വേനൽച്ചൂട് വാർത്തകളിൽ നിറയുന്ന കാലമാണ് പാലക്കാട്ട്. രാഷ്ട്രീയകാലാവസ്ഥയും ഏതാണ്ട്‌ ഇതിന് സമാനമാണ്. പുറമേ കാറ്റുവീശുന്നില്ല. പക്ഷേ, സകലരും കരുതിയിരിക്കുന്നത് അകമേ വീശുന്ന കാറ്റുകളെയാണ്. പാലക്കാടിന്റെ രാഷ്ട്രീയത്തിന്. കൂടുതൽ ചായ്‌വ്‌ ഇടത്തോട്ടാണ്.  പക്ഷേ, മികച്ചവ്യക്തികളെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കാൻ ഈ ആഭിമുഖ്യം തടസ്സമായിട്ടുമില്ല. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതൽ ഇന്ത്യൻ രാഷ്ട്രപതിസ്ഥാനത്തെത്തിയ കെ.ആർ. നാരായണൻ വരെയുള്ളവരുടെ പട്ടിക വ്യക്തമാക്കുന്നത് അതാണ്. 

കഴിഞ്ഞതവണ ജില്ലയിലെ 12 നിയമസഭാമണ്ഡലങ്ങളിൽ ഏഴെണ്ണം ഇടതുമുന്നണിക്കൊപ്പവും അഞ്ചെണ്ണം യു.ഡി.എഫിനൊപ്പവുമായിരുന്നു.   കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ യു.ഡി.എഫ്. മികച്ച പ്രകടനത്തോടെ അഞ്ചുസീറ്റ്‌ നേടിയപ്പോൾ രണ്ടുതവണ രണ്ടുസീറ്റിലൊതുങ്ങി.

1996-ലും 2006-ലും ആകെയുള്ള 11 സീറ്റിൽ ഒമ്പതും എൽ.ഡി.എഫ്. നേടിയപ്പോൾ രണ്ടിടത്തുമാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.  2001, 2011 തിരഞ്ഞെടുപ്പുകൾ ഐക്യജനാധിപത്യമുന്നണി മികച്ച നേട്ടമുണ്ടാക്കിയവയാണ്. 2001-ൽ 11-ൽ അഞ്ചിടത്ത് വിജയിച്ചപ്പോൾ 2011-ൽ മണ്ഡലപുനഃസംഘടനയ്ക്കുശേഷം 12-ൽ അഞ്ചിടത്ത് വിജയമുറപ്പിച്ചു.   ഏറെ വർഷങ്ങൾക്കുശേഷം തൃത്താല തിരിച്ചുപിടിച്ച ഐക്യമുന്നണി പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലും വിജയികളായി. ജില്ലയിൽ പുതുതായി രൂപംകൊണ്ട ഷൊറണൂർ മണ്ഡലവും ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി.

ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയം നിലനിർത്തി. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധവോട്ടുകൾ-നോട്ട-ആലത്തൂർ മണ്ഡലത്തിലെ വോട്ടുകളിൽ ഇടംപിടിച്ചു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ 21,417 വോട്ടുകൾ നോട്ട നേടിയപ്പോൾ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. ഏതാണ്ട് ഈ ഫലത്തിന്റെ തുടർച്ചയായിരുന്നു തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ.

ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളിൽ ഇടതുമുന്നണി അധികാരത്തിലെത്തിപ്പോൾ വടകരപ്പതിയിൽ ജനകീയസമരമുന്നണിക്കാണ് ഭരണം. യു.ഡി.എഫ്. 18 പഞ്ചായത്തുകളിൽ  അധികാരം നേടി. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനൊന്നിലും  ഇടതുമുന്നണി ഭരണമാണ്. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി. ഭരണത്തിലെത്തി. 

