തിരഞ്ഞെടുപ്പ് അടുത്താൽ പാലാക്കാർക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. സ്ഥാനാർഥിയായി കെ.എം. മാണി കാണും. എതിരാളികൾ ആരെന്നുമാത്രം അറിഞ്ഞാൽമതി. പാലാ മണ്ഡലം പിറന്നത് മുതൽ ഇതാണ് ചരിത്രം. കഴിഞ്ഞ 12 തിരഞ്ഞെടുപ്പിലും അങ്കത്തട്ടിൽ, കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം. മാണി ഉണ്ടായിരുന്നു.

പാലാ മണ്ഡലം നിലവിൽവന്നത് 1965-ൽ. കന്നിയങ്കത്തിൽ കുഞ്ഞുമാണിക്ക് ജയം. മാണിയുടെ കന്നിവോട്ടർമാർ പ്രായം ചെന്നവരായി. അവരുടെ കുഞ്ഞുമാണി പിൻതലമുറകൾക്ക് മന്ത്രിയും മാണിസാറുമായി. ഇക്കാലയളവിൽ കേരളരാഷ്ട്രീയചരിത്രത്തിൽ അദ്ദേഹം ചില പുതിയ റെക്കോഡുകളും കുറിച്ചു. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചു. ഒരേ മണ്ഡലത്തിൽനിന്ന് അധികംതവണ ജയിച്ചു.

51 വർഷമായി മാണി പാലായെ പ്രതിനിധാനംചെയ്യുന്നു. ഇത്തവണ പതിമൂന്നാം അങ്കം. കഴിഞ്ഞതവണ അദ്ദേഹത്തെ നേരിട്ട മാണി സി. കാപ്പനാണ് ഇത്തവണയും ഇടതു സ്ഥാനാർഥി. കഴിഞ്ഞ രണ്ടുതവണയും കെ.എം. മാണിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. മൂന്നാംവരവിൽ മാണി സി. കാപ്പന് കരുത്ത് പകരുന്നതും ഭൂരിപക്ഷത്തിൽ വന്ന ഈ കുറവാണ്.

ബി.ജെ.പി.ക്കായി ജില്ലാ സെക്രട്ടറി എൻ. ഹരിയാണ് പോരിനിറങ്ങുന്നത്.വാർത്തകളിൽ ഇടംപിടിച്ച ബാർകോഴ വിവാദവും റബ്ബർ വിലയിടിവും മാണിക്കെതിരായ വജ്രായുധമായി എതിർമുന്നണികൾ പ്രയോഗിക്കുന്നു. പി.സി. ജോർജിന്റെ അദൃശ്യസാന്നിധ്യത്താൽ ചില പഞ്ചായത്തുകൾ എങ്ങനെ ചാഞ്ചാടുമെന്നതും വ്യക്തമല്ല. അടിയൊഴുക്കുകളിൽ മീനച്ചിലാറിന്റെ തീരം ഇക്കുറി ഇളകുമെന്നുതന്നെയാണ് എതിർപാളയത്തിലെ പ്രതീക്ഷ.

എന്നാൽ, റബ്ബറിന്റെ വില വീണത് ‘രണ്ടില’യുടെ വിലയിടിക്കില്ലെന്നാണ് മാണി വിഭാഗത്തിന്റെ വിശ്വാസം. റബ്ബറിന് അന്യസംസ്ഥാനത്തുള്ളതിനേക്കാൾ വില ഇവിടെ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ മണ്ഡലത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. മാണി ധനമന്ത്രിയായിരുന്നപ്പോൾ വിലസ്ഥിരതാ ഫണ്ടിനായി ബജറ്റിൽ തുക മാറ്റിവെച്ചതുകൊണ്ടാണിതെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു.

ബാർകോഴയെന്നത് ഗൂഢാലോചനയാണെന്ന് ജനം തിരിച്ചറിഞ്ഞതായും കെ.എം. മാണി പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ യു.ഡി.എഫ്. നേടിയ വിജയം ജനം ഇക്കാര്യം തിരിച്ചറിഞ്ഞതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.  അഞ്ചുവർഷത്തെ വികസനമാണ് പ്രചാരണരംഗത്ത്, മാണി മുന്നോട്ടുവെക്കുന്ന തുറുപ്പുചീട്ട്.

മൂവായിരം കോടിയുടെ വികസനമാണ് പാലായിലുണ്ടായതെന്ന വാദം സകല ആരോപണങ്ങളുടേയും മുനയൊടിക്കുന്നതാണെന്നും യു.‍‍ഡി.എഫ്. വിശ്വസിക്കുന്നു. സംസ്ഥാനത്ത് ‘യു.ഡി.എഫിന്റെ ഭരണത്തുടർച്ച, പാലായിൽ വികസനത്തുടർച്ച’ എന്നിവയ്ക്കുവേണ്ടിയാണ് മാണി വീണ്ടും ജനവിധി തേടുന്നതെന്നും അവർ പറയുന്നു.

