'എല്ലാം ശരിയാകു'മെന്ന് കേരളം പ്രതീക്ഷയര്‍പ്പിച്ചപ്പോള്‍, 'ഒരു വട്ടം കൂടി യു.ഡി.എഫ് സര്‍ക്കാര്‍' എന്നാണ് കോട്ടയം ജില്ല ആവശ്യപ്പെട്ടത്. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആറ് സീറ്റും എല്‍.ഡി.എഫിന് രണ്ടു സീറ്റും ലഭിച്ചപ്പോള്‍ മുന്നണികള്‍ക്ക് അതീതനായി പൂഞ്ഞാറില്‍ പി.സി. ജോര്‍ജും വെന്നിക്കൊടി പാറിച്ചു. അഗ്നിപരീക്ഷകളിലൂടെ കടന്നുപോയ കെ.എം. മാണിക്ക് ഭൂരിപക്ഷം വീണ്ടും കുറഞ്ഞെങ്കിലും സീറ്റ് നിലനിര്‍ത്താനായി. നാലു സിറ്റിങ് എം.എല്‍.എമാരുടെ വിജയത്തോടെ കേരള കോണ്‍ഗ്രസ്(എം) ജില്ലയില്‍ കരുത്ത് തെളിയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സി.പി.എം സിറ്റിങ് എം.എല്‍.എ സുരേഷ് കുറുപ്പ് ജയിച്ചപ്പോള്‍, വൈക്കത്ത് സി.പി.ഐയുടെ പുതുമുഖ സ്ഥാനാര്‍ഥി സി.കെ. ആശയ്ക്ക് ലഭിച്ചത് വന്‍ഭൂരിപക്ഷം.

മന്ത്രിമാരെ കൈവെടിയാതെ മണ്ഡലങ്ങള്‍

എക്‌സിറ്റ് പോളുകള്‍ തോല്‍വി പ്രവചിച്ച കെ.എം.മാണി വലിയപരിക്കുകളൊന്നും എല്‍ക്കാതെ പാലായില്‍ വിജയിച്ചു. കഴിഞ്ഞ തവണ 5259 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എങ്കില്‍ ഇത്തവണ 4703 ആണ് മാണിക്കു ലഭിച്ച ലീഡ്. ബാര്‍ക്കോഴ ആരോപണവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ ഭൂരിപക്ഷത്തിലെ ഇടിവും എതിരാളിയായ എന്‍.സി.പി. സ്ഥാനാര്‍ഥി മാണി സി. കാപ്പനിലേക്ക് പ്രവചനങ്ങള്‍ കൊണ്ടെത്തിച്ചിരുന്നു. വോട്ടെണ്ണലിലെ പല സന്ദര്‍ഭങ്ങളിലും മാണി സി. കാപ്പന്‍ മുന്നേറുകയുമുണ്ടായി. നൂറു കണക്കില്‍ വര്‍ധിച്ചുവന്ന വോട്ടുകള്‍ അവസാന ഘട്ടത്തോടെ ആയിരങ്ങളിലേക്ക് കുതിച്ചുയരുകയായിരുന്നു.

സിറ്റിങ് എം.എല്‍.എമാരും മന്ത്രിമാരുമായ തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും വന്‍ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കഴിഞ്ഞ തവണ സി.പി.എം. സ്ഥാനാര്‍ഥിയായ വി.എന്‍. വാസവനെ 711 വോട്ടുകള്‍ക്ക് പിന്നിലാക്കി കോട്ടയത്തിന്റെ നായകനായ തിരുവഞ്ചൂര്‍ ഇത്തവണ വിജയിച്ചത് 33632 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തില്‍. നാലരപതിറ്റാണ്ടായി ഒപ്പം നില്‍ക്കുന്ന പുതുപ്പള്ളി ഇത്തവണയും ഉമ്മന്‍ചാണ്ടിയെ കാത്തുരക്ഷിച്ചു. സോളാര്‍ കേസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ആക്രമിച്ചെങ്കിലും 27092 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനായാസവിജയം കൈവരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളായ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസിന് 44505 വോട്ടും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് കുര്യന് 15993 വോട്ടുമാണ് ലഭിച്ചത്.

