മഞ്ചേശ്വരം കേരളത്തിലേക്കുള്ള കവാടമാണ്. ആ കവാടത്തിലൂടെ കേരളനിയമസഭയിൽ പ്രവേശിക്കാൻ  ബി.ജെ.പി.യും തടയാൻ, പരസ്പരം പോരടിച്ചുകൊണ്ടുതന്നെ യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്ന ശ്രമം തുളുനാടൻ പോരിന് കടുപ്പമേറ്റുന്നു. കർണാടകത്തോടു ചേർന്നുനിൽക്കുന്നതും കന്നടയും തുളുവും സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ളതുമായ മണ്ഡലത്തിൽ ഇത്തവണ എന്തുസംഭവിക്കുമെന്ന് മുന്നണിനേതൃത്വങ്ങൾപോലും ഉറപ്പിച്ചുപറയാൻ ധൈര്യപ്പെടുന്നില്ല.

സർവത്ര ശങ്കയാണ്. മതേതരവോട്ടുകൾ ഭിന്നിക്കരുതെന്ന് എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞതും മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് സി.പി.എം. നേതൃത്വം പറയുന്നതും ആശങ്ക മനസ്സിൽവെച്ചുകൊണ്ടുതന്നെ. ബി.ജെ.പി.യാകട്ടെ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാതെ പതിഞ്ഞമട്ടിൽ ചിട്ടയായ പ്രവർത്തനവുമായി തന്ത്രപരമായാണ് മുന്നോട്ടുപോകുന്നത്.

ബി.ജെ.പി.വിരുദ്ധ ഏകീകരണത്തിന് തങ്ങളായി സാധ്യത തുറന്നുകൊടുക്കാതിരിക്കാനുള്ള തന്ത്രമാകാമതെന്നാണ് വിലയിരുത്തൽ. ഒന്നിലേറെത്തവണ തങ്ങൾക്കു മുമ്പിൽ കവാടം അടഞ്ഞുപോയതിനു കാരണം മുന്നണിക്കതീതമായ ഏകീകരണമാണെന്ന് അവർ വിശ്വസിക്കുന്നു.

2006-ൽ ശക്തമായ സർക്കാർവിരുദ്ധതരംഗമുണ്ടായപ്പോൾ മാത്രമാണ് അടുത്തകാലത്ത് ഇവിടെ എൽ.ഡി.എഫ്. ജയിച്ചത്. അന്നു ജയിച്ച സി.എച്ച്. കുഞ്ഞമ്പു കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പിന്നെയും ബഹുദൂരം പിറകിലായതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ആദ്യം പ്രതീക്ഷയൊന്നും വെച്ചുപുലർത്താതിരുന്ന മണ്ഡലം.

അതിനാൽത്തന്നെ ഇത്തവണ കുഞ്ഞമ്പു സ്ഥാനാർഥിയായത് അപ്രതീക്ഷിതമായാണ്. എന്നാൽ, പ്രചാരണരംഗത്ത് നല്ല കുതിപ്പുണ്ടാക്കാൻ കുഞ്ഞമ്പുവിനു കഴിഞ്ഞെന്നും യു.ഡി.എഫിനനുകൂലമായി ബി.ജെ.പി.വിരുദ്ധ ഏകീകരണമെന്ന പഴയ സ്ഥിതി ഇനിയില്ലെന്നും എൽ.ഡി.എഫ്. തറപ്പിച്ചുപറയുന്നു. 

ആരുജയിക്കുമെന്നല്ല ഇപ്പോൾ മഞ്ചേശ്വരത്ത് മുഴങ്ങുന്ന ചോദ്യവും തർക്കവും, ആരുതമ്മിലാണ് മത്സരമെന്നതാണ്. യു.ഡി.എഫും ബി.ജെ.പി.യും തമ്മിലാണെന്ന് യു.ഡി.എഫും, യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്ന് എൽ.ഡി.എഫും വാദിക്കുന്നു. ഈ വാദമാണിപ്പോൾ മണ്ഡലത്തിലെ പ്രധാന പ്രചാരണവിഷയം! എന്നാൽ, ബി.ജെ.പിയാണ് മണ്ഡലത്തിൽ ഒന്നാമതെന്നു മാത്രമാണ് ബി.ജെ.പി. പറയുന്നത്. 

