട്ട: ‘മോഹൻലാൽ വരുമോ, ഇല്യോ...’ എന്നത് കോട്ടയം കുഞ്ഞച്ചനിലെ ചോദ്യമാണ്. കോന്നിയിൽ കഴിഞ്ഞ മൂന്നാഴ്ചകളിൽ ഉയർന്ന ചോദ്യം അടൂർ പ്രകാശ് വരുമോ ഇല്യോ എന്നതായിരുന്നു. മോഹൻലാലിനെ പ്രതീക്ഷിച്ചിടത്ത് കൃഷ്ണൻകുട്ടിനായർ വന്നതുപോലെ ഇവിടെ സംഭവിച്ചില്ല. കാറിന്റെ ഡോർ തുറന്നല്ല, തുറന്ന ജീപ്പിൽ തന്നെ അടൂർ പ്രകാശ് എത്തി, പ്രവർത്തകരുടെ ആർപ്പുകൾക്കിടെ. ഹൈക്കമാൻഡ്‌ കനിഞ്ഞില്ലെങ്കിൽ സ്വതന്ത്രവേഷം അണിയേണ്ടി വരുമോ എന്നായിരുന്നു അനിശ്ചിതത്വത്തിന്റെ അവസാന രാത്രിയിൽ മാധ്യമങ്ങൾ ചോദിച്ചത്.

കോന്നിയിലെ ജനങ്ങൾ അങ്ങനെയും പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 12 മണിക്കൂറിനകം കോൺഗ്രസ്സിന്റെ ജഴ്‌സിയിൽത്തന്നെ പടക്കളത്തിലെത്തി. പിറ്റേന്ന് ചാനലുകൾ കോന്നിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അടൂർ പ്രകാശ് തന്റെ രക്ഷകന്റെ അടുത്തായിരുന്നു- പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കരികിൽ. പാർട്ടിയിലെ രക്ഷകന് സമീപത്തുനിന്ന് ജേതാവിനെപ്പോലെ മടങ്ങിവന്ന് പിറ്റേന്നുരാവിലെ ഉഗ്രമൂർത്തിയായ വള്ളിയാങ്കാവ് ഭഗവതിയെ തൊഴുത് ഔദ്യോഗികമായി അദ്ദേഹം തുടങ്ങി. ശത്രുക്കളാരുമില്ലെന്ന് പറയുമ്പോഴും അവിടെ ശത്രുസംഹാരം കഴിച്ചു.

 1996-ൽ കോന്നിയിൽ തുടങ്ങിയ പ്രകാശിന് ഇത് അഞ്ചാം അങ്കമാണ്. കവി കടമ്മനിട്ടയടക്കം ഒട്ടേറെ പ്രമുഖരെ വീഴ്ത്തിയുള്ള യാത്രയിൽ ഇക്കുറി മാത്രമാണ് ഇങ്ങനെയൊരു വിഘ്നം വന്നുകൂടിയത്. എതിരാളികളിൽനിന്നുപോലും പ്രകാശിന് അങ്ങനെയൊരു എതിർപ്പ് മുമ്പ് വന്നിട്ടില്ല. പാർട്ടിയുടെ കുപ്പായത്തിൽ അല്ലെങ്കിലും അദ്ദേഹത്തെതന്നെ മതിയെന്ന് പ്രവർത്തകർ ഉറപ്പിച്ചിരുന്നു. ആകെയുള്ള 11 പഞ്ചായത്തുകളിൽ ആറിലും ബൂത്ത് കൺവെൻഷനുകൾ ഡൽഹിയിൽ പച്ചക്കൊടി വീശുംമുമ്പേ  പൂർത്തിയായിരുന്നു. പാർട്ടി സംഘടനാസംവിധാനം ശക്തമായ കോന്നിയിൽ സി.പി.എമ്മിന് ഇക്കുറി ജയിക്കണം.

