കൊല്ല ത്ത്താളം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമായിട്ടില്ലാത്ത ജില്ലയിലെ തിരഞ്ഞെടുപ്പുപ്രചാരണരംഗം താളം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ജനങ്ങളുടെ ചര്‍ച്ചാവിഷയം തിരഞ്ഞെടുപ്പ് യോഗങ്ങളിലെത്തുമ്പോള്‍ പോലും തിരഞ്ഞെടുപ്പല്ലെന്ന് നേതാക്കള്‍ക്ക് വ്യക്തമായറിയാം. എങ്കിലും കെട്ടടങ്ങിയ ആവേശത്തിന്റെ കനല്‍ ഊതിക്കത്തിക്കാനാണ് മൂന്നുമുന്നണികളുടെയും ശ്രമം. 

11 മണ്ഡലങ്ങളുള്ള ജില്ലയില്‍ കോണ്‍ഗ്രസ് ഏഴ്, ആര്‍.എസ്.പി. മൂന്ന്, മുസ്ലിംലീഗ് ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫിലെ വീതംവെപ്പ്. എല്‍.ഡി.എഫിലാകട്ടെ സി.പി.എം. നാല്, സി.പി.ഐ. നാല്, കേരള കോണ്‍ഗ്രസ് (ബി)ഒന്ന്, സി.എം.പി. ഒന്ന്, ആര്‍.എസ്.പി.(ലെനിനിസ്റ്റ്) ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍ പകുത്തത്. ആര്‍.എസ്.പി. ഇടതുമുന്നണി വിട്ടപ്പോള്‍ അധികമായി ലഭിച്ച സീറ്റുകളിലൊന്ന് ആര്‍.എസ്.പി. ലെനിനിസ്റ്റിനും ഒന്ന് സി.എം.പി.ക്കും കൊടുത്തു. കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫ്. വിട്ടതോടെ ലഭിച്ച പത്തനാപുരം, കൊട്ടാരക്കര സീറ്റുകള്‍ കോണ്‍ഗ്രസ് തന്നെ എടുത്തു. ജെ.എസ്.എസ്. കഴിഞ്ഞതവണ മത്സരിച്ച കരുനാഗപ്പള്ളിയും കോണ്‍ഗ്രസ് ഏറ്റെടുത്തു. 


2011-ലെ നിയമസഭ

യു.ഡി.എഫ്. 2
എല്‍.ഡി.എഫ്. 9
ജില്ലാ പഞ്ചായത്ത് 
എല്‍.ഡി.എഫ്. 22
യു.ഡി.എഫ്. 4

കൊല്ലം കോര്‍പ്പറേഷന്‍

യു.ഡി.എഫ്. 16
എല്‍.ഡി.എഫ്. 36
ബി.ജെ.പി. 2
എസ്.ഡി.പി.ഐ. 1

തദ്ദേശതിരഞ്ഞെടുപ്പില്‍ ഏറെക്കുറെ ഏകപക്ഷീയമായി ലഭിച്ച വിജയം എല്‍.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, മികച്ച സ്ഥാനാര്‍ഥികളും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് ഇത്തവണ ചരിത്രം മാറ്റിയെഴുതാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറുസീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് പച്ചതൊടാനായില്ല. ശക്തമായ പ്രവര്‍ത്തനവുമായി ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സ്ഥാനാര്‍ഥികളും എല്ലാ മണ്ഡലത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബി.ജെ.പി. ആറുസീറ്റിലും ബി.ഡി.ജെ.എസ്. മൂന്നുസീറ്റിലും ജെ.എസ്.എസ്സും  കേരള കോണ്‍ഗ്രസ്സും (പി.സി. തോമസ്) ഒരോ സീറ്റിലും മത്സരിക്കുന്നു. 

2011-ല്‍ പതിനൊന്നില്‍ ഒമ്പതുസീറ്റും എല്‍.ഡി.എഫ്. പിടിച്ചടക്കി. എന്നാല്‍, 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം പൂര്‍ണമായും ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗങ്ങളും ഉള്‍പ്പെട്ട ജില്ലയില്‍ മൂന്നിടത്തെയും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറി. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജില്ല തൂത്തുവാരി. ജില്ലാ പഞ്ചായത്തും കൊല്ലം കോര്‍പ്പറേഷനും നാലു നഗരസഭകളും പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. 68 പഞ്ചായത്തുകളില്‍ 61-ലും അവര്‍ ഭരണം നേടി. 

കശുവണ്ടി, കയര്‍ എന്നീ പരമ്പരാഗത തൊഴില്‍ മേഖലകളിലെ രണ്ടരലക്ഷത്തോളം വരുന്ന തൊഴിലാളികളും കുടുംബങ്ങളും തിരഞ്ഞെടുപ്പില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ഘടകമാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്റേതടക്കമുള്ള ബഹുഭൂരിപക്ഷം ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഈ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും. 

രണ്ട് താരമണ്ഡലങ്ങളാണ് ജില്ലയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊല്ലവും പത്തനാപുരവും. കൊല്ലത്ത് സി.പി.എം. സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ് അഭിനയത്തിന് അവധി നല്‍കി പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. ഭാര്യ മേതില്‍ ദേവികയടക്കം കുടുംബാംഗങ്ങളും പ്രചാരണത്തിനുണ്ട്. മുകേഷിനെ നേരിടാന്‍ കോണ്‍ഗ്രസ്സിലെ യുവനേതാവ് സൂരജ് രവിയെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. തോപ്പില്‍ രവിയുടെ മകനായ സൂരജ് ഡി.സി.സി. വൈസ്പ്രസിഡന്റു കൂടിയാണ്. റിട്ട.പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ശശികുമാറാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. പത്തനാപുരത്ത് കേരള കോണ്‍ഗ്രസ്സി(ബി)ലെ കെ.ബി. ഗണേഷ് കുമാറിനെ നേരിടാന്‍ സിനിമയില്‍ നിന്നുതന്നെ എത്തിയ ജഗദീഷും(യു.ഡി.എഫ്.) ഭീമന്‍രഘുവും (എന്‍.ഡി.എ.) പ്രചാരണത്തില്‍ തെല്ലും പിന്നിലല്ല. നാലുതവണ എം.എല്‍.എ.യായ ഗണേഷ് കുമാര്‍ ഇത്തവണ ആദ്യമായി ഇടതുപാളയത്തിലാണ്. 