യു.ഡി.എഫിൽ കോൺഗ്രസ് പത്തിടത്തും കേരളാകോൺഗ്രസ്സും മുസ്‌ലിംലീഗും ഓരോ സീറ്റിലും മത്സരിക്കുന്നു. ഇടതുമുന്നണിയിൽ സി.പി.എം. ഒമ്പതിടത്തും സി.പി.ഐ. രണ്ടുസീറ്റിലും ജനതാദൾ എസ്. ഒരുസീറ്റിലും മത്സരിക്കുന്നു. എൻ.ഡി.എ.യിൽ ബി.ജെ.പി. പത്തിടത്തും ബി.ഡി.ജെ.എസ്. രണ്ടിടത്തും മത്സരിക്കുന്നുണ്ട്. തൃത്താലയിൽ വി.ടി. ബൽറാം തന്നെയാണ് ഇത്തവണയും യു.ഡി.എഫ്. സ്ഥാനാർഥി. സീറ്റ് തിരിച്ചുപിടിക്കേണ്ടത് അഭിമാനപ്രശ്നമായി കരുതുന്ന ഇടതുമുന്നണി മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുകൂടിയായ സുബൈദ ഇസഹാക്കിനെയാണ് രംഗത്തിറക്കിയത്. 

ആദ്യം സുബൈദ ഇസഹാക്കിനെ ഒറ്റപ്പാലത്തേക്കായിരുന്നു നിർദേശിച്ചിരുന്നത്. ബി.ജെ.പി. സ്ഥാനാർഥിയായി പ്രൊഫ. വി.ടി. രമ കൂടി രംഗത്തെത്തിയതോടെ ഇവിടെ ശക്തമായ ത്രികോണ മത്സരമാണ്. പട്ടാമ്പിയിൽ  സി.പി. മുഹമ്മദ് യു.ഡി.എഫിനായി പട നയിക്കുമ്പോൾ ജെ.എൻ.യു. വിദ്യാർഥിയായ മുഹമ്മദ് മുഹസിനെയാണ് സി.പി.ഐ. രംഗത്തിറക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പുരംഗത്തെ പുതുമുഖമാണ്‌ ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവായ മുഹസിൻ.

അഡ്വ. പി. മനോജാണ് ബി.ജെ.പി. മുന്നണിക്കുവേണ്ടി മത്സരരംഗത്ത്. ഷൊറണൂരിൽ സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാസെക്രട്ടറിയുമായ പി.കെ. ശശി ഇടതുമുന്നണി സ്ഥാനാർഥിയായെത്തുമ്പോൾ മുൻ പട്ടാമ്പി പഞ്ചായത്ത്‌  പ്രസിഡന്റ്‌ സി. സംഗീതയാണ് യു.ഡി.എഫ്. സ്ഥാനാർഥി. ബി.ഡി.ജെ.എസ്സിന്റെ വി.പി. ചന്ദ്രനും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.

ഒറ്റപ്പാലത്ത് സി.പി.എം. മുൻ ജില്ലാസെക്രട്ടറി പി. ഉണ്ണിയെ നേരിടാനെത്തിയത് മുൻ എ.ഐ.സി.സി. സെക്രട്ടറി ഷാനിമോൾ ഉസ്മാനാണ്. ഇരുമുന്നണിയിലും സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഉയർന്ന അപസ്വരങ്ങളാൽ ശ്രദ്ധയാകർഷിച്ച മണ്ഡലംകൂടിയാണിത്‌. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ജെ.പി. മേഖലാ ജനറൽ  സെക്രട്ടറി പി. വേണുഗോപാലാണ് രംഗത്ത്. 

കോങ്ങാട്ട് നിലവിലെ എം.എൽ.എ. കെ.വി. വിജയദാസിനെ (എൽ.ഡി.എഫ്.) നേരിടാനെത്തിയിട്ടുള്ളത്  സാംസ്കാരികരംഗത്തും ശ്രദ്ധേയനായ പന്തളം സുധാകരനാണ്(യു.ഡി.എഫ്.). മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്‌ രേണു സുരേഷിന്റെ (എൻ.ഡി.എ.) സാന്നിധ്യം ഇവിടെ ശക്തമായ ത്രികോണമത്സരത്തിന് അരങ്ങൊരുക്കിയിട്ടുണ്ട്. 

മണ്ണാർക്കാട്ട് യു.ഡി.എഫ്. സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ. അഡ്വ. എൻ. ഷംസുദ്ദീൻ (മുസ്‌ലിംലീഗ്), എൽ.ഡി.എഫ്. സ്ഥാനാർഥിയായി കെ.പി. സുരേഷ് രാജ് (സി.പി.ഐ.), എൻ.ഡി.എ. സ്ഥാനാർഥിയായി കേശവദേവ് പുതുമന (ബി.ഡി.ജെ.എസ്.) എന്നിവരാണ് രംഗത്തുള്ളത്. വി.എസ്. അച്യുതാനന്ദന്റെ  സാന്നിധ്യം മലമ്പുഴയെ ദേശീയശ്രദ്ധയിലേക്കെത്തിക്കുന്നു. തുടർച്ചയായി നാലാംതവണയും മലമ്പുഴയിൽ മത്സരരംഗത്തിറങ്ങുന്ന വി.എസ്. അച്യുതാനന്ദനെ നേരിടാൻ യു.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയെയാണ്. 

