കൊട്ടറ ഗോപാലകൃഷ്ണൻ
കൊട്ടറ ഗോപാലകൃഷ്ണന്‍

കൊട്ടാരക്കര: ‘ഗോലികളിച്ച്‌ നടക്കേണ്ട പയ്യനാണോ എനിക്കെതിരെ മത്സരിക്കുന്നത്’. പുച്ഛവും പരിഹാസവും അല്പം അഹങ്കാരവും നിറഞ്ഞ സ്വരത്തിൽ കൊട്ടാരക്കരയുടെ തിരഞ്ഞെടുപ്പ് ആകാശത്തിൽ ഈ ചോദ്യം മുഴങ്ങിയത് 1970ലായിരുന്നു. ചോദ്യകർത്താവ് കൊട്ടാരക്കരയുടെ രാഷ്ട്രീയ ചാണക്യൻ ആർ.ബാലകൃഷ്ണപിള്ള. 

26 വയസ്സുമാത്രമുള്ള കൊട്ടറ ഗോപാലകൃഷ്ണനെ നിസ്സാരമായി കണ്ട പിള്ളയ്ക്ക്‌ തെറ്റി. വോട്ടെണ്ണിയപ്പോൾ തിരഞ്ഞെടുപ്പുഗോദയിൽ പിള്ളയെ കൊട്ടറ മലർത്തിയടിച്ചു. 4677 വോട്ടിന് പിള്ള പരാജയപ്പെട്ടു.കൊട്ടറയുടെ വിജയത്തെക്കുറിച്ച് ഉമ്മൻചാണ്ടി പിന്നീട് ഇങ്ങനെ എഴുതി... കൊട്ടറ ഗോപാലകൃഷ്ണന്റെ ജനപ്രിയതയിലും ജയിക്കാനുള്ള കഴിവിലും എനിക്ക്‌ വിശ്വാസമുണ്ടായിരുന്നു. 
എന്നാൽ അത്‌ തുറന്നുപറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. കൊട്ടാരക്കരയിൽ പിള്ളയെ അട്ടിമറിച്ച കൊട്ടറയുടെ വിജയം കോൺഗ്രസ് നേതൃത്വത്തെപ്പോലും ഞെട്ടിച്ചു. 

എ.കെ.ആന്റണി, ഉമ്മൻചാണ്ടി, എ.സി.ഷണ്മുഖദാസ്, എൻ.രാമകൃഷ്ണൻ തുടങ്ങി കോൺഗ്രസ്സിലെ യുവതുർക്കികൾക്കൊപ്പമാണ് കൊട്ടറ ഗോപാലകൃഷ്ണനും കന്നിപ്പോരാട്ടത്തിനിറങ്ങിയത്. കൊട്ടാരക്കരയിൽ പിള്ളയ്ക്കെതിരെ പോരാടുമ്പോൾ വിജയപ്രതീക്ഷ ആർക്കും ഉണ്ടായിരുന്നില്ലെന്ന്‌ സഹോദരനായ ഗോപിനാഥൻ ഓർക്കുന്നു. കളത്തിലിറങ്ങിയ ചെറുക്കനെ നിസ്സാരനായിക്കണ്ട്‌ പിള്ള നടത്തിയ പ്രസംഗം കോൺഗ്രസ് കേന്ദ്രങ്ങൾക്കുകിട്ടിയ പിടിവള്ളിയായി.

ഗോലികളിക്കേണ്ട ചെറുക്കനെന്ന പ്രയോഗം പ്രചാരണത്തിൽ തീയായി. വാക്കുകൾക്ക്‌ തീപടർത്തുന്ന കൊട്ടറയുടെ നാവിന് പിന്നെ വിശ്രമമുണ്ടായില്ല. വോട്ടെണ്ണിയപ്പോൾ ഗോപാലകൃഷ്ണന് പശുവും കിടാവും ചിഹ്നത്തിൽ കിട്ടിയത് 32,536 വോട്ട്, ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടും. അടിയന്തരാവസ്ഥയുടെ കാലംകൂടി എത്തിയതിനാൽ തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയിരിക്കാനുള്ള യോഗവും കൊട്ടറയ്ക്കുണ്ടായി.

 1967ൽ ഇ.ചന്ദ്രശേഖരൻ നായരോട്‌ തോറ്റതിന്റെ ക്ഷീണം തീർക്കാൻ വർധിത വീര്യത്തോടെയായിരുന്നു പിള്ളയുടെ വരവ്. എന്നാൽ അഹങ്കാരം വാക്കിലേറിയതോടെ വോട്ടുചോർന്നു. നായർ, ക്രിസ്ത്യൻ വോട്ടുകൾ കൊട്ടറയുടെ പെട്ടിയിലേക്കൊഴുകിയെന്നാണ് വിലയിരുത്തൽ. പിള്ളയെ തോൽപ്പിച്ചതോടെ കൊട്ടറ താരമായി. വിദ്യാർഥി, യുവജനനേതാവും പ്രസംഗകനുമായിരുന്ന ഗോപാലകൃഷ്ണന്റെ ജീവിതചിത്രം രാഷ്ട്രീയക്കാരനിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.

കവിയും അഭിനേതാവും എഴുത്തുകാരനുമായിരുന്നു. മുദ്രാവാക്യരചനയിലും തിളങ്ങി. ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കു’മെന്ന്‌ കൊട്ടറ വിളിച്ചപ്പോൾ കേരളം മുഴുവനും അതേറ്റുവിളിച്ചു. 70ൽ പിള്ളയെ തോൽപ്പിച്ചെങ്കിലും 77ൽ പിള്ളയോട്‌ തോറ്റത് കൊട്ടറയ്ക്ക്‌ തിരിച്ചടിയായി.ഇതിനിടയിൽ അഭിനയരംഗത്തും സജീവമായി.

അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ താരമായി. ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തു. 2003 ഫിബ്രവരി 17ന് ലോകത്തോട്‌ വിടപറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ തിളങ്ങുന്ന പേരായി ഇന്നും കൊട്ടറ നിറയുന്നു.