വിജയപ്രതീക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മാണിയുടെ മറുപടി ഇങ്ങനെ- ‘പാലായിലെ ജനങ്ങൾക്ക് എന്നെ അറിയാം. എനിക്ക് അവരെയും.’ രാഷ്ട്രീയജീവിതത്തിൽ ചില തിരിച്ചടികളും ആരോപണവും പാളയത്തിലെ വിമതനീക്കവുമെല്ലാം നേരിടേണ്ടി വന്നെങ്കിലും പാലായുടെ വിധിയെഴുത്ത് തനിക്ക് അനുകൂലമാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.

മാണിക്കെതിരെ വിജയത്തിന്റെ സ്മാഷ് ഉതിർക്കാനുറച്ചാണ്, വോളിബോൾ താരമായിരുന്ന മാണി സി. കാപ്പന്റെ വരവ്.  ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന സിനിമയുടെ നിർമാതാവായ ഇദ്ദേഹം ‘മാന്നാർ മത്തായി സ്പീക്കിങ്ങി’ന്റെ സംവിധായകനുമായിരുന്നു. 2001ൽ 22,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷം.

2006 ലെത്തിയപ്പോൾ 7,759 ആയി. കഴിഞ്ഞ തവണ 5,259 വോട്ടായി. രണ്ടു പ്രാവശ്യവും മാണി സി. കാപ്പനായിരുന്നു ഇടതുസ്ഥാനാർഥി. ക്ലീൻ ഇമേജുമായി തിളങ്ങിയപ്പോഴും മാണിക്ക്‌ വെല്ലുവിളിയുയർത്താൻ കഴിഞ്ഞത് ഇടതുക്യാമ്പിൽ ആത്മവിശ്വാസമുയർത്തിയിട്ടുണ്ട്. ഭൂമികരം വർധന, യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള മാർക്കറ്റിങ് സഹകരണസംഘങ്ങളെക്കുറിച്ചുള്ള ആരോപണം തുടങ്ങിയവയും എൽ.ഡി.എഫിന്റെ പ്രചാരണ വിഷയങ്ങളാണ്.

സംഘടനാരംഗത്തെ പരിചയസന്പത്താണ് ബി.ജെ.പി. സ്ഥാനാർഥി എൻ. ഹരിയുടെ കരുത്ത്. ‘സുതാര്യതയ്ക്ക് ഒരു വോട്ട്’ എന്നതാണ് പ്രചാരണ മുദ്രാവാക്യം. താളപ്പെരുക്കത്തിന്റെ അകമ്പടിയോടെ പാലായിൽ തിളക്കമാർന്ന നേട്ടം ഉണ്ടാക്കാനാകുമെന്ന്  മേളം കലാകാരൻ കൂടിയായ ഹരി വിശ്വസിക്കുന്നു.

കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് എൻ.ഡി.എ. സ്ഥാനാർഥിയാകുമെന്നായിരുന്നു ആദ്യ സൂചന. വ്യക്തിപരമായ കാരണത്താൽ അദ്ദേഹം പിൻമാറിയപ്പോൾ ജില്ലാ അധ്യക്ഷനെത്തന്നെ ബി.ജെ.പി. പടയ്ക്കിറക്കി.
പോരാട്ടം മുറുകിക്കഴിഞ്ഞു. മാണിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് അങ്കം. ഇവിടെ ചരിത്രം ആവർത്തിക്കുമോ, തിരുത്തുമോ? ഫലംവന്നാലേ പാലാക്കാരുടെ മനസ്സിലിരിപ്പ് വ്യക്തമാകൂ.

വോട്ടുനില

2011 നിയമസഭാ തിരഞ്ഞെടുപ്പ്

കെ.എം. മാണി (യു.ഡി.എഫ്): 61,239
മാണി സി. കാപ്പൻ (എൽ.ഡി.എഫ്.): 55,980
ബി. വിജയകുമാർ (ബി.ജെ.പി.): 6,359
ഭൂരിപക്ഷം: 5,259

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്

ജോസ് കെ. മാണി (യു.ഡി.എഫ്): 66,968
മാത്യു ടി. തോമസ് (എൽ.ഡി.എഫ്): 35,569
നോബിൾ മാത്യു (എൻ.ഡി.എ): 8,533
ഭൂരിപക്ഷം: 31,399

തദ്ദേശം
യു.ഡി.എഫ്.: തലപ്പലം, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം
എൽ.ഡി.എഫ്: എലിക്കുളം, തലനാട്
പാലാ നഗരസഭ: യു.ഡി.എഫ്.- 20, എൽ.ഡി.എഫ്.- 5, ബി.ജെ.പി.- 1