പൂഞ്ഞാറിന് പി.സി. ജോര്‍ജ് എന്നാല്‍ മുന്നണികള്‍ക്കും മേലെ 

മുന്നണിയേതായാലും എം.എല്‍.എ പി.സി. ജോര്‍ജ് തന്നെയെന്ന് പൂഞ്ഞാറുകാര്‍ വീണ്ടും വ്യക്തമാക്കി. ഏറ്റവും ശക്തമായ ചതുഷ്‌കോണമത്സരം നടക്കുന്നു എന്ന പ്രത്യേകതയുമായി ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു ഈ മണ്ഡലം. ഇടതും വലതും കൈവിട്ട തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന്, 27821 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോര്‍ജ് തെളിയിച്ചു.

udf

63621 വോട്ടുകള്‍ ജോര്‍ജിന് ലഭിച്ചപ്പോള്‍, കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തിക്ക് ലഭിച്ചത് 35800 വോട്ടുകള്‍ മാത്രമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ കേരള കോണ്‍ഗ്രസ് എം എം.എല്‍.എയുമായ പി.സി. ജോസഫിന് ലഭിച്ചത് 22270വോട്ടും. ബി.ജെ.ഡി.എസ്. സ്ഥാനാര്‍ഥിയയ എം.ആര്‍. ഉല്ലാസ് 19966 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് എത്തി. 

ശക്തികാട്ടി കേരള കോണ്‍ഗ്രസ്(എം)

കെ.എം. മാണിക്കുപിന്നാലെ സിറ്റിങ് എം.എല്‍.എമാരായ മോന്‍സ് ജോസഫ്, സി.എഫ്. തോമസ്, ഡോ. എന്‍. ജയരാജ് എന്നിവരുടെ വിജയവും ചേര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ്(എം) ജില്ലയില്‍ കരുത്തുതെളിയിച്ചു. മൂന്ന് കേരള കോണ്‍ഗ്രസുകാര്‍ പോരാടിയ കടുത്തുരുത്തി മണ്ഡലത്തില്‍, 42256 എന്ന കൂറ്റന്‍ ഭൂരിപക്ഷത്തോടെയാണ് കേരള കോണ്‍ഗ്രസ്(എം) സിറ്റിങ് എം.എല്‍.എ മോന്‍സ് ജോസഫ് വിജയം ആവര്‍ത്തിച്ചത്. 

udf

ചങ്ങനാശേരിയില്‍ കേരള കോണ്‍ഗ്രസ്(എം) സിറ്റിങ് എം.എല്‍.എ. സി.എഫ്.തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫിനെ 1849 വോട്ടിന് പരാജയപ്പെടുത്തി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ 21455 വോട്ട് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ 3890 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍. ജയരാജ് ജയിച്ചപ്പോള്‍, സി.പി.ഐ സ്ഥാനാര്‍ഥി വി.ബി. ബിനു 49236 വോട്ടുനേടി മികച്ച മത്സരമാണ് കാഴ്ചവെച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി വി.എന്‍ മനോജ് 31411 വോട്ടാണ് നേടിയത്.

ഇടത് കോട്ട കാത്ത് രണ്ടുപേര്‍

ഏറ്റുമാനൂരില്‍ സി.പി.എം സിറ്റിങ് എം.എല്‍.എ സുരേഷ് കുറുപ്പും കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ മണിക്കൂറുകളില്‍ വ്യക്തമായ ലീഡ് കാഴ്ചവെച്ച് ചാഴിക്കാടന്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അവസാന നിമിഷത്തില്‍ വിധി കുറുപ്പിന് അനുകൂലമാകുകയായിരുന്നു. 8899 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുറുപ്പ് മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചത്. ബി.ഡി.ജെ.എസ് വോട്ടുചോര്‍ച്ച ഭീഷണി ഉയര്‍ത്തിയിരുന്ന വൈക്കം മണ്ഡലത്തില്‍ 24584 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.കെ. ആശ വിജയിച്ചു.