ബി.ജെ.പി. സംസ്ഥാനസെക്രട്ടറി സി. കൃഷ്ണകുമാർ (എൻ.ഡി.എ.) മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ബി.ഡി.ജെ.എസ്സിനും ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ  കേരളത്തിന്റെ രണ്ടാമത്തെ വ്യവസായമേഖലയായ പുതുശ്ശേരിയിലെ വോട്ടുകളും നിർണായകമാണ്.

വ്യവസായ മേഖലയിലെ പ്രശ്നങ്ങളും കാർഷികമേഖലയിലെ പ്രശ്നങ്ങളുമൊക്കെ ഇവിടെ  പ്രചാരണവിഷയമാവും. ബി.ജെ.പി. നഗരസഭാഭരണം പിടിച്ച പാലക്കാട്ട് ഇത്തവണ ത്രികോണമത്സരത്തിന് വീറും വാശിയും ഏറെയാണ്. നിലവിലെ എം.എൽ.എ.യായ ഷാഫി പറമ്പിലിനെ (യു.ഡി.എഫ്.) നേരിടാൻ ഇടതുമുന്നണി രംഗത്തിറക്കിയത് നാലുതവണ   പാലക്കാട് എം.പി.യായ   എൻ.എൻ. കൃഷ്ണദാസിനെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട്‌  മികച്ച പ്രകടനം കാഴ്ചവെച്ച ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി ശോഭ സുരേന്ദ്രനാണ് എൻ.ഡി.എ. സ്ഥാനാർഥി. 

ചിറ്റൂരിൽ യു.ഡി.എഫിനായി നിലവിലുള്ള എം.എൽ.എ. കെ. അച്യുതനും ഇടതുമുന്നണിക്കായി ജനതാദൾ എസ്. ദേശീയസമിതി അംഗം കെ. കൃഷ്ണൻകുട്ടിയും  പടക്കളത്തിലിറങ്ങിയതോടെ  വീറും വാശിയും സ്വാഭാവികമായും ഉയർന്നു കഴിഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥിയായി എം. ശശികുമാറും രംഗത്തുണ്ട്. 

കടുത്തപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി നെന്മാറ ഇതിനകം മാറിക്കഴിഞ്ഞു. ഇടതുമുന്നണിയിലെ ഈ സിറ്റിങ് സീറ്റിൽ ഇത്തവണ മത്സരിക്കുന്നത്  പാർട്ടി കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ. ബാബുവാണ്. മുൻ ആലത്തൂർ എം.എൽ.എ. എ.വി. ഗോപിനാഥാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി.  എൻ.ഡി.എ. സ്ഥാനാർഥിയായി  ബി.ജെ.പി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജനും മത്സരിക്കുന്നു. 
ആലത്തൂരിൽ പാർട്ടി ഏരിയാ സെക്രട്ടറി കെ.ഡി. പ്രസേനനെ നേരിടുന്നത് കേരള കോൺഗ്രസ്  എം. ജില്ലാസെക്രട്ടറി അഡ്വ. കെ. കുശലകുമാരനാണ്. ബി.ജെ.പി. ജില്ലാസെക്രട്ടറി എം.പി. ശ്രീകുമാറാണ് എൻ.ഡി.എ. സ്ഥാനാർഥി.

തരൂർ മണ്ഡലത്തിൽ നിലവിലെ എം.എൽ.എ.കൂടിയായ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനെ നേരിടുന്നത് കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സി. പ്രകാശനാണ്. എൻ.ഡി.എ. സ്ഥാനാർഥിയായി പട്ടികജാതിമോർച്ച ജില്ലാപ്രസിഡന്റ് കെ.വി. ദിവാകരനും ഇവിടെ രംഗത്തുണ്ട്.  

2011-ലെ നിയമസഭ

എൽ.ഡി.എഫ്. - 7
യു.ഡി.എഫ്. - 5