കോഴഞ്ചേരി: പൈതൃകവും സംസ്‌കാരവും സാഹിത്യവും ഒന്നുചേര്‍ന്ന ആറന്മുള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഏറെ വേരോട്ടമുള്ള മണ്ണാണ്.ആറന്മുള ഉത്രട്ടാതി ജലമേള, മാരാമണ്‍ കണ്‍െവന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, മൂലൂര്‍ സ്മാരകം, ഇലന്തൂര്‍ ഗാന്ധിപ്രസ്ഥാനം, ഓമല്ലൂര്‍ വയല്‍വാണിഭം തുടങ്ങി സാംസ്‌കാരികമായി ഏറെ പാരമ്പര്യമുള്ള ആറന്മുളയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരങ്ങളും ഏറെ കനത്തതാണ്.

1957ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മാലേത്ത് ഗോപിനാഥപിള്ള വിജയിച്ചതോടെയാണ് മണ്ഡലം രാഷ്ട്രീയശ്രദ്ധ ആകര്‍ഷിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മന്നത്ത് പദ്മനാഭന്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, ഓമല്ലൂര്‍ തുടങ്ങി സമീപമണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ ഗോപിനാഥപിള്ള ഇവിടെ വിജയക്കൊടി നാട്ടി. 

1960ല്‍ ഗോപിനാഥപിള്ള വിജയം ആവര്‍ത്തിച്ചു. 1965ല്‍ കേരള കോണ്‍ഗ്രസിലെ എന്‍.ഭാസ്‌കരന്‍ നായര്‍ വിജയിച്ചു. 1967ല്‍ ഇടതുമുന്നണിയുടെ പഴയ രൂപമായ സപ്തകക്ഷി മുന്നണിയിലെ പി.എന്‍.ചന്ദ്രസേനന്‍ വിജയിച്ചു. 1965ലും 67ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തിരു-കൊച്ചിയിലെ ശക്തനായ രാഷ്ട്രീയനേതാവായിരുന്ന കളത്തില്‍ വേലായുധന്‍ നായരുടെ രാഷ്ട്രീയ അസ്തമയം കൂടിയായി ഈ തിരഞ്ഞെടുപ്പ്. 1970ല്‍ ചന്ദ്രസേനന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി വീണ്ടും വിജയിച്ചു.

1977ല്‍ മൂന്നാമങ്കത്തിനിറങ്ങിയ ചന്ദ്രസേനന്‍ കോണ്‍ഗ്രസിലെ എം.കെ.ഹേമചന്ദ്രനോട് പരാജയപ്പെട്ടു. 1980ല്‍ കോണ്‍ഗ്രസ്(ഐ) യിലെ കെ.കെ.ശ്രീനിവാസന്‍ വിജയിച്ചു. 1982ലും 1987ലും വിജയം ആവര്‍ത്തിച്ച ശ്രീനിവാസന്‍ ആറന്മുളയിലെ ഏക ഹാട്രിക്ക് വിജയം സ്വന്തമാക്കി. 1991ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പി.യിലെ ആര്‍.രാമചന്ദ്രന്‍ നായര്‍ വിജയിച്ചതോടെ മണ്ഡലം യു.ഡി.എഫ്. കുത്തകയാെണന്ന് വിലയിരുത്തപ്പെട്ടു. 1996ല്‍ കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് അട്ടിമറിക്ക് ആറന്മുള സാക്ഷ്യംവഹിച്ചു. 

കേരളരാഷ്ട്രീയത്തിലെ ഒറ്റയാന്‍ എം.വി.രാഘവനെ തിരഞ്ഞെടുപ്പുവേദിയിലെ പുതുമുഖമായ കടമ്മനിട്ട രാമകൃഷ്ണന്‍ പരാജയപ്പെടുത്തി. രാഘവന്റെ ആദ്യ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു ആറന്മുളയിലേത്. 2001ല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍മാറ്റി വന്ന മാലേത്ത് സരളാദേവി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വിജയിച്ച് മണ്ഡലം യു.ഡി.എഫ്. പക്ഷത്താക്കി. 2006ല്‍ സി.പി.എമ്മിലെ കെ.സി.രാജഗോപാല്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലം എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചു. 

ഡി.ഐ.സി. സ്ഥാനാര്‍ത്ഥിയായ സരളാദേവിക്കൊപ്പം കോണ്‍ഗ്രസിലെ കെ.ആര്‍.രാജപ്പന്‍ മത്സരിച്ചത് യു.ഡി.എഫിന്റെ വന്‍ പരാജയത്തിന് കാരണമായി. മണ്ഡലം പുനര്‍നിര്‍ണയശേഷം 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. കെ.ശിവദാസന്‍ നായര്‍ വിജയിച്ച് മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കി. പഴയ ആറന്മുള മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന മുളക്കുഴ, അയിരൂര്‍ പഞ്ചായത്തുകള്‍ ഇതില്‍നിന്ന് നീക്കുകയും പഴയ പത്തനംതിട്ട മണ്ഡപത്തില്‍പ്പെട്ട മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, നാരങ്ങാനം, ഇലന്തൂര്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര, പത്തനംതിട്ട നഗരസഭ എന്നിവയും പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ ഇരവിപേരൂരും ആറന്മുളക്കൊപ്പം ചേര്‍ത്തു. 

