പോർനിലമൊരുങ്ങി -അടൂർ

electionപത്തനംതിട്ട: ഭരണകക്ഷിക്കാരെ മാത്രം ജയിപ്പിച്ചിരുന്ന അടൂർ 96ലാണ് ആ രീതി മാറ്റിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെ. അന്ന് അദ്ദേഹം രണ്ടാം ജയം നേടി.  തുടർച്ചയായ നാല് ജയം നേടി അദ്ദേഹം മണ്ഡലം വിട്ടതോടെ കളം മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം ചിറ്റയം ഗോപകുമാറിലൂടെ ഇടതിനെ വരിച്ചു.  ഇക്കുറി വിജയം ആവർത്തിക്കും എന്ന രീതിയിലാണ് ചിറ്റയത്തിന്റെ പ്രചാരണം. എന്നാൽ മണ്ഡലം കോൺഗ്രസ് ക്യാമ്പിൽ എത്തിക്കാനാകുമെന്നാണ് കെ.കെ. ഷാജുവിന്റെ വാദം. ബി.ജെ.പി. സ്ഥാനാർഥി അഡ്വ. സുധീറാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റം തുടരും എന്ന വാശിയോടെ.

അടൂർ, പന്തളം നഗരസഭകൾ അടൂർ നിയമസഭാ മണ്ഡലത്തിലുണ്ട്. ജില്ലയിൽ രണ്ട് നഗരസഭകൾ ഉൾപ്പെട്ട ഏക മണ്ഡലവും ഇത് തന്നെ. ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട്, കൊടുമൺ, പന്തളം തെക്കേക്കര, തുമ്പമൺ എന്നിവയാണ് പഞ്ചായത്തുകൾ. ഇതിൽ തുമ്പമൺ ഒഴികെ എല്ലാ പഞ്ചായത്തുകളും ഇടത് മുന്നണിയാണ് ഭരിക്കുന്നത്. രണ്ട് നഗരസഭകളും കൊടുമൺ, ഏനാത്ത്, പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇടത് മുന്നണി ജയിച്ചു. രാഷ്ട്രീയമായി അവർ ഒരു പടിമുന്നിലാണെന്ന് പറയാം.

കോൺഗ്രസിലെ അനൈക്യമാണ് യു.ഡി.എഫിന് കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി വിനയാകുന്നത്. അത് മാറ്റാനാകുമോ എന്നതാണ് അടൂരിലെ ഫലത്തിൽ നിർണായകമാവുക. ഇക്കുറി കെ.കെ. ഷാജുവിനെ സ്ഥാനാർഥിയാക്കിയതിന് എതിരെ പന്തളം പഞ്ചായത്ത് പ്രസിഡന്റ് പന്തളം പ്രതാപനും മുൻ ദേവസ്വം ബോർഡംഗം കെ.വി. പത്മനാഭനും രംഗത്ത് വന്നിരുന്നു. പത്മനാഭൻ വിമതനായി മൽസരിക്കും എന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്നാണ് കെ.പി.സി.സി. സെക്രട്ടറി പഴകുളം മധു പറഞ്ഞത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ നേട്ടവും യു.ഡി.എഫ്.അവഗണിച്ചു എന്നദ്ദേഹം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം തുടരുമെന്ന് അവർ കണക്കുകൾ നിരത്തുന്നു. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളും ആർ.എസ്.എസ്. നടത്തുന്ന ചിട്ടയായ പ്രവർത്തനവുമാണ് അഡ്വ. സുധീറിന്റെ നേട്ടം.