ജില്ലാ സെക്രട്ടേറിയറ്റംഗവും യുവനേതാവുമായ അഡ്വ. ആർ. സനൽകുമാറിനെ കളത്തിലെത്തിച്ചത് അതിനുതന്നെ. പ്രചാരണത്തിൽ അദ്ദേഹം മുന്നേറിക്കഴിഞ്ഞു. കാഴ്ചയിലും വാക്കിലും മനസ്സുകീഴടക്കിയുള്ള സനലിന്റെ യാത്രയ്ക്ക് ചെറുപ്പക്കാരുടെ വലിയൊരു സംഘം ഒപ്പമുണ്ട്. കെട്ടിവെക്കാനുള്ള പണം നൽകിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ജില്ലയിൽ അവരുടെ ആവശ്യങ്ങൾക്കു‌വേണ്ടി ഏറ്റവുമധികം പോരാടിയ നേതാവും മറ്റാരുമല്ല. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് വിദ്യാർഥിസംഘടനാ പ്രവർത്തകരും ഒപ്പമുണ്ട്.

പാർട്ടി സംസ്ഥാനനേതൃത്വംതന്നെ നിർദേശിച്ച വ്യക്തി എന്ന നിലയിൽ ഒന്നും മോശമാക്കാതെ നോക്കാൻ മുതിർന്ന നേതാക്കളും രംഗത്തുണ്ട്. 
അഡ്വ. ഡി. അശോക് കുമാറാണ് ബി.ജെ.പി. സ്ഥാനാർഥി. ജില്ലയിലെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം. ബി. ഡി.ജെ.എസ്. സഖ്യമടക്കമുള്ള ഘടകങ്ങൾ അനുകൂലമാകും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

മന്ത്രി കൊണ്ടുവന്ന നേട്ടങ്ങൾ യു.ഡി.എഫ്. പ്രചരിപ്പിക്കുമ്പോൾ സുധീരന്റെ നിലപാടുകൾ കടമെടുത്ത് പ്രകാശിനെ നേരിടാനാണ് സി.പി.എം. നീക്കം. പിടിച്ചുവാങ്ങിയ സീറ്റിൽ സ്വന്തം സ്ഥാനാർഥിയുടെ ജയം ഉറപ്പാക്കാൻ ഉമ്മൻചാണ്ടിക്കും ഇവിടെ പരീക്ഷ ബാക്കിയാണ്. മണ്ഡലത്തിൽ മെഡിക്കൽ കോളജ് കൊണ്ടുവന്നത് മന്ത്രിയായ അടൂർ പ്രകാശാണെന്നത് യു.ഡി.എഫ്. ചർച്ചയാക്കുന്നു. വിനോദസഞ്ചാരരംഗത്ത് കോന്നിക്കുണ്ടായ നേട്ടങ്ങളും നിരത്തുന്നു. 

എന്നാൽ ‘മതി, അഴിമതി’ എന്ന മുദ്രാവാക്യം ഇടതുപക്ഷം മുന്നോട്ടുവെക്കുന്നു. സ്വന്തം പാർട്ടി പ്രസിഡന്റുതന്നെ തള്ളിപ്പറഞ്ഞ ആളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നും ചോദിക്കുന്നു. മണ്ഡലത്തിലെ തോട്ടം തൊഴിലാലികൾ, കർഷക തൊഴിലാളികൾ, റബ്ബർ കൃഷിക്കാർ എന്നിവരെ മന്ത്രി തിരിഞ്ഞുനോക്കിയിെല്ലന്നും സനൽകുമാർ പ്രസംഗങ്ങളിൽ ആരോപിക്കുന്നു. സഞ്ചാരികളെല്ലാം കൊതിക്കുന്ന ആനക്കൂടും അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയുമാണ് പുറംലോകത്തിന് കോന്നിയും പത്തനംതിട്ടയും. ഇക്കുറി കോന്നിയിലെ തിരഞ്ഞെടുപ്പ് ഫലവും അതുപോലെത്തന്നെ കേരളം മുഴുവൻ കാത്തിരിക്കുന്നുണ്ട്.