എൺപത്തിമൂന്നിലും ചുറുചുറുക്കിന് കുറവില്ല. രാത്രി വൈകി ചർച്ചകളുണ്ടായാലും പുലർച്ചെ അഞ്ചരയ്ക്ക് ഉണരും. മുടങ്ങാതെ പള്ളിയിൽ പോകും. പാലായിലെ മുക്കിലും മൂലയിലും കെ.എം.മാണിയുടെ  സാന്നിധ്യമുണ്ട്. വളഞ്ഞും പുളഞ്ഞുമുള്ള ടാറിട്ട റോഡിലൂടെ കുന്നുകയറി മൂന്നിലവ് ഗ്രാമപ്പഞ്ചായത്തിന്റെ ഉൾഗ്രാമങ്ങളിലേയ്ക്കുള്ള യാത്രപോലും അദ്ദേഹം ഒഴിവാക്കിയില്ല. ഒരു വീട് കഴിഞ്ഞാൽ മറ്റൊന്ന് കാണാൻ ദൂരങ്ങൾ കഴിയണം.

അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നാലെ വന്നിറങ്ങുന്ന ജനനായകനെക്കാത്ത് സ്ത്രീകളടക്കമുള്ള ആൾക്കൂട്ടം.‘‘എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ചെറിയ പെരുമാറ്റംകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ കളങ്കംവരുത്തിയിട്ടില്ല. എന്നും കേരളത്തിനുമുന്നിൽ മേച്ചാലിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചിട്ടേയുള്ളൂ...’’ പ്രസംഗം കഴിഞ്ഞതും ആൾക്കാർ മാലയിട്ട് സ്നേഹം പ്രകടിപ്പിക്കുന്നു.

റോഡുവേണമെന്ന് ഒരു കൂട്ടർ. അടുത്തതവണ റോഡിന് മുൻതൂക്കമുണ്ടാകുമെന്ന് നേതാവ്. ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ വീണ്ടും വരാം’’ -യാത്ര പറഞ്ഞില്ല. അടുത്ത പോയിന്റിലേക്ക്. കാറിലിരുന്ന്  മാണിസാർ മനസ്സുതുറന്നു.‘‘അഞ്ചുകൊല്ലംകൊണ്ട് 3000 കോടി രൂപയുടെ വികസനമാണ് നടത്തിയത്.

ഇന്ന് വികസനകാര്യത്തിൽ ഇന്ത്യയിലെ മാതൃകാമണ്ഡലമാണ് പാലാ. അതിനുപിന്നിൽ ജനങ്ങളുടെ പരിശ്രമവും എന്റെ പ്രവർത്തനവും ഉണ്ട്. ‘‘ബൈക്കിൽ കാത്തുനിന്ന പതിനെട്ടുകാരൻ പ്ളാസ്റ്റിക്ക് ബാഗിൽ നൽകിയ പഴം വിൻഡോ ഗ്ളാസ് താഴ്ത്തി വാങ്ങുന്നു.‘‘ഇതൊക്കെ സ്നേഹമാണ്.’’ 

ആളുകളെ കാണുമ്പോൾ അദ്ദേഹം വികാരാധീനനാകുന്നു. വാക്കുകളിൽ സ്നേഹംവന്ന് നിറയുന്നു. ‘‘മുഖം നോക്കാതെയേ ഞാൻ സഹായിച്ചിട്ടുള്ളൂ. ജാതി, മതം, സമുദായം, രാഷ്ട്രീയം, കൊടി... ഒന്നും നോക്കീട്ടില്ല. എപ്പോഴും നിങ്ങളുടെ സുഹൃത്തായി, ദാസനായി ഞാനുണ്ടാകും’’-മാണി ജനങ്ങളെ താണുവണങ്ങുന്നു. 

ഇടയ്ക്ക് മങ്കൊന്പ് പള്ളിയിൽ ഇത്തിരിനേരം. മൂന്നിലവിൽ ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ മീൻകറികൂട്ടി ഊണ്. വിശ്രമത്തിനിടയിൽ ഇത്തിരി നേരം മനസ്സുതുറന്നു. 

