മുന്നണിയേതായാലും എം.എല്‍.എ പി.സി. ജോര്‍ജ് തന്നെയെന്ന് പൂഞ്ഞാറുകാര്‍ വീണ്ടും വ്യക്തമാക്കി. ഏറ്റവും ശക്തമായ ചതുഷ്‌കോണമത്സരം നടക്കുന്നു എന്ന പ്രത്യേകതയുമായി ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു ഈ മണ്ഡലം. ഇടതും വലതും കൈവിട്ട തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന്, 27821 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോര്‍ജ് തെളിയിച്ചു.

63621 വോട്ടുകള്‍ ജോര്‍ജിന് ലഭിച്ചപ്പോള്‍, കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തിക്ക് ലഭിച്ചത് 35800 വോട്ടുകള്‍ മാത്രമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ കേരള കോണ്‍ഗ്രസ് എം എം.എല്‍.എയുമായ പി.സി. ജോസഫിന് ലഭിച്ചത് 22270വോട്ടും. ബി.ജെ.ഡി.എസ്. സ്ഥാനാര്‍ഥിയയ എം.ആര്‍. ഉല്ലാസ് 19966 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് എത്തി. 

കെ.എം. മാണിയുമായുള്ള വിയോജിപ്പുകള്‍ക്ക് പിന്നാലെ അരുവിക്കര തിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണിക്ക് പിന്തുണയുമായി രംഗത്തുവരുന്നതോടെയാണ് പി.സി. ജോര്‍ജ് എന്ന ഒറ്റയാന്‍ രൂപം പ്രാപിക്കുന്നത്. എന്നാല്‍ അരുവിക്കരയിലെ സ്ഥാനാര്‍ഥി നോട്ടയ്ക്കു ലഭിച്ചതിലും കുറവ് വോട്ടുനേടി തോറ്റു. മാണിയുമായി വഴക്കിട്ട് പിന്നീട് പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്തിറങ്ങിയതോടെ ചീഫ് വിപ്പ് സ്ഥാനം ജോര്‍ജിന് നഷ്ടമായി. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനര്‍ജീവിപ്പിച്ചെങ്കിലും ചെയര്‍മാന്‍ ടി.എസ് ജോണുമായുള്ള വഴക്കിനെ തുടര്‍ന്ന് അവിടെ നിന്നും പുറത്തിറങ്ങി. ഇടതുപക്ഷത്തിന്റെ പിന്തുണയും ലഭിക്കാതെ വന്നതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1980-ലാണ് പി.സി. ജോര്‍ജ് ആദ്യമായി പൂഞ്ഞാര്‍ എം.എല്‍.എ ആകുന്നത്. കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥിയായി അന്നും 1982-ലും ജയം. 1987-ല്‍ അതേ പാര്‍ട്ടിസ്ഥാനാര്‍ഥിയായി പരാജയം. 1991-ല്‍ മത്സരരംഗത്ത് ഇല്ലായിരുന്നു. 1996 മുതല്‍ പി.സി. ജോര്‍ജ് പൂഞ്ഞാറിലെ മുടിചൂടാമന്നനാണ്. മുന്നണിമാറിയെങ്കിലും പിന്നീടുള്ള തിരഞ്ഞെടുപ്പിലൊന്നും പരാജയം അറിഞ്ഞിട്ടേയില്ല. 1996-ലും 2001-ലും കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥിയായി ജയിച്ചു. 2006-ല്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപവത്കരിച്ച് ഇടതുപിന്തുണയോടെ ജയിച്ചു. ഈ മൂന്നു തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് എമ്മിനെ പരാജയപ്പെടുത്തിയ ജോര്‍ജ് 2011-ല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായാണ് ജയിച്ചത്.  

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ആന്റോ ആന്റണിയെ പരാജയപ്പെടുത്താന്‍ പരസ്യനിലപാടെടുത്തതും മറ്റും ജോര്‍ജിനെതിരെയുള്ള നീക്കങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൂഞ്ഞാറിലെ ജനങ്ങള്‍ പി.സിക്കൊപ്പമാണെന്ന് തെളിയുകയായിരുന്നു.