ഒരു പാലമിട്ടാല്‍ അങ്ങോട്ടം ഇങ്ങോട്ടുമാകാം എന്ന് കോട്ടയത്തെ ജനങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉറപ്പുനല്‍കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നിരവധി റോഡുകളും പാലങ്ങളും സമ്മാനിച്ച പ്രിയ എം.എല്‍.എക്ക് ഇത്തവണ അക്ഷരനഗരിയിലെ ജനങ്ങള്‍ സമ്മാനിച്ചത് ചരിത്രവിജയം. കോട്ടയം നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന ബഹുമതിയാണ് ഇതോടെ തിരുവഞ്ചൂരിന് സ്വന്തമായിരിക്കുന്നത്.

1980-ല്‍ സി.പി.എം സ്ഥാനാര്‍ഥി കെ.എം. എബ്രഹാം, ജനത പാര്‍ട്ടി സ്ഥാനാര്‍ഥി പി.ബി.ആര്‍ പിള്ളയെ 11964 വോട്ടിന് പരാജയപ്പെടുത്തിയതായിരുന്നു ഇതുവരെ കോട്ടയം കണ്ട ഏറ്റവും വലിയ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം. 2016-ല്‍ മൂന്നിരട്ടിയില്‍ അധികം വോട്ടുകളുടെ വ്യത്യാസത്തില്‍ സി.പി.എം. സ്ഥാനാര്‍ഥി റെജി സഖറിയയെ പരാജയപ്പെടുത്തി തിരുവഞ്ചൂര്‍ ചരിത്രം തിരുത്തിക്കുറിച്ചു. 2011-ല്‍ 711 എന്ന ചെറിയ മാര്‍ജിനിലായിരുന്നു അദ്ദേഹം ആദ്യമായി കോട്ടയത്തിന്റെ എം.എല്‍.എയായത്. 

ഇത്തവണ 73894 വോട്ടുകളാണ് തിരുവഞ്ചൂരിന്  ലഭിച്ചത്. 40262 വോട്ടുകളുമായി സി.പി.എം നേതാവ് റെജി സഖറിയ രണ്ടാം സ്ഥാനത്തും. സംസ്ഥാനത്ത് യു.ഡി.എഫ് കനത്തപരാജയം നേടിയപ്പോള്‍, തിരുവഞ്ചൂര്‍ നേടിയ 33632 എന്ന കണക്ക് അഞ്ചുകൊല്ലം കൊണ്ട് അദ്ദേഹം നേടിയ ജനപിന്തുണയുടെ അളവ് വ്യക്തമാക്കുന്നതാണ്.