കുണ്ടറയില്‍ സി.പി.എമ്മിലെ സമുന്നത നേതാവ് മേഴ്സിക്കുട്ടിയമ്മയ്ക്ക് ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ്സിന്റെ നാവായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉയര്‍ത്തുന്നത്. ബി.ജെ.പി. ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാറാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. കൊട്ടാരക്കരയില്‍ വീണ്ടും അവസരം ലഭിച്ച അയിഷാപോറ്റിയെ നേരിടുന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സവിന്‍ സത്യനാണ്. എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥി രാജേശ്വരിരാജേന്ദ്രനും. 
സി.പി.ഐ.യുടെ നാല് സിറ്റിങ് സീറ്റുകളില്‍ പുതുമുഖം കരുനാഗപ്പള്ളിയില്‍ മാത്രം. പുനലൂരില്‍ കെ. രാജുവും ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും ഇളവുനേടി വീണ്ടും രംഗത്തിറങ്ങി. ചാത്തന്നൂരില്‍ ജി.എസ്. ജയലാലിന് രണ്ടാംഅവസരമാണ്. ഇവിടെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ചാത്തന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാറാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. 

സി.പി.ഐ. ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്റെ കന്നിയങ്കമാണ് കരുനാഗപ്പള്ളിയില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര്‍. മഹേഷാണ് പ്രതിയോഗി. വി. സദാശിവനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. സിറ്റിങ് എം.എല്‍.എ. സി. ദിവാകരന് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ശുപാര്‍ശയില്‍ നെടുമങ്ങാട് സീറ്റ് ലഭിച്ചു. ചടയമംഗലത്ത് മുല്ലക്കരയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എം.എം. ഹസ്സനാണ് അങ്കത്തട്ടില്‍. കെ. ശിവദാസന്‍ ചെറുവയ്ക്കല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും. ആര്‍.എസ്.പി.യുടെ മുന്നണി പ്രവേശത്തോടെ ചടയമംഗലം സീറ്റ് നഷ്ടമായ മുസ്ലിംലീഗിന് ഏറെ വിലപേശലിനുശേഷമാണ് പുനലൂര്‍ സീറ്റ് കിട്ടിയത്. ഇവിടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ എ. യൂനുസ് കുഞ്ഞാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസി(പി.സി. തോമസ്)ല്‍ നിന്നുള്ള അഡ്വ. സിസില്‍ ഫെര്‍ണാണ്ടസാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. 

ആര്‍.എസ്.പി.ക്ക് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. ഇടതുപക്ഷം വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ അവര്‍ക്ക് മത്സരിക്കുന്ന മൂന്നുസീറ്റിലും വിജയമുറപ്പിക്കേണ്ടത് നിലനില്‍പ്പിന്റെതന്നെ പ്രശ്‌നമാണ്. പ്രത്യേകിച്ച് പാര്‍ട്ടിയില്‍നിന്ന് മൂന്നുതവണ എം.എല്‍.എ.യായ കോവൂര്‍ കുഞ്ഞുമോന്‍ തെറ്റിപ്പിരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍. ആര്‍.എസ്.പി. സംസ്ഥാനസെക്രട്ടറി എ.എ. അസീസ് ഇരവിപുരത്തും മന്ത്രി ഷിബു ബേബിജോണ്‍ ചവറയിലും വീണ്ടും ജനവിധി തേടുന്നു. ആര്‍.എസ്.പി.യില്‍നിന്ന് ഈയിടെ വേര്‍പിരിഞ്ഞുപോയ കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ എല്‍.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത ആര്‍.എസ്.പി. ലെനിനിസ്റ്റിന്റെ പേരില്‍. കുഞ്ഞുമോനെതിരെ അടുത്ത ബന്ധു ഉല്ലാസ് കോവൂരിനെയാണ് ആര്‍.എസ്.പി. രംഗത്തിറക്കിയിരിക്കുന്നത്. തഴവ സഹദേവനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. 

ഏറെക്കാലത്തിനുശേഷം സി.പി.എമ്മിന് കൈവന്ന ഇരവിപുരം സീറ്റില്‍ എ.എ. അസീസിനെതിരെ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നൗഷാദിനെയാണ് അവതരിപ്പിക്കുന്നത്. എന്‍.ഡി.എ.യ്ക്കുവേണ്ടി ആക്കാവിള സതീക്ക് രംഗത്തുണ്ട്. 
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഏറെ വിവാദങ്ങളുയര്‍ന്ന ചവറയില്‍ സി.എം.പി. സ്ഥാനാര്‍ഥിയായി ചവറ വിജയന്‍പിള്ളയാണ് മന്ത്രി ഷിബു ബേബിജോണിനെ നേരിടുന്നത്. ആര്‍.എസ്.പി.(ബി) ഇല്ലാതായതോടെ ഇത്തവണ ആദ്യമായി ഷിബു ആര്‍.എസ്.പി. ചിഹ്നത്തില്‍ മത്സരിക്കുകയാണ്. ബി.ജെ.പി. മേഖലാ ജനറല്‍ സെക്രട്ടറി എം. സുനിലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.