കോഴ ആരോപണങ്ങള്‍, പുതിയ എതിരാളിയായ എന്‍.ഡി.എ... സിറ്റിങ് എം.എല്‍.എമാര്‍ക്ക് കസേര കാത്തുസൂക്ഷിക്കാന്‍ ഇത്തവണ നേരിടേണ്ടിവന്നത് നിരവധി പ്രതിസന്ധികള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും കെ.എം. മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഇത്തവണ വോട്ടെണ്ണലിന് സാക്ഷ്യംവഹിച്ചത്.

ബാര്‍ക്കോഴ ആരോപണവും പി.സി. ജോര്‍ജുമായുള്ള പടലപ്പിണക്കവും ഒപ്പം എക്‌സിറ്റ്‌പോള്‍ ഫലവുമെല്ലാം ആദ്യം മുതല്‍ തന്നെ കെ.എം. മാണിയുടെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ ഭൂരിപക്ഷത്തിലെ ഇടിവും എതിരാളിയായ എന്‍.സി.പി. സ്ഥാനാര്‍ഥി മാണി സി. കാപ്പനിലേക്ക് പ്രവചനങ്ങള്‍ കൊണ്ടെത്തിച്ചു. വോട്ടെണ്ണലിലെ പല സന്ദര്‍ഭങ്ങളിലും മാണി സി. കാപ്പന്‍ മുന്നേറുകയുമുണ്ടായി. നൂറിന്റെ കണക്കില്‍ വര്‍ധിച്ച വോട്ടുകള്‍ ഒടുവില്‍ അവസാന ഘട്ടത്തോടെ ആയിരങ്ങളിലേക്ക് കുതിച്ചുയരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേതിലും 556 വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ കുറയുകയും ചെയ്തു.

വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തോല്‍വി ഏതാണ്ട് ഉറപ്പിച്ചതാണ് ഏറ്റുമാനൂരിലെ സി.പി.എം സിറ്റിങ് എം.എല്‍.എ സുരേഷ് കുറുപ്പ്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനാണ് മുന്നിട്ടുനിന്നതെങ്കിലും എന്‍.ഡി.എ വോട്ടുകളും കഥയിലെ പ്രധാന വില്ലനായി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നഗരസഭയിലുള്‍പ്പെടെ കാഴ്ചവെച്ച നേട്ടങ്ങളുടെ പിന്‍ബലത്തിലാണ് ഇത്തവണ എന്‍.ഡി.എ. രംഗത്തുവന്നത്. എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റുകൂടിയായ എ.ജി. തങ്കപ്പന്‍ 27450 വോട്ടുകള്‍ മണ്ഡലത്തില്‍ നിന്ന് നേടിയെടുത്തു. അവസാനഘട്ടത്തില്‍ 8899 എന്ന ഭൂരിപക്ഷത്തിലാണ് കുറുപ്പ് സി.പി.എം സീറ്റ് കാത്തത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് എം സിറ്റിങ് എം.എല്‍.എ ഡോ.എന്‍. ജയരാജ് 2006 മുതല്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തുവരികയാണ്. 2011-ല്‍ 12,206 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സി.പി.ഐയിലെ സുരേഷ്.ടി.നായരെ ഡോ.എന്‍. ജയരാജ് പരാജയപ്പെടുത്തി. എന്നാല്‍ 2016-ല്‍ വെറും 3890 വോട്ടുകളുടെ ശക്തിയിലാണ് അദ്ദേഹം കരകയറിയത്. 

എന്നാല്‍ ലോകസഭ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് എന്നിവയുടെ തുടര്‍ച്ചയായി വലിയ വോട്ട് ചോര്‍ച്ചയാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഏക ഹിന്ദു സ്ഥാനാര്‍ഥിയായ ജയരാജിന് നേരിടേണ്ടിവന്നത്. ഇത്തവണ ബി.ജെ.പി. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സി.പി.ഐ സ്ഥാനാര്‍ഥി വി.ബി.ബിനു അദ്ദേഹത്തെ കടത്തിവെട്ടി. മണിക്കൂറുകളോളം ലീഡ് നിലനിര്‍ത്താനും ബിനുവിന് സാധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വി.എന്‍. മനോജ് 31411 വോട്ടുകളാണ് നേടിയെടുത്തതും.

സമാന അവസ്ഥയാണ് ചങ്ങനാശേരിയിലും കാണാന്‍ സാധിച്ചത്. 1980 മുതല്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എ.യാണ് ചെന്നിക്കര ഫ്രാന്‍സിസ് തോമസ് എന്ന സി.എഫ്.തോമസ്. 1980, 1982, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി തുടര്‍ച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 

കേരള കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പോയി ഫ്രാന്‍സിസ് ജോര്‍ജിന്റെ സംഘത്തിലെ പ്രധാന നേതാവ് കെ.സി. ജോസഫുമായി 1849 വോട്ടിന്റെ വ്യത്യാസത്തിലാണ് അദ്ദേഹം ഈ തിരഞ്ഞെടുപ്പ് വിജയിച്ചത്. ഇത്തവണ സീറ്റിനായി ജോബ് മൈക്കിള്‍ നടത്തിയ സമ്മര്‍ദ്ദം മറികടന്നാണ് പാര്‍ട്ടി വീണ്ടും സി.എഫിനെ സ്ഥാനാര്‍ഥിയാക്കിയത്. ഒപ്പം എതിരാളിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കിയതിന്റെ ബലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി ഏറ്റുമാനൂര്‍ രാധാകൃഷ്ണനും. ആര്‍.എസ്.എസിലും ജനസംഘത്തിലും യുവമോര്‍ച്ചയിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വരെയെത്തിയ ഇദ്ദേഹത്തിന് 21455 വോട്ടുകളാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഡോ. ബി. ഇക്ബാലിനോട് മത്സരിച്ചപ്പോള്‍ സി.എഫ്. തോമസിന് ഭൂരിപക്ഷം 2554 ആയിരുന്നു. ഇത്തവണ അത് 1849 ആയി കുറഞ്ഞിരിക്കുകയാണ്.