ആറന്മുളയില്‍നിന്ന് ഇപ്പോള്‍ പഴയതുപോലെ വിവാദങ്ങള്‍ പറന്നുയരുന്നില്ല. തീരെ ഇല്ലെന്നല്ല. പക്ഷേ, അവയ്ക്ക് പഴയപോലെ തീവ്രതയില്ല. ഒരു വിമാനത്താവളപദ്ധതിയും അതുണ്ടാക്കിയ പൊല്ലാപ്പുകളും ചില്ലറയല്ല. അത് എല്ലാ രാഷ്ട്രീയ കക്ഷികളെയും പലപ്പോഴായി നോവിക്കുകയും ആഹ്ലാദിപ്പിക്കുകയുംചെയ്തു.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്റെ അവസാന മാസങ്ങളിലാണ് ആറന്മുളയില്‍ ഒരു വിമാനത്താവളത്തിന് തത്വത്തില്‍ അനുമതികിട്ടിയത്. 400 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുക്കാനും നിലംനികത്താനുമുള്ള നീക്കങ്ങളാണ് വലിയ ജനകീയരോഷത്തില്‍ കലാശിച്ചത്. സ്ഥലത്തിന്റെ ആദ്യ ഉടമയായിരുന്ന വ്യവസായി ഏബ്രഹാം കലമണ്ണില്‍ പഠനത്തിനുള്ള ചെറുകിട എയര്‍ സ്ട്രിപ്പാണ് ഉദ്ദേശിച്ചത്. പക്ഷേ, അദ്ദേഹത്തില്‍നിന്ന് ഭൂമിവാങ്ങിയ കെ.ജി.എസ്. ഗ്രൂപ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിനാണ് തുനിഞ്ഞത്.
കേന്ദ്രസര്‍ക്കാറില്‍നിന്നുള്ള അനുമതികള്‍ അവര്‍ സ്വന്തമാക്കി. പക്ഷേ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും മറ്റും പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനരോഷം ആളി. പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരം വിമാനത്തിന് തടസ്സമാകുമെന്നും പരിസരത്തുള്ള കുന്നുകള്‍ ഇടിക്കണമെന്നുമുള്ള റിപ്പോര്‍ട്ട് വന്നതോടെ പ്രക്ഷോഭം ശക്തമായി.

രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് കൂട്ടായ്മ രൂപപ്പെടുത്തി കുമ്മനം രാജേശഖരനും കവയിത്രി സുഗതകുമാരിയും ചേര്‍ന്നുള്ള ചെറുത്തുനില്‍പ്പ് തുടങ്ങി. തങ്ങള്‍ നല്‍കിയ അനുമതി തെറ്റായിരുന്നു എന്ന് പരസ്യമായി സി.പി.എം. അംഗീകരിച്ചു. അവരും പ്രക്ഷോഭത്തില്‍ കൈകോര്‍ത്തു. ഇതോടെ രോഷം കേന്ദ്രംഭരിക്കുന്ന കോണ്‍ഗ്രസ്സിന് എതിരെയായി. കോണ്‍ഗ്രസ്സിലെ ഭൂരിപക്ഷവും ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ചപ്പോള്‍ അന്ന് വേറിട്ട ശബ്ദം കേള്‍പ്പിച്ചത് എ.ഐ.സി.സി. അംഗമായിരുന്ന പീലിപ്പോസ് തോമസും വി.എം. സുധീരനുമാണ്. പീലിപ്പോസ് തോമസ് പിന്നീട് കോണ്‍ഗ്രസ് വിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയുമായി. വി.എം. സുധീരന്‍ വിമാനത്താവള വിരുദ്ധ നിലപാട് തുടരുമ്പോള്‍ത്തന്നെ കെ.പി.സി.സി. അധ്യക്ഷനുമായി.

എം.എല്‍.എ. കെ. ശിവദാസന്‍ നായര്‍ക്കുനേരെ ആറന്മുളയില്‍ ഉണ്ടായ കൈയേറ്റവും 108 ദിവസം നീണ്ടുനിന്ന പദ്ധതിവിരുദ്ധ സമരവും  ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ദേശീയ ഹരിത ട്രിബ്യൂണലില്‍ പദ്ധതിക്ക് എതിരെ പോരാട്ടം നടത്തിയ കുമ്മനം രാജശേഖരനും സി.പി.ഐ. നേതാവ് പി. പ്രസാദും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്. ഇരുവരുടെയും സമീപകാല രാഷ്ട്രീയ ഉയര്‍ച്ചകള്‍ക്ക് പിന്നില്‍ ഈ സമരവും ഉണ്ടായിരുന്നു.

ബി.ജെ.പി. കേന്ദ്രത്തില്‍ എത്തിയാല്‍ പദ്ധതി റദ്ദാക്കും എന്നാണ് വാഗ്ദാനംചെയ്തിരുന്നത്. പക്ഷേ, ആ സര്‍ക്കാര്‍ തന്നെ പദ്ധതിക്ക് ചില അനുമതികള്‍ നല്‍കിയത് ബി.ജെ.പി.യെയും പ്രതിരോധത്തിലാക്കി. പദ്ധതി ഉണ്ടാവില്ലന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞതോടെ ആ വിവാദം അടഞ്ഞു. 
ഇപ്പോള്‍ ചര്‍ച്ച ആറന്മുളയില്‍ത്തന്നെ വിമാനം ഇറങ്ങണോ വേണ്ടയോ എന്നതാണ്.  വിമാനത്താവളം വേണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. എവിടെ വേണമെന്നതാണ് ഇപ്പോഴത്തെ തര്‍ക്കവിഷയം.

വിമാനത്താവളം ആറന്മുളയില്‍ വേണം എന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെടുന്നു. പദ്ധതി ആറന്മുളയില്‍ പറ്റില്ലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി വീണ ജോര്‍ജും എന്‍.ഡി.എ. സ്ഥാനാര്‍ഥി എം.ടി. രമേശും വ്യക്തമാക്കുന്നു. 
ജില്ലയില്‍ യോജ്യമായ മറ്റൊരിടത്ത് ആകാം എന്നാണ് അവരുടെ നിലപാട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമരത്തിന്റെ പ്രയോജനം വോട്ടാക്കിയത് ബി.ജെ.പി.യാണ്. ഇടതുമുന്നണിക്ക് അത് കാര്യമായി പ്രയോജനപ്പെടുത്താനായില്ല.