കൊല്ലം: ഇടതുമുന്നണി അനുവദിച്ച ചവറ മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ചവറ വിജയന്‍ പിള്ളയെ സ്ഥാനാര്‍ഥിയായി സി.എം.പി. പ്രഖ്യാപിച്ചു. ശനിയാഴ്ച കൊല്ലത്ത് ചേര്‍ന്ന പാര്‍ട്ടി പി.ബി., സംസ്ഥാനസമിതി യോഗങ്ങള്‍ക്കുശേഷം ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷനാണ് പ്രഖ്യാപനം നടത്തിയത്.

ഏകകണ്ഠമായിരുന്നു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷമായി പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. അതിനാല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിജയന്‍ പിള്ളയ്ക്ക് അരവിന്ദാക്ഷന്‍ പാര്‍ട്ടി അംഗത്വം നല്‍കി. 

 ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും ജില്ലാ സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റുമാണ് വിജയന്‍ പിള്ള. മുമ്പ് ആര്‍.എസ്.പി. ജില്ലാ കമ്മിറ്റി അംഗവും 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗവുമായിരുന്നു.
 സി.പി.എം. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയെ സി.എം.പി.യുടെ പേരില്‍ അവതരിപ്പിക്കുകയാണെന്ന്് ആരോപണമുയര്‍ന്നിരുന്നു.