കോട്ടയം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂഞ്ഞാറിനെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം പുകയുന്നു.  ഈ സീറ്റ് വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് കേരളകോണ്‍ഗ്രസ് മാണി വിഭാഗം അനുകൂല പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, പത്തനംതിട്ട ജില്ലയിലെ റാന്നി, കൊല്ലം ജില്ലയിലെ പുനലൂര്‍ എന്നിവയുള്‍പ്പെടെ മൂന്ന് സീറ്റുകള്‍കൂടി മാണി വിഭാഗം കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഇക്കാര്യത്തില്‍ തൃപ്തികരമായ നടപടിയുണ്ടായാല്‍ പൂഞ്ഞാര്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കും. ഇതിനായി കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലും നിര്‍ണായകമാകും. ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരാണ് പൂഞ്ഞാറിലേക്ക് കോണ്‍ഗ്രസ് കരുതിവച്ചിട്ടുള്ളത്.  പൂഞ്ഞാര്‍ മണ്ഡലത്തില്‍ അഞ്ചു പഞ്ചായത്തുകളുടെ ഭരണം കോണ്‍ഗ്രസിനാണ്. പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ ഇടതുപിന്തുണയോടെ മത്സരിക്കാനാണ് സാധ്യത.  പി.സി.ക്കെതിരെ പോരാട്ടത്തിന് മികച്ച സ്ഥാനാര്‍ത്ഥിയെയാണ് മാണി വിഭാഗവും തേടുന്നത്. പല പേരുകളും ഉയരുന്നുണ്ടെങ്കിലും മാണിഗ്രൂപ്പ് പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല.