ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. പി.സി.ജോര്‍ജിന്റെ സിറ്റിങ്ങ് മണ്ഡലം കൂടിയാണിത്. തന്റെ തട്ടകമായ പൂഞ്ഞാറില്‍ ഇടതില്‍നിന്നും വലതില്‍നിന്നും മത്സരിച്ച ഏഴില്‍ ആറു തവണയും വിജയിച്ച ചരിത്രമുണ്ട് പി.സി. ജോര്‍ജിന്. നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ അഞ്ചില്‍ യു.ഡി.എഫും നാലിടത്ത് എല്‍.ഡി.എഫുമാണ് ഭരണം. ഈരാറ്റുപേട്ട നഗരസഭയിലും ഭരണം എല്‍.ഡി.എഫിനാണ്.

  തിടനാട്, തീക്കോയി, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളില്‍ യു.ഡിഎഫും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, എരുമേലി, കോരുത്തോട് പഞ്ചായത്തുകളില്‍ എല്‍.ഡിഎഫും ഭരിക്കുന്നു. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളില്‍പോലും എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്തത് അവരുടെ അത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുടനീളം നേടിയ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ നല്ലപ്രകടനം നടത്താമെന്ന ഉറച്ച വിശ്വസത്തിലാണ് ബി.ജെ.പിയും. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് പൂഞ്ഞാര്‍ നീങ്ങുന്നത്.
 ഇടതുമുന്നണി സ്ഥാനാര്‍ഥി താനാണെന്ന് പി.സി. ജോര്‍ജ് പ്രഖ്യാപിച്ചെങ്കിലും സി.പി.എം. മനസ് തുറന്നിട്ടില്ല. സി.പി.എമ്മിലെ അഡ്വ. പി.ഷാനവാസും ഇടതുസ്വതന്ത്രനായി ജോര്‍ജ് ജെ.മാത്യുവും രംഗത്തുണ്ട്. എന്നാല്‍ അവസാനം പി.സി.ജോര്‍ജിനുതന്നെ സീറ്റു നല്‍കാനാണ് സാധ്യത.

 യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സീറ്റായ പൂഞ്ഞാര്‍ വിട്ടുതരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിനാണെങ്കില്‍ ഡി.സി.സി.പ്രസിഡന്റ് അഡ്വ. ടോമി കല്ലാനിയാകും സ്ഥാനാര്‍ഥി. സീറ്റ് വിട്ടുനല്‍കാന്‍ മാണി വിഭാഗം തയ്യാറായേക്കില്ല. അവരുടെ സ്ഥാനാര്‍ത്ഥിയായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സജി മഞ്ഞക്കടമ്പില്‍, സാബു പ്ലാത്തോട്ടം തുടങ്ങിയവരുടെ പേരുകളാണ് കേള്‍ക്കുന്നത്.

 ഇവിടെ 1957, 1960 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ ടി.എ.തൊമ്മന്‍ വിജയിച്ചിരുന്നു.  57ല്‍ സി.പി.ഐയുടെ ചാക്കോ വളളിക്കാപ്പനെ 12234 വോട്ടിനും, 60ല്‍ സി.പി.ഐയിലെ തന്നെ കുമാരമേനോനെ 21358 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. 65ല്‍ സ്വതന്ത്രര്‍ തമ്മിലുള്ള മത്സരത്തില്‍ പി.ഡി.തൊമ്മന്‍ 7049 വോട്ടിന് വി.ഐ.പുരുഷോത്തമനെ പരാജയപ്പെടുത്തി.

67ലും 70ലും, കേരള കോണ്‍ഗ്രസ് സ്ഥാപകനായ കെ.എം.ജോര്‍ജ് വിജയിച്ചു.  67ല്‍ സി.പി.എമ്മിലെ കെ.കെ.മേനോനെ 2558 വോട്ടിനും 70ല്‍ സ്വതന്ത്രനായ വി.ടി.തോമസിനെ 12139 വോട്ടിനുമാണ് കെ.എം.ജോര്‍ജ് പരാജയപ്പെടുത്തിയത്.
 77ല്‍ കേരള കോണ്‍ഗ്രസിലെ വി.ജെ.ജോസഫ് കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിലെ പി.ഐ. ദേവസ്യായെ 13705 വോട്ടിന് പരാജയപ്പെടുത്തി. 

 1980ല്‍ വലതുമുന്നണിയിലായിരുന്ന പി.സി.ജോര്‍ജ് കേരള കോണ്‍ഗ്രസിലെ വി.ജെ.ജോസഫിനെ 1148 വോട്ടിന് പരാജയപ്പെടുത്തി. 82ല്‍ ജനതാ പാര്‍ട്ടിയിലെ എന്‍.എം. ജോസഫിനെ 10030 വോട്ടിന് പരാജയപ്പെടുത്തി. 87ല്‍ എന്‍.എം. ജോസഫ് 1076 വോട്ടിന് പി.സി.ജോര്‍ജിനെ പരാജയപ്പെടുത്തി. 91ല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോയി എബ്രാഹം എന്‍.എം. ജോസഫിനെ 8418 പരാജയപ്പെടുത്തി. 

തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്ന 1996, 2001, 2006, 2011 വര്‍ഷങ്ങളിലും പി.സി.ജോര്‍ജാണ് വിജയിച്ചിട്ടുള്ളത്. ഇതില്‍ 2011ല്‍ വലതുമുന്നണിയില്‍നിന്നും ബാക്കി മൂന്ന് തവണയും ഇടതുമുന്നണിയില്‍നിന്നുമായിരുന്നു വിജയം.
 96ല്‍ മാണി വിഭാഗത്തിലെ ജോയി എബ്രാഹാമിനെ 10136 വോട്ടിനും, 2001ല്‍ അഡ്വ. ടി.വി. എബ്രഹാമിനെ 1894 വോട്ടിനും, 2006ല്‍ വീണ്ടും അഡ്വ. ടി.വി.എബ്രഹാമിനെ 7637 വോട്ടിനും പരാജയപ്പെടുത്തി. കേരള കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്ന് വലതുമുന്നണിയിലെത്തിയ ജോര്‍ജ് 2011ല്‍ ഇടതു സ്വതന്ത്രനായ അഡ്വ. മോഹന്‍ തോമസിനെ 15704 വോട്ടിനാണ് പരാജയപ്പെടുത്തിയത്.