പഴയ ആറന്മുള മണ്ഡലത്തില്‍പ്പെട്ട കോയിപ്രം, തോട്ടപ്പുഴശ്ശേരി, ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകള്‍കൂടി ചേര്‍ന്നതോടെ ജില്ലയിലെ ഏറ്റവും വലിയ നിയോജകമണ്ഡലം എന്ന ഖ്യാതിയും ആറന്മുള നേടി. യു.ഡി.എഫും എല്‍.ഡി.എഫും കനത്ത പോരാട്ടം നടത്തിയിട്ടുള്ള ആറന്മുളയില്‍ ഇക്കുറി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രസ്റ്റീജ് മണ്ഡലങ്ങളിലൊന്നായി ബി.ജെ.പി. ആറന്മുളയെ പരിഗണിക്കുന്നു. 

2006ല്‍ 6250വോട്ട് നേടിയ ബി.ജെ.പി. 2011ല്‍ 10227 വോട്ടായി വര്‍ദ്ധിപ്പിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 23771 വോട്ട് ബി.ജെ.പി. നേടിയത് രാഷ്ട്രീയനിരീക്ഷകരെപ്പോലും അമ്പരപ്പിച്ചു. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഭേദപ്പെട്ട പ്രകടനമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. ആറന്മുളയിലുള്‍പ്പെട്ട കോയിപ്രം, കോഴഞ്ചേരി, ഇലന്തൂര്‍, കുളനട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫ്. വിജയിച്ചു. മണ്ഡലത്തിലെ ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പന്തളം ബ്ലോക്ക് എല്‍.ഡി.എഫും വിജയിച്ചു.

പത്തനംതിട്ട നഗരസഭ, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകള്‍ യു.ഡി.എഫ്. നേടി. കോഴഞ്ചേരി, മെഴുവേലി, ആറന്മുള, നാരങ്ങാനം, ഓമല്ലൂര്‍, ഇരവിപേരൂര്‍, പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. വിജയിച്ചു. കുളനടയില്‍ 7 സീറ്റ് നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് സ്വതന്ത്രയെ പിന്തുണച്ച് പ്രസിഡന്റാക്കി. മല്ലപ്പുഴശേരിയില്‍ യു.ഡി.എഫിലെ തര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫ്. ഘടകക്ഷി പ്രതിനിധി എല്‍.ഡി.എഫ്. പിന്തുണയോടെ ഇവിടെ പ്രസിഡന്റായി.

നഗരസഭ അടക്കം 207 തദ്ദേശ വാര്‍ഡുകളില്‍ യു.ഡി.എഫ്.- 88, എല്‍.ഡി.എഫ്.- 76, ബി.ജെ.പി.- 33, സ്വതന്ത്രര്‍- 10 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് മുന്നണികളും ഈ കണക്കുകള്‍ വച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. യു.ഡി.എഫില്‍ സിറ്റിങ് എം.എല്‍.എ. അഡ്വ. കെ.ശിവദാസന്‍ നായര്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍രാജിന്റെ പേരും പരിഗണനയിലുണ്ട്. ഡി.സി.സി. വൈസ് പ്രസിഡന്റും മുന്‍ നഗരസഭാ ചെയര്‍മാനുമായ സുരേഷ്‌കുമാര്‍ പരിഗണനാ പട്ടികയിലുണ്ട് എന്ന് സൂചനയുണ്ട്. 

എല്‍.ഡി.എഫ്. സി.പി.എമ്മിലെ ജില്ലാ സെക്രട്ടേറിയറ്റംഗം ബാബു കോയിക്കലേത്ത്, ഡോ. ജേക്കബ് ജോര്‍ജ് എന്നിവരെ പരിഗണിക്കുന്നതായി അറിയുന്നു. ബി.ജെ.പി. ജില്ലക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പരിഗണിച്ചെങ്കിലും അതില്‍ മാറ്റം വരുത്തിയതായി പറയുന്നു. എ.ജി.ഉണ്ണികൃഷ്ണന്‍, ഷാജി നായര്‍, ബി.ഡി.ജെ.എസിലെ കെ.പദ്മകുമാര്‍, പി.സി.തോമസ് വിഭാഗം നേതാവ് അഡ്വ. മാത്യു പി. എന്നീ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. മണ്ഡലം വിസ്തൃതിയില്‍ ഒന്നാമത് നില്‍ക്കുന്ന മണ്ഡലത്തില്‍ കനത്ത പോരാട്ടത്തിനുള്ള അണിയറനീക്കങ്ങളിലാണ് മൂന്ന് മുന്നണികളും.