ഇഞ്ചോടിഞ്ച്‌ - പത്തനംതിട്ട / തിരുവല്ല

തിരുവല്ല: പമ്പയും മണിമലയും ഒഴുകിനിറയുന്ന നാട്ടിൽ വോട്ടുമാപിനി കുതിക്കുന്നത് ആർക്കുവേണ്ടിയെന്ന് കാത്തിരുന്ന്‌ കാണുകതന്നെ വേണം. ഇടതുമനസ്സ് ഒളിപ്പിച്ച യു.ഡി.എഫ്. കോട്ടയെന്ന് തിരുവല്ലയ്ക്ക് പണ്ടേ  വിശേഷണമുണ്ട്. റബ്ബറിന്റെ വിലക്കുറവ് ചർച്ചയാകുന്ന മല്ലപ്പള്ളി മലയോരമേഖലയും നെല്ലും നിലവും പാരിസ്ഥികപ്രശ്നങ്ങളും നിറഞ്ഞ അപ്പർ കുട്ടനാടും ചേർന്ന് നീളത്തിൽക്കിടക്കുന്ന മണ്ഡലം. കാർഷിക പ്രശ്നങ്ങൾക്കൊപ്പം, പ്രവാസികളുടെ പ്രശ്നങ്ങളും സ്ഥാനാർഥികൾ അഭിമുഖീകരിക്കുന്നു.

തുടർച്ചയായ മൂന്നാംവിജയം ലക്ഷ്യംവെച്ചാണ് ജനതാദൾ (എസ്) സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസ് ഇടതുമുന്നണിക്കായി മത്സരിക്കുന്നത്. മാമ്മൻ മത്തായിക്കും പിന്നീട് ഭാര്യ എലിസബത്തിനുമൊപ്പം രണ്ടില ഉയർത്തിപ്പിടിച്ചുനിന്ന മണ്ഡലത്തെ പഴയപടി പാർട്ടിക്കൊപ്പം നിർത്താൻ ജോസഫ് എം. പുതുശ്ശേരിക്ക്‌  കഴിയുമെന്ന പ്രതീക്ഷയാണ് വലത് ക്യാമ്പിനുള്ളത്. ഇടതും വലതും   നേർക്കുനേർ പോരാട്ടമായിരുന്നു മുമ്പുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ തിരുവല്ലയിൽ.

ഇതാദ്യമായി ബി.ജെ.പി.സഖ്യത്തെ ഒഴിവാക്കി വിലയിരുത്തലുകൾ പറ്റില്ലെന്ന പ്രതീതി ഉളവാക്കി ഇത്തവണ ത്രികോണപ്പോരിന് തുടക്കമിട്ടിരിക്കുകയാണ് എൻ.ഡി.എ. സ്ഥാനാർഥി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്.
പ്രചാരണം ആദ്യഘട്ടം മുറുകിയസമയത്ത് യു.ഡി.എഫ്. ക്യാമ്പിൽ അനൈക്യം അങ്കലാപ്പുണ്ടാക്കിയിരുന്നു. എതിർപ്പുയർത്തിയവർപോലും പുതുശ്ശേരി ജയസാധ്യതയില്ലാത്ത ആളാണെന്ന് വാദിച്ചിരുന്നില്ല. ബാർക്കോഴ കത്തിനിന്നപ്പോൾ ചാനലുകളിൽ പാർട്ടി ഇമേജിനായി പോരാടിയ പുതുശ്ശേരിയെ കൈവിടാൻ കേരളാ കോൺഗ്രസ് നേതൃത്വത്തിന് ആകുമായിരുന്നില്ല.

പത്രികാസമർപ്പണത്തിന് മുമ്പുതന്നെ എല്ലാപ്രശ്നവും പരിഹരിച്ചത് നേട്ടമാക്കി പുതുശ്ശേരി പ്രചാരണരംഗത്ത് നിറയുന്നു. 2011-ൽ മണ്ഡല പുനഃക്രമീകരണത്തോടെ ഇല്ലാതായ കല്ലൂപ്പാറയിൽനിന്നാണ് മുമ്പ് പുതുശ്ശേരി മത്സരിച്ചുവിജയിച്ചിരുന്നത്. കല്ലൂപ്പാറയുടെ അഞ്ചുപഞ്ചായത്തുകൾ തിരുവല്ല മണ്ഡലത്തിലായി. മൂന്നുതവണ കല്ലൂപ്പാറയുടെ സാമാജികനായിരുന്നു പുതുശ്ശേരി.

