കോട്ടയം: വികസനപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാവില്ലെന്ന ചിന്താഗതിക്ക് മാറ്റംവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം മനസ്സുവച്ചാല്‍ എന്തും സാധ്യമാകുമെന്ന വിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞു. വികസനത്തിന്റെ വെളിച്ചം എല്ലാ മണ്ഡലങ്ങളിലും എത്തിക്കാനും ഭരണസ്ഥിരത ഉറപ്പാക്കാനും അഞ്ച് വര്‍ഷത്തിനുള്ളില്‍ സാധിച്ചു. കോട്ടയത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒത്തൊരുമയോടെ മുന്നണി നീങ്ങിയാല്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളും കൈപ്പിടിയിലൊതുക്കാന്‍ കഴിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ  പാളിച്ചകള്‍ ആവര്‍ത്തിക്കരുത്. ജനത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് ഔദാര്യമല്ല കടമയാണ് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ കര്‍ശന നടപടിയെടുത്തപ്പോള്‍ നഷ്ടംവന്ന പ്രബലന്‍മാര്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന് വെല്ലുവിളിച്ചു.

മദ്യലഭ്യതയില്‍ കുറവുണ്ടായതോടെ വീടുകളിലേക്ക് ഐശ്വര്യം മടങ്ങിയെത്തിയതിനാല്‍ വീട്ടമ്മമാര്‍ യു.ഡി.എഫിനെ കൈവിടില്ല. അണികള്‍ക്കുപോലും ബോധ്യമാകാത്ത മുദ്രാവാക്യങ്ങളുയര്‍ത്തുന്ന  സി.പി.എമ്മിനെ ജനം വിശ്വാസത്തിലെടുക്കില്ല. പരാജയം മറയ്ക്കാന്‍ ജനത്തെ തമ്മിലടിപ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.