കോന്നി: ഭരണപ്രതിപക്ഷ െബഞ്ചുകളിൽ സ്ഥാനംപിടിച്ചിട്ടുള്ള കോന്നിക്ക്‌ എവിടെയിരിക്കാനും ബുദ്ധിമുട്ടില്ല. 1982, 1987, 1991, 1996 തിരഞ്ഞെടുപ്പുകളിൽ കോന്നിയുടെ പ്രതിനിധി പ്രതിപക്ഷത്തായിരുന്നു. ഈ കാലയളവിൽ എൽ.ഡി.എഫും യു.ഡി.എഫും കോന്നിയിൽ നിന്ന് ജയിച്ചു. 2001ലും 2011ലും കോന്നിയുടെ പ്രതിനിധി ഭരണപക്ഷത്തായി. 1996 മുതൽ തുടർച്ചയായി കോന്നിയിൽ നിന്ന് ജയിക്കുന്നത് യു.ഡി.എഫിലെ  അടൂർ പ്രകാശാണ്. രണ്ടു തവണയായി 7 വർഷം മന്ത്രിയായി. ഭരണത്തിലിരുന്ന് കോന്നിക്ക്‌ ലഭിച്ച നേട്ടങ്ങളുമായാണ് യു.ഡി.എഫ്. വോട്ട് തേടുന്നത്. കോന്നി സീറ്റിൽ അടൂർ പ്രകാശിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ.പി.സി.സി. രംഗത്ത് വന്നത് ദിവസങ്ങൾ നീണ്ട സ്ഥാനാർത്ഥി അനിശ്ചിതത്വത്തിന് വഴിവച്ചു.  

ഇതെല്ലാം മാറി ശുഭപ്രതീക്ഷയോടെ അദ്ദേഹം വീണ്ടും ജനവിധി തേടുകയാണ് .  വിജയം തുടരാനുള്ള കഠിനപരിശ്രമത്തിലാണ് അദ്ദേഹം.  പ്രകാശിനെ തളയ്ക്കാൻ പലരെയും നോക്കി പരീക്ഷിച്ച് തോറ്റ എൽ.ഡി.എഫ്. ഇത്തവണ യുവനേതാവായ അഡ്വ. ആർ.സനൽകുമാറിനെ ഇറക്കി പയറ്റുന്നു.  എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംഘടനകളിലെ പ്രവർത്തനപാരമ്പര്യവും ബന്ധുബലവും വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നു. എൽ.ഡി.എഫ്. വോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കാനും പാർട്ടി നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.    

വോട്ടുനില 

നിയമസഭാ തിരഞ്ഞെടുപ്പ് 2011

യു.ഡി.എഫ്.-65724
എൽ.ഡി.എഫ്.-57956
ബി.ജെ.പി.-5994

പാർലമെന്റ് തിരഞ്ഞെടുപ്പ് 2014

യു.ഡി.എഫ്.-53480
എൽ.ഡി.എഫ്.-45382
ബി.ജെ.പി.-18142

പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2015
യു.ഡി.എഫ്.-61634
എൽ.ഡി.എഫ്.-59517
ബി.ജെ.പി.-17365
 

അഡ്വ. ഡി.അശോക് കുമാറിലൂടെ കോന്നി സീറ്റിൽ ജയിക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ബി.ജെ.പി.  ബി.ഡി.ജെ.എസിന്റെ പിന്തുണയുള്ളത് വോട്ട്‌ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക്‌ വോട്ടുനില കൂടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് കൂടുതൽ നേടാൻ കഴിയുമെന്നാണ് വിശ്വാസം. 11 പഞ്ചായത്തുകളാണ് കോന്നി നിയോജകമണ്ഡലത്തിലുള്ളത്. കോന്നി, പ്രമാടം, അരുവാപ്പുലം, വള്ളിക്കോട്, മൈലപ്ര, തണ്ണിത്തോട് പഞ്ചായത്തുകളിൽ യു.ഡി.എഫും ചിറ്റാർ, സീതത്തോട്, ഏനാദിമംഗലം, മലയാലപ്പുഴ, കലഞ്ഞൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫും ഭരിക്കുന്നു. 

അടൂർ പ്രകാശ്  (യു.ഡി.എഫ്.)

രാഷ്ട്രീയത്തിന് അതീതമായ വികസനം കോന്നിയിൽ കൊണ്ടുവന്നു. സർക്കാർ മെഡിക്കൽ കോളേജ്, ഇക്കോ ടൂറിസം പദ്ധതി, പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കോന്നി താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ഡിപ്പോ, മികച്ച റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതി, ലീഗൽ മെട്രോളജി ഭവൻ,  ഭൂരഹിതർക്ക് ഭൂമി,  നിർധനരായ രോഗികൾക്ക് ചികിത്സാെചലവ് തുടങ്ങിയവ നൽകി വികസനതുടർച്ചയ്ക്ക് വോട്ട് തേടുന്നു.  

ആർ.സനൽകുമാർ(എല്‍.ഡി.എഫ്. )

നിയോജകമണ്ഡലത്തിലെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ല.  കോന്നിയുടെ രാഷ്ട്രീയപാരമ്പര്യം കച്ചവടവത്കരിച്ചു. സാധാരണക്കാരുടെ കിടപ്പിടത്തിന് ഭൂമിയായില്ല. നെൽ, റബ്ബർ കർഷകരുടെ ഉന്നമനത്തിന് പദ്ധതികളില്ല. വന്യജീവികളുടെ ആക്രമണം നേരിടുന്ന മലയോര കർഷകരെ സഹായിക്കാൻ പദ്ധതിയില്ല. 20 വർഷമായി പുതിയ തൊഴിൽമേഖല നിയോജകമണ്ഡലത്തിൽ ഉണ്ടായിട്ടില്ല. 

ഡി.അശോക് കുമാർ (എന്‍.ഡി.എ)

അഴിമതിരഹിത ഭരണസംവിധാനത്തിൽ പങ്കാളിത്തം. മോദി സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ സാധാരണക്കാരിൽ എത്തിക്കുക. ഭൂരഹിതരായ ആളുകൾക്ക് ഭൂമിയും വീടും ലഭ്യമാക്കുക.  അടിസ്ഥാനവർഗത്തെ സഹായിക്കാൻ കഴിയുന്ന കേന്ദ്രസർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾക്ക് പിന്തുണ നൽകുക.

 


.