കോട്ടയം:  വി.എം സുധീരന്‍ നല്ല കെ.പി.സി.സി പ്രസിഡന്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നന്മയ്ക്കും വിജയത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഹൈക്കമാന്‍ഡ് വഴങ്ങിയോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡ് ആര്‍ക്കും വഴങ്ങാറില്ല, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം യുക്തമായ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുകയെന്നും മറുപടിയായി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള തര്‍ക്കങ്ങള്‍ ഇത്തവണയുണ്ടായിട്ടില്ല. താന്‍ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ജനങ്ങള്‍  തിരിച്ചറിയും. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വാകത്താനത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്
അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് അടൂര്‍പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.