ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോഴേക്കും കാഞ്ഞങ്ങാട് മണ്ഡലത്തിലെ പോരാട്ടം മേടച്ചൂടിനോളം തിളച്ചുമറിഞ്ഞുതുടങ്ങി. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ തർക്കങ്ങളും പടലപ്പിണക്കങ്ങളും മുന്നണിയെയും പ്രവർത്തകരെയും തെല്ലൊന്ന് ആലസ്യത്തിലാക്കിയിരുന്നു. ഈ സമയം ഇടതുപക്ഷവും എൻ.ഡി.എ.യും പ്രാചരണം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾകൊണ്ട് ഈ മുന്നേറ്റത്തിനൊപ്പം എത്താൻ യു.ഡി.എഫിന് കഴിഞ്ഞു. വലിയ ആവേശത്തിൽ മുസ്‌ലിം ലീഗും ഇതര ഘടകകക്ഷികളും കോൺഗ്രസിനൊപ്പം രംഗത്തിറങ്ങിയതോടെ യു.ഡി.എഫിന്റെ പ്രചാരണം കൊഴുത്തു. ഇപ്പോൾ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമാണ്.

വികസനവും രാഷ്ട്രീയവും മുതൽ കുടിവെള്ളവും ബംഗാൾ തിരഞ്ഞെടുപ്പുമെല്ലാം പ്രചാരണ ആയുധങ്ങളാകുന്നു. ഏറ്റവുമൊടുവിൽ, സുരേഷ്‌ഗോപി രാജ്യസഭാ എം.പി.ആകുന്നത് വരെ. കാൽലക്ഷം പുതിയ വോട്ടർമാരുണ്ട് മണ്ഡലത്തിൽ. അവരാണ് വിധി നിർണയിക്കുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 7,500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേയുള്ളു. ഈ കണക്കും പുതിയവോട്ടർമാരുടെ കണക്കുമാണ് തുലാസിന്റെ തട്ടിൽ തൂങ്ങുക.

നിലവിലെ വോട്ടുനില

ആകെവോട്ട്...1,77,812
പോൾചെയ്തത്...1,39,841
ഇ.ചന്ദ്രശേഖരൻ (സി.പി.ഐ)...66,640
അഡ്വ. എം.സി.ജോസ് (കോൺ.)...54,462
മടിക്കൈ കമ്മാരൻ (ബി.ജെ.പി)...15,543

സി.പി.ഐ. സംസ്ഥാന ഖജാൻജി കൂടിയായ ഇ.ചന്ദ്രശേഖരനാണ് ഇടതുമുന്നണി സ്ഥാനാർഥി. ചന്ദ്രശേഖരന്റെ രണ്ടാമൂഴമാണിത്. തുടങ്ങിെവച്ച വികസനങ്ങൾ പൂർത്തീകരിക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും വോട്ടഭ്യർഥിക്കുന്ന ചന്ദ്രശേഖരൻ, വിജയത്തെക്കുറിച്ചല്ല, ഭൂരിപക്ഷവർധനയെക്കുറിച്ചു മാത്രമാണ് പറയുന്നത്. ഡി.സി.സി. ജനറൽ സെക്രട്ടറിയായ ധന്യ സുരേഷാണ് യു.ഡി.എഫിന്റെ സാരഥി. ജില്ലയിലെ ഏക വനിതാ സ്ഥാനാർഥിയാണ് ധന്യ.

താൻ മാത്രമാണ് വനിതാ സ്ഥാനാർഥിയെന്നും അതുകൊണ്ടുതന്നെ മണ്ഡലത്തിലെ ഭൂരിപക്ഷം സ്ത്രീവോട്ടും തനിക്ക് കിട്ടുമെന്നും ആത്മവിശ്വാസത്തോടെ പറയുന്നു ധന്യ. ഈ വാക്കുകൾക്ക് ഇവിടത്തെ സ്ത്രീവോട്ടർമാർ ചെവികൊടുത്താൽ കാഞ്ഞങ്ങാട്ട് അട്ടിമറി വിജയമുണ്ടാകുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. എന്നാൽ, ചന്ദ്രശേഖരനെയോ ഇടതുപക്ഷത്തെയോ സംബന്ധിച്ച് ഇത്തരം പ്രചാരണങ്ങളൊന്നും അവർ ഗൗനിക്കുന്നേയില്ല. നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് അവർ പരമാവധി വോട്ട്‌ ശേഖരിക്കുന്ന തിരക്കിലാണ്. ബി.ഡി.ജെ.എസിലെ എം.പി.രാഘവനെയാണ് എൻ.ഡി.എ. അങ്കത്തട്ടിലിറക്കിയത്.