സമ്പൂർണ വൈദ്യുതീകരണമടക്കം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നടപടികൾ കല്ലൂപ്പാറയിലെത്തിച്ചതിന്റെ െക്രഡിറ്റ് പുതുശ്ശേരിക്കുണ്ട്. തിരുവല്ല നഗരത്തിന് കിഴക്കോട്ടുള്ള പഞ്ചായത്തുകളിൽ വോട്ടുകൂട്ടാൻ പുതുശ്ശേരിയുടെ ഇമേജിനുകഴിയുമെന്നാണ് യു.ഡി.എഫ്. നേതാക്കളുടെ പ്രതീക്ഷ. 

1987-ൽ നാലാംവിജയം തേടി തിരുവല്ലയിലിറങ്ങിയ പി.സി. തോമസിനെ മലർത്തിയടിച്ചാണ് യുവാവായ മാത്യു ടി. തോമസ് കേരള രാഷ്ട്രീയത്തിൽ വരവറിയിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ മാമ്മൻ മത്തായിലൂടെ കേരളാ കോൺഗ്രസ് (എം.) തിരുവല്ല തിരിച്ചുപിടിച്ചു. അപ്പർ കുട്ടനാട്ടിലെ പഞ്ചായത്തുകളായിരുന്നു മാമ്മൻ മത്തായിക്ക് വിജയമൊരുക്കിയത്. പിന്നീട് അല്പകാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന്‌ മാത്യു ടി. തോമസ്‌  അകന്നു. 2006-ൽ വീണ്ടും പോരിനിറങ്ങി വിജയംനേടി. 2011-ലും ആവർത്തിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി.

മന്ത്രിയായിരിക്കെ തിരുവല്ലയ്ക്ക് സമ്മാനിച്ച ബസ് ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്സാണ് വികസനപാതയിലെ പ്രധാന ഏട്. ഇടതുമുന്നണിയിലെ ഘടകകക്ഷിനേതാവെന്ന നിലയിലും മാത്യു ടി. തോമസിന് ഈ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ബി.ജെ.പി.യുടെ വളർച്ചയാണ് തിരുവല്ലയിലെ ചർച്ചകളിൽ പ്രധാനം. മണ്ഡലത്തിലെ രണ്ടുപഞ്ചായത്തുകളിൽ ബി.ജെ.പി. ഭരിക്കുന്നു. നഗരസഭയടക്കം തദ്ദേശസ്ഥാപനങ്ങളിൽ 34 അംഗങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ 28,500-ഓളം വോട്ടുകൾ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 7656 വോട്ടിൽനിന്നുമാണ് ഈ വളർച്ച. മിസ്ഡ് കോൾ അടിച്ച് അംഗത്വംനേടിയ 22,000 പ്രവർത്തകരുണ്ടെന്ന് ബി.ജെ.പി. കണക്ക് നിരത്തുന്നു. 60 ശതമാനത്തോളം ഹിന്ദുക്കൾ ഉള്ളതാണ് മണ്ഡലം. കൂടുതൽ വോട്ടുകൾ നായർ വിഭാഗത്തിനാണ്. രണ്ടാംസ്ഥാനത്ത് ഈഴവരും പിന്നെ ഓർത്തഡോക്സ് വിഭാഗവും. മാർത്തോമ സഭാ വിശ്വാസികളാണ് നാലാമത്. 

പെരിങ്ങര, കവിയൂർ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം എന്നീ അഞ്ചുപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും യു.ഡി.എഫിനാണ്. മല്ലപ്പള്ളിയും ആനിക്കാടും പുറമറ്റവും പഴയ കല്ലൂപ്പാറയുടേതാണ്. നിരണം, കടപ്ര, കുന്നന്താനം പഞ്ചായത്തുകളിൽ മാത്രമാണ് ഇടതുഭരണം. കല്ലൂപ്പാറയിൽ ഇടതും വലതും ഒപ്പത്തിനൊപ്പം.

കുറ്റൂരും നെടുമ്പ്രവും ബി.ജെ.പി. ഭരിക്കുന്നു. മാത്യു ടി. തോമസ് വിജയിച്ച കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകൾക്കിടയിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. സ്ഥാനാർഥി പതിനായിരത്തിലധികം വോട്ടുകളാണ് മണ്ഡലപരിധിയിൽനിന്ന്‌ നേടിയത്.

മുനിസിപ്പാലിറ്റിയിൽ ഇടയ്ക്ക് ഇടതുഭരണം വന്നെങ്കിലും സ്വതന്ത്രരെയും ബി.ജെ.പി.യെയും കൂട്ടുപിടിച്ചുള്ള രാഷ്ട്രീയനീക്കമായിരുന്നു നടന്നത്. പഞ്ചായത്തുകളിലും യു.ഡി.എഫ്.തന്നെ മേൽക്കൈ നിലനിർത്തി. തിരുവല്ലയുടെ അപ്രവചനീയസ്വഭാവമാണ് തിരഞ്ഞെടുപ്പിൽ ഇത്തവണയും രസമാപിനി ഉയർത്തിനിർത്തുന്നത്.