വണ്ടൂര്: വേനല്‍ച്ചൂടിനൊപ്പം തിരഞ്ഞെടുപ്പുചൂടും ഉയരുകയാണ് വണ്ടൂരില്‍. തുടക്കത്തിലുണ്ടായിരുന്ന ആലസ്യംവിട്ട് മലയോരത്ത് പ്രചാരണം ശക്തമാകുകയാണ്. സംവരണമണ്ഡലമായ വണ്ടൂരിന് എന്നും വലതുപക്ഷ ചായ്‌വാണ് ഉണ്ടായിരുന്നത്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളുടെ ആത്മവിശ്വാസം. നിലവിലെ ജനപ്രതിനിധിയായ എ.പി. അനില്കുമാര്‍ തന്നെയാണ് നാലാമങ്കത്തിനായി ഇത്തവണയും കളത്തിലിറങ്ങുന്നത്. 

എന്നാല്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണില്‍ യുവരക്തത്തെ പോരിനിറക്കി ചരിത്രം തിരുത്തിക്കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. 1996-ല്‍ മാത്രമാണ് എല്‍.ഡി.എഫിന് മണ്ഡലത്തില്‍ നിന്ന് വിജയിക്കാനായത്. അന്ന് നാട്ടുകാരന്‍കൂടിയായ എന്‍. കണ്ണനാണ് സംസ്ഥാനരാഷ്ട്രീയത്തിലെ പ്രമുഖനായ പന്തളം സുധാകരനെ പരാജയപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയിലൂടെ സംഘടനാരംഗത്ത് സജീവമായ നാട്ടുകാരന്‍ കൂടിയായ എന്‍. നിഷാന്ത് എന്ന കണ്ണനാണ് മണ്ഡലം പിടിക്കാനായി രംഗത്തുള്ളത്. 

കഴിഞ്ഞ പതിനഞ്ചുവര്‍ഷം വികസനത്തില് വണ്ടൂരിന് സുവര്‍ണകാലമായിരുന്നുവെന്ന് യു.ഡി.എഫ്. പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഓടായിക്കല്‍ റഗുലേറ്റര്‍ കംബ്രിഡ്ജ്, വണ്ടൂര്‍ അങ്ങാടിയുടെ മുഖച്ഛായ മാറ്റിയ സൗന്ദര്യവത്കരണം, സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആസ്പത്രിയാക്കി ഉയര്‍ത്തിയത്, തുടങ്ങി എണ്ണിയെണ്ണിപ്പറയാന്‍ വികസനങ്ങള്‍ ഏറെയാണ്. എന്നാല്‍ അവകാശവാദങ്ങള്‍ക്കപ്പുറം മണ്ഡലത്തില്‍ ഒരു വികസനവും നടന്നിട്ടില്ലെന്ന് ഇടതുപക്ഷം പറയുന്നു.

താലൂക്ക് ആസ്പത്രിയാക്കി ഉയര്‍ത്തിയെന്നതിനപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സേവനംപോലും ലഭിക്കാതെ രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. കോടികള്‍ മുടക്കി പദ്ധതികള്‍ പലതും നടത്തുന്നുണ്ടെങ്കിലും ദീര്‍ഘവീക്ഷണമോ, കാഴ്ചപ്പോടോ ഇല്ലാത്തതുമൂലം ഉപകാരപ്പെടുന്നില്ല.  മുന്നണി സംവിധാനത്തിന്റെ ശക്തി-ദൗര്‍ബല്യങ്ങളും മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമാണ്.  കോണ്‍ഗ്രസ്-ലീഗ് തര്‍ക്കപരിഹാരത്തിന് ഇരുവിഭാഗത്തിന്റെയും നേതൃത്വം തീവ്രശ്രമം നടത്തുന്നു.  ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നത് അണികളില്‍  ആശ്വാസം പകരുന്നു.  