ഗൾഫിലെ തന്റെ ബിസിനസ് സാമ്രാജ്യത്തിൽ ഈ നാട്ടിലെ എത്രയോ പേർക്ക് തൊഴിൽകൊടുത്തത് എടുത്തുപറഞ്ഞ് രാഘവൻ ചോദിക്കുന്നു. ഇടതോ വലതോ മുന്നണിക്കാർ ഈ നാട്ടിലെ പത്തുപേർക്കെങ്കിലും ജോലി വാങ്ങികൊടുത്തിട്ടുണ്ടോ. അതിനായി എന്തെങ്കിലും സംരംഭം ഇവർക്ക് ഇവിടെ തുടങ്ങാൻ കഴിഞ്ഞോ...ചോദ്യങ്ങളും മറുചോദ്യങ്ങളുമായി കാഞ്ഞങ്ങാടിന്റെ മണ്ണിൽ മത്സരം പൊടിപാറുന്നു.


ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്ന മണ്ഡലം എന്ന വിശേഷണമാണ് കാഞ്ഞങ്ങാടിന് ഉള്ളത്. എന്നാൽ, 1987-ൽ കോൺഗ്രസിലെ എൻ.മനോഹരൻ മാഷ് 59 വോട്ടിന്  ഇടതുപക്ഷത്തെ മലർത്തിയടിച്ചതും ഈ നാടിന്റെ ചരിത്രത്താളിലുണ്ട്. അന്ന് സി.പി.ഐ. നേതാവ് പള്ളിപ്രം ബാലനായിരുന്നു എതിർസ്ഥാനാർഥി. 2006-ൽ പള്ളിപ്രം ബാലൻ 34,939 വോട്ടു നേടി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ചന്ദ്രശേഖരന് കിട്ടിയ ഭൂരിപക്ഷം 12,178 വോട്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും പുതിയവോട്ടർമാരുടെ എണ്ണവുമെല്ലാം കൂട്ടിയും കിഴിച്ചും നോക്കിയാൽ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയെന്ന വിശേഷണം അസ്ഥാനത്താകും. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്

മണ്ഡലത്തിന്റെ പേര് കാഞ്ഞങ്ങാട് എന്നായത്. അതുവരെ ഹൊസ്ദുർഗ് മണ്ഡലമായിരുന്നു ഇത്.  നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്തിനെയും ഈ മണ്ഡലത്തിൽനിന്ന് തൃക്കരിപ്പൂർ മണ്ഡലത്തിലേക്ക് ലയിപ്പിക്കുകയും പകരം ഉദുമ മണ്ഡലത്തിലുൾപ്പെട്ടിരുന്ന അജാനൂർ ഗ്രാമപ്പഞ്ചായത്തിനെ  ചേർക്കുകയുംചെയ്തു. കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ, മടിക്കൈ, കോടോം-ബേളൂർ, കള്ളാർ, പനത്തടി, കിനാനൂർ-കരിന്തളം, ബളാൽ പഞ്ചായത്തുകളുമാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കള്ളാർ, ബളാൽ ഗ്രാമപ്പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിന്റെ കൈയിലുള്ളത്. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ, മടിക്കൈ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം, പനത്തടി ഗ്രാമപ്പഞ്ചായത്തുകൾ ഇടതുപക്ഷമാണ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,76,371 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇക്കുറി കാൽലക്ഷത്തിലധികം വോട്ടർമാർ കൂടിയിട്ടുണ്ട്.

ധന്യ സുരേഷ്  (യു.ഡി.എഫ്.)