? ഇക്കുറി വലിയ ആരോപണങ്ങൾക്ക് നടുവിലാണ്. ഭയം തോന്നുന്നുണ്ടോ

എന്തിന്. പാലാക്കാർക്ക് സത്യമറിയാം. പര്യടനത്തിനിടയിൽ അവരുടെ സ്നേഹം ഞാനറിയുന്നുണ്ട്. കൊച്ചുകുട്ടികൾവരെ ഒപ്പമില്ലേ...

? ആളുകളെ കൈയിലെടുക്കാൻ പ്രത്യേക ഗിമ്മിക്കുണ്ടല്ലേ

ഗിമ്മിക്കും മാജിക്കുമൊന്നുമല്ല. എന്റെ പ്രവർത്തനസുതാര്യതയാണ് കാരണം.  

? മരണവീട്ടിൽ, അപകടസ്ഥലത്ത്... പലയിടത്തും താങ്കൾ പെട്ടെന്ന് കണ്ണൊക്കെ നിറഞ്ഞ്... അതിലും രാഷ്ട്രീയമുണ്ടോ

അതെന്റെ വികാരമാണ്. സങ്കടപ്പെടുത്തുന്ന സിനിമകൾ കണ്ടാൽപ്പോലും ഞാനിന്നും കരയും. പുറമേ കണ്ടാൽ ശക്തിമാനാണെന്ന് തോന്നാം. 

? കേരളാകോൺഗ്രസ് പിളർന്ന്... ഫ്രാൻസിസ് ജോർജുവരെ. ഈ നഷ്ടങ്ങൾ

ഒരാൾപോലും പോകരുതെന്നാണ് ആഗ്രഹം. എന്നാൽ, അവർ പോയതുകൊണ്ട് വലിയ നഷ്ടമെന്ന് പറയാനില്ല. 

? പി.സി. ജോർജ് താങ്കൾക്കെതിരേ പ്രചാരണംനടത്തുന്നുണ്ട്

ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ലാ എന്നതാണ് അയാളുടെ അവസ്ഥ. ഇടതുപക്ഷത്തിനുപോലും സ്വീകാര്യനല്ല. അവർക്കറിയാം, എടുത്താൽ ബാധ്യതയാവുമെന്ന്‌. 

? പാലായിലടക്കം ബി.ജെ.പി.യുടെ പ്രചാരണത്തിന്റെ വലിയ കാഴ്ചയുണ്ട്. അവർ ഒരു ശക്തിയാണോ

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. പണം കൊണ്ടുതള്ളുകയല്ലേ. അവരെ ചെറുതായിക്കാണുന്നില്ല. പേടിക്കേണ്ട ശക്തിയൊന്നുമല്ലതാനും. ചില സ്ഥലങ്ങളിൽ അവർ ഒരു പ്രത്യേക ശക്തിയാണ്. പക്ഷേ, അക്കൗണ്ട് തുറക്കണമെങ്കിൽ ബാങ്കിൽ പോകേണ്ടിവരുമെന്നുമാത്രം. അവരുടെ വർഗീയവത്കരണം ശരിയല്ല. 

? താങ്കളെയും ഒപ്പംകൂട്ടാൻ  ശ്രമിച്ചു ബി.ജെ.പി.

കേരളാകോൺഗ്രസ്സിന്റെ സ്വീകാര്യതയാണ് കാരണം. ജനപിന്തുണയുള്ള ഒരു പാർട്ടിയെ ആര് വേണ്ടെന്നുവെക്കും.

? കെ. കരുണാകരനോ ഉമ്മൻചാണ്ടിയോ നല്ല മുഖ്യമന്ത്രി

എല്ലാവരും നല്ലവരാണ്. ഓരോരുത്തർക്കും ഓരോ ഗുണങ്ങൾ -മാണി പറഞ്ഞുനിർത്തി. ശേഷം വിശ്രമത്തിലേക്ക്‌. അപ്പോഴേക്കും ആന്റോ ആന്റണി എം.പി. എത്തുന്നു. അല്പനേരം അടച്ചിട്ട മുറിയിൽ സംസാരം. വിശ്രമം കഴിയുമ്പോൾ വൈകിട്ടത്തെ പ്രചാരണത്തിന് തുടക്കം. ഒന്നും നേതാവിനെ തളർത്തുന്നില്ല.