പത്തനംതിട്ട: ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറന്മുളയുടെ മണ്ണില്‍ നടക്കുന്നത്. ജില്ലയില്‍ ത്രികോണ മത്സരത്തിന്റെ എല്ലാ സന്നാഹങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. 2006ലും 2011ലും ഇവിടെനിന്നു ജയിച്ച കെ.ശിവദാസന്‍ നായര്‍ മൂന്നാം മത്സരത്തിനാണ് യു.ഡി.എഫ്. ടിക്കറ്റില്‍ വീണ്ടും ഇറങ്ങുന്നത്. മണ്ഡലം പിടിച്ചെടുക്കാന്‍ ഇടത് മുന്നണി ഏറെ ആലോചിച്ച് ഇറക്കിയത് മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനെ. അവര്‍ സി.പി.എം. ചിഹ്നത്തിലാണ് മത്സരിക്കുക. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ 1.40ലക്ഷം വോട്ടു സ്വരൂപിച്ച എം.ടി. രമേശിനെയാണ് എന്‍.ഡി.എ. കളത്തില്‍ എത്തിച്ചത്. എല്ലാവരും തികഞ്ഞ പ്രതീക്ഷയില്‍. മൂന്നു കൂട്ടര്‍ക്കും  ഒറ്റനോട്ടത്തില്‍ ഒരു പ്രതീക്ഷ നല്‍കുന്ന അവസ്ഥയാണിവിടെ.

സ്ഥാനാര്‍ഥികള്‍ മൂവരും മണ്ഡലത്തില്‍ ഒരുവട്ടം പര്യടനം പൂര്‍ത്തിയാക്കി അടുത്ത യാത്രകളിലേക്ക് കടന്നു. പ്രാഥമിക തലത്തില്‍ പ്രവര്‍ത്തക യോഗങ്ങളും കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി  ഔദ്യോഗിക പര്യടനത്തിന് സജ്ജമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ എത്തി പ്രവര്‍ത്തനം വിലയിരുത്തി എന്നതും മൂന്ന് കൂട്ടര്‍ക്കും എടുത്തുപറയാം. വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തകന്മാരുമായി സംസാരിച്ചാണ് യു.ഡി.എഫ്. സന്നാഹം ഒരുക്കിയത്. യു.ഡി.എഫ്.യോഗത്തില്‍ വ്യക്തികളെ പ്രത്യേകംകണ്ട് ചുമതല ഏല്പിച്ചായിരുന്നു സുധീരന്റെ മടക്കം. പിണറായിയും എം.എ.ബേബിയും കെ.ജെ.തോമസും എത്തി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കുമ്മനം രാജേശഖരന്‍തന്നെ വന്ന് എന്‍.ഡി.എ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുഷാര്‍ വെള്ളാപ്പള്ളിയും കാര്യങ്ങള്‍ വിലയിരുത്തുന്നു. മുന്നണി എന്ന നിലയില്‍ ബി.ജെ.പി., ബി.ഡി.ജെ.എസ്. കൂട്ടായ്മ നല്ലനിലയിലായി കഴിഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം ഇവിടെ തുല്യനിലയിലാണ്. ആറന്മുള, മെഴുവേലി, ഇരവിപേരൂര്‍, കോഴഞ്ചേരി, ഓമല്ലൂര്‍ എന്നിവ ഇടത് ഭരണത്തിലാണ്. പത്തനംതിട്ട നഗരസഭ, കോയിപ്രം, തോട്ടപ്പുഴശേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര എന്നിവ ഐക്യമുന്നണിക്ക്. മല്ലപ്പുഴശേരിയില്‍ ജനതാദള്‍ യുണൈറ്റഡും കുളനടയില്‍ സ്വതന്ത്രനും ഭരിക്കുന്നു. മിക്ക പഞ്ചായത്തുകളിലും പ്രത്യേകിച്ച് കുളനടയില്‍ ബി.ജെ.പി. മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ബ്ലോക്കംഗത്തേയും ചരിത്രത്തിലാദ്യമായി അവര്‍ വിജയിപ്പിച്ചു. കോഴഞ്ചേരി, കോയിപ്രം, ഇലന്തൂര്‍, കുളനട ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ യു.ഡി.എഫാണ് നേടിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മികവും മണ്ഡലത്തിലെ നേട്ടങ്ങളും നിരത്തിയാണ് ശിവദാസന്‍ നായര്‍ വോട്ട് തേടുന്നത്. ഒരുവികസനവും ഉണ്ടായില്ലെന്നാണ് വീണാ ജോര്‍ജ് സമര്‍ഥിക്കുന്നത്. ആറന്‍മുള മാറും, താമര വിരിയും എന്ന് എം.ടി.രമേശും വാദിക്കുന്നു.