കാഞ്ഞങ്ങാടിന്റെ മുഖച്ഛായമാറണം. അതിന് യു.ഡി.എഫ്. ജയിക്കണം. ഒരിക്കൽപ്പോലും വനിതകളെ നിയമസഭയിലേക്കയച്ചിട്ടില്ല കാസർകോട്ടുകാർ. അതുകൊണ്ടുതന്നെ വനിതാക്ഷേമത്തിനായി ഇവിടെ ഒരു പദ്ധതിയും ഉണ്ടായിട്ടുമില്ല. തുടങ്ങിവെച്ച വികസനത്തെക്കുറിച്ചാണ് ഇടതുപക്ഷം വാതോരാതെ സംസാരിക്കുന്നത്. പ്രചാരണത്തിനായി ഈ മണ്ഡലത്തിലൂടനീളം സഞ്ചരിച്ചു. ഒരു വികസനവും കണ്ടില്ല. ഇടതുപക്ഷത്തെ പ്രവർത്തകർപോലും യു.ഡി.എഫ്. സ്ഥാനാർഥിയെ ആവേശപൂർവം സ്വീകരിക്കുന്ന കാഴ്ചയാണ് കോളനികളിലും മറ്റും കാണുന്നത്. അവർക്ക് വലിയ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ നിറവേറ്റാൻ തനിക്ക് കഴിയും. വനിതാക്ഷേമത്തിനായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. തീരദേശമേഖലയിൽ വലിയമുന്നേറ്റമുണ്ടാക്കാൻ എത്രയോ ഫണ്ട് കിട്ടുന്നുണ്ട്. അതൊന്നും കാഞ്ഞങ്ങാടിന്റെ തീരത്ത് എത്തിയിട്ടില്ല.

കാർഷികമേഖലയിലായാലും വിദ്യാഭ്യാസരംഗത്തായാലും വ്യാവസായികതലത്തിലായാലും വലിയ പുരോഗതി കൈവരിക്കാൻ കഴിയണം. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും മേൽപറഞ്ഞ മേഖലയിലെല്ലാം വികസനം കൊണ്ടുവരികയും ചെയ്യും. യു.ഡി.എഫിന് ബാലികേറാമലയെന്ന പ്രചാരണം തെറ്റാണ്. കാൽലക്ഷം വോട്ട്‌ വർധിച്ചിട്ടുണ്ട്. ആകെ 7500 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്. പുതിയ വോട്ടർമാരിൽ 60 ശതമാനത്തിലേറെ യു.ഡി.എഫിനൊപ്പം നിൽക്കുന്നവരാണ്. ഈ കണക്കെടുത്താൽ അവരുടെ ഭൂരിപക്ഷവും അവർക്ക് കിട്ടുന്ന പുതിയവോട്ടും കഴിച്ചാലും ജയസാധ്യത യു.ഡി.എഫിന് തന്നെ.

ഇ.ചന്ദ്രശേഖരൻ (എൽ.ഡി.എഫ്.)

വികസനമുന്നേറ്റത്തിനാണ് വോട്ട് അഭ്യർഥിക്കുന്നത്. അത് തീർച്ചയായും കിട്ടുകയും ചെയ്യും. കാരണം, ഈ മണ്ഡലത്തിലെ വോട്ടർമാർക്കറിയാം എന്തെല്ലാം വികസന പ്രവർത്തനങ്ങൾ ഇവിടെ നടത്തിയിട്ടുണ്ടെന്ന്. കെ.എസ്.ആർ.ടി.സി. സബ് സ്റ്റേഷൻ തൊട്ട് എണ്ണിനോക്കണം. എങ്കിലേ മനസ്സിലാകൂ നടപ്പാക്കിയ വികസനപദ്ധതികൾ എത്രയെന്ന്. യു.ഡി.എഫ്. സർക്കാരായതിനാൽ പലതവണ ചോദിച്ചാൽ ഒരുതവണയാണ് പദ്ധതികൾ അനുവദിച്ചുതരിക. എന്നിട്ടുപോലും എണ്ണമറ്റ വികസനപദ്ധതികൾ നടപ്പാക്കി. റോഡുകളും പാലങ്ങളും കൊണ്ടുവന്നു. തീരദേശമേഖലയിൽ ഒട്ടേറെ വികസനങ്ങൾ നടപ്പാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാനുണ്