കോട്ടയം: എല്‍.ഡി.എഫ് പി.സി ജോര്‍ജിന് സീറ്റ് നിഷേധിക്കുമോ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഇന്നലത്തെ ചര്‍ച്ചയുടെ ഗതി അനുസരിച്ചാണെങ്കില്‍ ജോര്‍ജിന് മുന്നണി സീറ്റ് നല്‍കാനിടയില്ല. പിണറായി വിജയന്‍ പി.സിക്ക് സീറ്റ് നല്‍കുന്നതിനെ എതിര്‍ക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയിലാണ് പി.സി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് എന്നിവരും ജോര്‍ജിനെ ശക്തമായി എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ജോര്‍ജിന് സീറ്റ് നിഷേധിച്ചാല്‍ യു.ഡി.എഫ് വിരുദ്ധ വോട്ട് ചിതറിപ്പോകാന്‍ കാരണമാകുമെന്ന വാദമാണ് കോടിയേരി ഉന്നയിച്ചതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ എതിര്‍പ്പുള്ളതിനാല്‍ ജോര്‍ജിനെ പിന്തുണക്കുന്നത് ഗുണം ചെയ്യില്ല എന്ന വാദവും മറുവിഭാഗം ഉയര്‍ത്തി. കര്‍ഷക ഐക്യവേദിയുടേയും കാഞ്ഞിരപ്പള്ളി രൂപതയുടേയും പിന്തുണയുള്ള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്.ജെ മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയും സജീവമാണ്. ജോര്‍ജിനെ ഒഴിവാക്കി നാല് സീറ്റ് ചോദിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതില്‍ ഒരു സീറ്റ് പൂഞ്ഞാറില്‍ നല്‍കിയാലോ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

സി.പി.എം ചതിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ജോര്‍ജ് അങ്ങനെ ചതിച്ചാലും താന്‍ മത്സരിക്കുമെന്ന് പറഞ്ഞ് നയം വ്യക്തമാക്കിക്കഴിഞ്ഞു. കര്‍ഷക ഐക്യവേദിയ്ക്കും രൂപതയ്ക്കും ചെവികൊടുക്കണോ അതോ ജോര്‍ജിനെ ഉള്‍ക്കൊള്ളണോ എന്ന രണ്ട് വാദങ്ങളാണ് സി.പി.എമ്മിലുള്ളത്. സീറ്റ് നിഷേധിച്ചാല്‍ ജോര്‍ജ് വിമതനാകും. അത് എല്‍.ഡി.എഫിന് തിരിച്ചടിയാകും. ഫലത്തില്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്ന പി.സിയുടെ നില പരുങ്ങലിലാണ്.