തിരുവല്ല: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം കുറിച്ച് അധികാരത്തില്‍ വന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ചെങ്കൊടി പിടിച്ച് തിരുവല്ലയും ഭരണ പക്ഷത്തിരുന്നു. കഴിഞ്ഞ നിയമസഭയിലും തിരുവല്ലയുടെ പ്രതിനിധി ഇടത്തുനിന്നായിരുന്നു. പക്ഷെ ഇതിനിടയില്‍ ഏറിയ കാലവും വലതുപക്ഷ രാഷ്ട്രീയം തിരുവല്ലയുടെ മണ്ണില്‍ വിളഞ്ഞു. നെല്‍കര്‍ഷകര്‍ നിറഞ്ഞ പഴയ തിരുവല്ല മണ്ഡലം കേരള കോണ്‍ഗ്രസ് മിക്കപ്പൊഴും കുത്തകയാക്കി വച്ചു. മണ്ഡലത്തില്‍ എം.എല്‍.എ. കസേരയില്‍ പതിറ്റാണ്ട്് പിന്നിട്ട മൂന്ന് പേരില്‍ ഇ.ജോണ്‍ ജേക്കബും മാമ്മന്‍ മത്തായിയും കേരള കോണ്‍ഗ്രസ്സുകാരായിരുന്നു. മൂന്നാമന്‍ ഇപ്പോഴത്തെ എം.എല്‍.എ മാത്യു ടി.തോമസും. മൂന്ന് തവണ വിജയിച്ചെങ്കിലും പി.സി.തോമസിന് 10 വര്‍ഷം തികയ്ക്കാനായിരുന്നില്ല. മന്ത്രിയായിരിക്കെ ഇ.ജോണ്‍ ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജനതാപാര്‍ട്ടിയിലൂടെ പി.സി.തോമസ് വിജയക്കൊടി പാറിക്കുന്നത്. 1982ല്‍ ജനത വിട്ട് വലതുപക്ഷത്തേക്കുമാറിയ പി.സി.തോമസ് ജനതാ പാര്‍ട്ടിയിലെ ഉമ്മന്‍ തലവടിയെ പരാജയപ്പെടുത്തി. 87ല്‍ പി.സി.യെ മലര്‍ത്തിയടിച്ച് യുവാവായ മാത്യു ടി.തോമസ് ജനതാ പാര്‍ട്ടിയുടെ കൊടി വീണ്ടും തിരുവല്ലയില്‍ പാറിച്ചു.

തിരുവല്ല കണ്ട ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നായിരുന്നു അത്. മാത്യു ടി.യെ കുതിക്കാന്‍ അനുവദിക്കാതെ ചാത്തങ്കരിക്കാരന്‍ മാമ്മന്‍ മത്തായിയെ കേരള കോണ്‍ഗ്രസ് കളത്തിലിറക്കി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നുമാണ് മാമ്മന്‍ മത്തായി പോരിനിറങ്ങിയത്. അപ്പര്‍കുട്ടനാട്ടിലെ വോട്ടുകള്‍ പെട്ടിയിലാക്കി മാമ്മന്‍ മത്തായി ജയിച്ചുകയറി. വീണ്ടും കേരള കോണ്‍ഗ്രസ് മണ്ഡലമായി മാറിയ തിരുവല്ല 2003ല്‍ മാമ്മന്‍ മത്തായിയുടെ അപ്രതീക്ഷിത വിയോഗത്തിലും രണ്ടില വിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ മാമ്മന്‍ മത്തായിയുടെ ഭാര്യ എലിസബത്ത് വിജയിച്ചുകയറി. 91ല്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന മാത്യു ടി.തോമസ് 2006ല്‍ വീണ്ടും ഗോദയിലിറങ്ങി. മാമ്മന്‍ മത്തായിയുടെ പിന്‍ഗാമിയായി പെരിങ്ങര പഞ്ചായത്തിലും നെല്‍ കര്‍ഷകര്‍ക്കിടയിലും പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന സാം ഈപ്പന്‍ സീറ്റിനെ ചൊല്ലിയിടഞ്ഞ് വിമതനായി. ത്രികോണ മത്സരത്തില്‍ മാണി കോണ്‍ഗ്രസ്സിലെ വിക്ടര്‍ ടി.തോമസ് വീണു. 2011ലും മുന്നണി സ്ഥാനാര്‍ഥികളും ഫലവും മാറിയില്ല. എല്‍.ഡി.എഫ് ലീഡ് പതിനായിരവും കടന്നു. ജോസഫ് എം.പുതുശ്ശേരിക്ക് സീറ്റ് നല്‍കാതിരുന്നത് വിവാദമാവുകയും ചെയ്തു.

പുനഃക്രമീകരിച്ച തിരുവല്ല

2011ല്‍ ഇല്ലാതായ കല്ലൂപ്പാറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോഴത്തെ തിരുവല്ല മണ്ഡലം. ചരിത്രം പറയുമ്പോള്‍ 2011ന് മുമ്പുള്ളതും അതിന് ശേഷമുള്ള മണ്ഡലവും എന്നതരത്തില്‍ കാണേണ്ടി വരും. ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, പുറമറ്റം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളാണ് കല്ലൂപ്പാറയില്‍ നിന്ന് കൂട്ടിച്ചേര്‍ത്തത്. തിരുവല്ല നഗരസഭയും, കവിയൂര്‍, കുറ്റൂര്‍, പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര എന്നീ പഴയമണ്ഡലത്തിലെ പഞ്ചായത്തുകളും ചേരുമ്പോള്‍ ഇപ്പോഴത്തെ തിരുവല്ല നിയോജകമണ്ഡലമായി. അപ്പര്‍കുട്ടനാട് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പഞ്ചായത്തുകളില്‍ നെല്‍കൃഷിയും മല്ലപ്പള്ളിയും മറ്റുമുള്‍പ്പെടുന്ന കിഴക്കന്‍ പഞ്ചായത്തുകളില്‍ റബ്ബറും കൃഷി ചെയ്യുന്നു. മലനാടും ഇടനാടും ചേരുന്ന ഭൂമിശാസ്ത്രം. ഫ്‌ളാറ്റ് നിറഞ്ഞ തിരുവല്ല നഗരവും ഒറ്റമുറി കര്‍ഷക കോളനികളുമുള്ള ഗ്രാമങ്ങളും സാമ്പത്തിക ശാസ്ത്രത്തിന്റെ ഇരുപുറങ്ങളിലായി ഇവിടുണ്ട്

ഇത്തവണ ത്രികോണപ്പോര്?

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയും വരെ തിരുവല്ലയില്‍ പ്രധാന കക്ഷികളുടെ ത്രികോണ മത്സരത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നിട്ടില്ല. ബി.ജെ.പിയുടെ വളര്‍ച്ചയാണ് ഇത്തവണ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത്. രണ്ട് പഞ്ചായത്തുകള്‍ ബി.ജെ.പി. ഭരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ത്രികോണപ്പോരിന് കളമൊരുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. തിരുവല്ലയില്‍ 65.56 ശതമാനം വോട്ടിങ്ങ് നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 126642 പേരാണ് വോട്ട് ചെയ്തത്. മണ്ഡലം ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തവണ ബി.ജെ.പി 28000ല്‍ പരം വോട്ടുകള്‍ നേടി. 33 ജനപ്രതിനിധികള്‍. കഴിഞ്ഞ തവണ ഇത് 16 ആയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19800ഓളം വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ട് ഇത്തവണ മുപ്പതിനായിരം കടന്നാല്‍ ത്രികോണ മത്സര സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. പഞ്ചായത്തുകളുടെ കണക്കെടുപ്പില്‍ ഇപ്പോള്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. പെരിങ്ങര, കവിയൂര്‍, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം എന്നീ 5 പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും യു.ഡി.എഫിനാണ്. നിരണം, കടപ്ര, കുന്നന്താനം പഞ്ചായത്തുകളില്‍ ഇടതുഭരണം. കല്ലൂപ്പാറയില്‍ ഇടതും വലതും ഒപ്പത്തിനൊപ്പം. കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളില്‍ ബി.ജെ.പിയും.

തിരുവല്ല ഇടതിനൊപ്പം കഴിഞ്ഞ രണ്ടുതവണയും നിന്നപ്പൊഴും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ.എല്‍.ഡി.എഫ് ഇത്തവണയും മാത്യു ടി.തോമസിനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. മറ്റ് പേരുകള്‍ കേള്‍ക്കുന്നില്ല. യു.ഡി.എഫില്‍ സീറ്റ് വച്ചുമാറ്റം നടക്കില്ലെന്ന് പ്രാദേശിക നേതാക്കള്‍ ഉറപ്പിച്ചിട്ടുണ്ട്. ജോസഫ് എം.പുതുശ്ശേരി, വിക്ടര്‍ ടി.തോമസ്, മനോജ് മാത്യു തുടങ്ങിയ പേരുകള്‍ കേള്‍ക്കുന്നു. പുതുശ്ശേരിക്കാണ് മുന്‍ഗണന. ബി.ജെ.പിയില്‍ യോഗക്ഷേമസഭ മുന്‍ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെയും,സംസ്ഥാന ട്രഷറര്‍ കെ.ആര്‍.പ്രതാപചന്ദ്ര വര്‍മ്മയുടേയും പേരുകളാണ് കേള്‍ക്കുന്നത്. ബി.ജെ.ഡി.എസ്സിന് മണ്ഡലം നല്‍കേണ്ടി വന്നാലും അക്കീരമണിന് അനുകൂലമായിരിക്കും.