കഴിഞ്ഞതവണത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർതന്നെ ഇത്തവണയും ഏറ്റുമുട്ടുമ്പോൾ കണക്കുകൾ തുണയ്ക്കുന്നത് യു.ഡി.എഫിനെത്തന്നെയാണ്. നിലവിലെ എം.എൽ.എ. മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൾ റസാഖ് 49,817 വോട്ടാണു നേടിയത്. മൂന്നു കൊല്ലത്തിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ട് 52,459 ആയി.

രണ്ടാംസ്ഥാനം നേടിയ ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പിൽ 43,959 വോട്ടാണ് കിട്ടിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് 46,631 ആയി വർധിച്ചു. എൽ.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് 35,067. അത് ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോൾ കുറഞ്ഞ് 29,433 ആയി. 

മഞ്ചേശ്വരത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തുടർകണക്ക് ഇതിൽ കാണാം. നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ബി.ജെ.പി.ക്കും വർധിച്ചത് തുല്യവോട്ട്- 2642 വീതം. അതായത് 2011-ലും 2014-ലും നടന്ന തിരഞ്ഞെടുപ്പിൽ ഒരേ ഭൂരിപക്ഷം- 5828. എൽ.ഡി.എഫിന്റെ വോട്ട് യു.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും തുല്യമായി ചോർന്നു! കൂടാതെ 250 വോട്ടും കൂടി കുറഞ്ഞു.

മൊത്തം കുറഞ്ഞത് 5634. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് മറ്റൊരിടത്തുമില്ലാത്തവിധം എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയുമെല്ലാം മത്സരം യു.ഡി.എഫും ബി.ജെ.പി.യും തമ്മിലാണെന്നും അലോസരപ്പെടുത്തരുതെന്നും പറയുന്നത്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തിൽ അഞ്ചിടത്തും യു.ഡി.എഫിനാണ് ഭരണം. രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബി.ജെ.പി.യും. 

ഭരണവിരുദ്ധവികാരവും വർഗീയതക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷമാണ് മുന്നിലെന്ന ബോധ്യവും എൽ.ഡി.എഫിന്റെ സ്ഥിതി മെച്ചപ്പെടുത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. യു.ഡി.എഫ്. സ്ഥാനാർഥിയുടെ സഹോദരനായ പി.ബി.അഹമ്മദാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരകരിലൊരാളെന്നതും അനുകൂലമായി അവർ എടുത്തുകാട്ടുന്നു. 

എന്നാൽ, മണ്ഡലത്തിലും സംസ്ഥാനത്താകെയുമുണ്ടാക്കാൻ കഴിഞ്ഞ വികസനവും ബി.ജെ.പി.യെ തോൽപ്പിക്കാൻ യു.ഡി.എഫിനേ കഴിയൂ എന്ന ബോധ്യവും യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി വർധിപ്പിക്കുമെന്നാണ് യു.ഡി.എഫ്. വിശ്വസിക്കുന്നത്. മണ്ഡലത്തിൽ അനുക്രമമായി ഉണ്ടാക്കാൻ കഴിഞ്ഞ വളർച്ച ഇത്തവണ ഫലപ്രാപ്തിയിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കാസർകോട്ടെ വൻ റാലി മഞ്ചേശ്വരത്തെ വിജയവിളംബരംകൂടിയാണെന്നും ബി.ജെ.പി. അവകാശപ്പെടുന്നു.

എന്നാൽ, ഇതിലെല്ലാം മേലെ ഒന്നുണ്ട്. അത് കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് വർധിച്ച മണ്ഡലമാണിത് എന്നതാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം 18,546 വോട്ടാണ് വർധിച്ചത്. മൊത്തം വോട്ട് 2,08,165. പുതിയ വോട്ടർമാരിൽ എത്രപേരുടെ പിന്തുണയാർജിക്കാൻ കഴിയുമെന്നതാണ് ഓരോ സ്ഥാനാർഥിക്കുമുള്ള വെല്ലുവിളി. അതിൽ ബഹുദൂരം മുന്നിലെത്താൻ കഴിയുന്നതാവും നിർണായകം.