തദ്ദേശതിരഞ്ഞെടുപ്പില്‍ തുവ്വൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ നേതൃപരമായ പങ്കുവഹിച്ച നിഷാന്തിനെ അപ്രതീക്ഷതമായാണ് സ്ഥാനാര്‍ത്ഥിത്വം തേടിയെത്തിയത്. മുപ്പത്തിയെട്ടുകാരനായ നിഷാന്ത് അനില്‍കുമാറിന്റെ ബന്ധുകൂടിയാണ്. എന്‍.ഡി.എയും കരുത്ത് തെളിയിക്കാന്‍ രംഗത്തുണ്ട്. നാട്ടുകാരിയായ സുനിതാമോഹന്‍ദാസാണ്  എന്‍.ഡി.എ. സ്ഥാനാര്‍ഥി. ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് ഭാരവാഹിയെന്ന നിലയില്‍ മണ്ഡലത്തില്‍ മികച്ച സ്വാധീനം സുനിതയ്ക്കുണ്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിനുമുകളില്‍ ഒറ്റയ്ക്കുനേടി ബി.ജെ.പി. മണ്ഡലത്തില്‍ കരുത്തറിയിച്ചിരുന്നു. എസ്.ഡി.പി.ഐയ്ക്കുവേണ്ടി കൃഷ്ണന്‍ എരഞ്ഞിക്കല്‍ തന്നെയാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കുനിയിലും പി.ഡി.പിയുടെ വേലായുധന്‍ വെന്നിയൂരുമെല്ലാം പ്രചാരണരംഗത്ത് സജീവമാണ്.

---------------------------------------------------------------------------------------------------------
 

എ.പി. അനില്‍കുമാര്‍. (കോണ്‍ഗ്രസ്)

കഴിഞ്ഞ മൂന്നുതവണയായി നടപ്പാക്കിയ വികസനപ്രവൃത്തികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കും, റഗുലേറ്റര്‍ കംബ്രിഡ്ജ്‌ന്റെ മാതൃകയില്‍ മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിലും പദ്ധതികള്‍ കൊണ്ടുവരും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ചാലിയാറിലും കൈപ്പുഴകളിലും ചെറിയ തടയണകള്‍ പരമാവധി നിര്‍മിക്കും. അന്തര്‍ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിര്‍മാണം വേഗം പൂര്‍ത്തീകരിക്കും.  ഭവനരഹിതരില്ലാത്ത മണ്ഡലമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ തുടരും.  പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കും.

കെ. നിഷാന്ത് (സി.പി.എം.)

ഭവനരഹിതരായ ആയിരക്കണക്കിന് ആദിവാസികളുള്ള മണ്ഡലത്തില്‍ അവര്‍ക്ക്  വീട് ലഭ്യമാക്കുന്നതിനാണ് മുഖ്യപരിഗണന. രൂക്ഷമായ കുടിവെള്ള പ്രശ്‌നമുള്ള മേഖലകളില്‍ തടയണയുള്‍പ്പെടെയുള്ളവ അതിവേഗം പൂര്‍ത്തിയാക്കും.  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ നടപ്പാക്കിയതുമൂലം പാതിവഴിയില്‍ നില്‍ക്കുന്ന വണ്ടൂര്‍ അങ്ങാടി സൗന്ദര്യവത്കരണ പ്രവൃത്തിയടക്കമുള്ളവ പൊതുജനാഭിപ്രായം മാനിച്ച് പൂര്‍ത്തിയാക്കും. രൂക്ഷമായ ഗതാഗത കുരുക്കിനു കാരണമാവുന്ന വാണിയമ്പലം റെയില്‍വേ ലെവല്‍ക്രോസില്‍ മേല്‍പ്പാലം കൊണ്ടുവരാന്‍ ശ്രമം നടത്തും.


സുനിതാമോഹന്‍ദാസ് (ബി.ജെ.പി.)

കോളനികളില്‍ അടിസ്ഥാനവികസനം വേഗത്തില്‍ നടപ്പിലാക്കും. വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു പ്രഥമപരിഗണന നല്‍കും. കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കും. പ്രധാന പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്താന്‍ നടപടി കൈക്കൊള്ളും. വണ്ടൂര്‍ താലൂക്ക് ആസ്പത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.