thiruvallaപോർനിലമൊരുങ്ങി / തിരുവല്ല

തിരുവല്ല: ഇല്ലെന്നോ ഉണ്ടെന്നോ പറയുന്ന ഭാവത്തിലല്ല തിരുവല്ല. എന്നത്തെയുംപോലെ എവിടേക്കും ചെരിയാമെന്ന് ധ്വനിപ്പിക്കുന്ന പ്രകൃതം. ഇടതോ, വലതോ നേടാം. എൻ.ഡി.എ. മുന്നേറിയാലും അത്ഭുതമില്ലെന്ന മട്ട്. ഹാട്രിക് നേട്ടത്തിന് അരികിലാണ് ഇടതുസ്ഥാനാർഥി മാത്യു ടി.തോമസ്. പക്ഷം മാറി മൂന്നുതവണ വിജയിച്ച പി.സി.തോമസിനെ മലർത്തിയടിച്ച് 1987ൽ മാത്യു ടി.തോമസ് തിരുവല്ലയിൽ വിജയിച്ചു. കഴിഞ്ഞ രണ്ടുതവണയും വിജയം. പാളിച്ചകളില്ലാതെയുള്ള മുന്നേറ്റത്തിന്റെ ആത്മവിശ്വാസമാണ് ഇടതുക്യാമ്പ് പങ്കുവയ്ക്കുന്നത്.

തുടക്കത്തിലുണ്ടായ പിണക്കങ്ങൾ പരിഹരിച്ചതിന്റെ ആത്മവിശ്വാസം യു.ഡി.എഫ്. സ്ഥാനാർഥി ജോസഫ് എം.പുതുശ്ശേരിക്കുണ്ട്. വിമതനീക്കങ്ങൾ തിരുവല്ലയിൽ പുത്തരിയല്ലെങ്കിലും ഇത്തവണ വലതുചേരിക്ക്‌ അനുകൂലമാകും കാര്യങ്ങളെന്ന് അവർ കരുതുന്നു. എൻ.ഡി.എ.യുടെ സ്ഥാനാർഥി ബി.ഡി.ജെ.എസ്സിന്റെ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടാണ്. കരുത്ത് തെളിയിക്കുന്ന പ്രകടനം നടത്തുമെന്നാണ് എൻ.ഡി.എ.ക്യാമ്പിന്റെ വാദം. പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റം അവർ ചൂണ്ടിക്കാട്ടുന്നു.
 

2011ൽ ഇല്ലാതായ കല്ലൂപ്പാറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ കൂട്ടിച്ചേർത്തതാണ് ഇപ്പോഴത്തെ തിരുവല്ല മണ്ഡലം. ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, പുറമറ്റം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളാണ് കല്ലൂപ്പാറയിൽനിന്ന് കൂട്ടിച്ചേർത്തത്. തിരുവല്ല നഗരസഭയും കവിയൂർ, കുറ്റൂർ, പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര എന്നീ പഴയ മണ്ഡലത്തിലെ പഞ്ചായത്തുകളും ചേരുമ്പോൾ ഇപ്പോഴത്തെ തിരുവല്ല നിയോജകമണ്ഡലമായി.

കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിൽ ബി.ജെ.പി. ഭരിക്കുന്നു എന്ന പ്രത്യേകതയുള്ള നിയോജകമണ്ഡലമാണ് തിരുവല്ല. പെരിങ്ങര, കവിയൂർ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം എന്നീ 5 പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും യു.ഡി.എഫിനാണ്. നിരണം, കടപ്ര, കുന്നന്താനം പഞ്ചായത്തുകളിൽ ഇടതുഭരണം. കല്ലൂപ്പാറയിൽ ഇടതും വലതും ഒപ്പത്തിനൊപ്പം. നിയോജകമണ്ഡലത്തിൽ ബി.ജെ.പി.യുടെ വളർച്ച ഇരുമുന്നണികളേയും ബാധിച്ചിട്ടുണ്ട്. അന്തിമഫലത്തിൽ വിജയം ആർെക്കാപ്പം എന്ന പ്രവചനം ഒത്തുവരണമെന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലാകെ 28,000ത്തിൽപ്പരം വോട്ടുകൾ ബി.ജെ.പി. നേടി. പാർലമെൻര് തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിനടുത്തും.

ഈ വളർച്ചയാണ് ഇടത്, വലത് മുന്നണികളെ ആശങ്കയിലാക്കുന്നത്. വലതുക്യാമ്പിൽ പി.ജെ.കുര്യൻ ഇടഞ്ഞതുമൂലമുണ്ടായ അസ്വസ്ഥത ചെറുതല്ല. കെ.എം.മാണിയടക്കമുള്ള നേതാക്കളെ തിരുവല്ലയിലെത്തിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കേണ്ട തരത്തിൽ കാര്യങ്ങൾ വളർന്നു. കുര്യന്റെ നിലപാട് കോൺഗ്രസ്സിനുള്ളിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കുര്യൻ ഇടഞ്ഞ് നിന്നപ്പോഴും പുതുശ്ശേരി നിശബ്ദ പ്രചാരണവുമായി മുന്നേറുകയും ചെയ്തു. പുരോഹിതമേഖലയിൽനിന്ന്‌ രാഷ്ട്രീയത്തിലേക്കെത്തിയ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ ഇമേജ് എങ്ങനെ വോട്ടാക്കാം എന്ന് എൻ.ഡി.എ. ക്യാമ്പ് ചിന്തിക്കുന്നു. ബി.ഡി.ജെ.എസ്സിന്റെ സ്‌കാഡുകൾ ബി.ജെ.പി.ക്കൊപ്പം ശക്തമായി രംഗത്തുണ്ട്.