മുഹമ്മദ് മുഹ്‌സിന്‍ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) പോരാട്ട വീര്യവുമായി മുഹമ്മദ് മുഹ്‌സിന്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ മത്സരിക്കും. അടുത്തിടെ സര്‍വകലാശാലയില്‍ നടന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട മുഹ്‌സിനെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയെ യുവാക്കളിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. എ.ഐ.എസ്.എഫ് ജെ.എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്റാണ്. 

സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത കനയ്യ കുമാറിന്റെ സഹപ്രവര്‍ത്തകനാണ്. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ മുഹ്‌സിന്‍ സര്‍വകലാശാല സോഷ്യല്‍ വര്‍ക്‌സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.

പട്ടാമ്പി മണ്ഡലം കമ്മറ്റിയും യുവജന വിഭാഗവും മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. നവമാധ്യമങ്ങളില്‍ പ്രചാരണ പരിപാടികളും നടന്നിരുന്നു. 

മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നിലയിലായിരുന്നു മണ്ഡലത്തിലെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കനയ്യ കുമാറിനൊപ്പം നില്‍ക്കുന്ന മുഹ്‌സിന്റെ ചിത്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും എംഎസ്ഡബ്ല്യുവും പൂര്‍ത്തിയാക്കിയാണ് മുഹ്‌സിന്‍ ജെ.എന്‍.യുവില്‍ എത്തുന്നത്.

2011 ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ കെ.പി.സുരേഷ് രാജിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് 12,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.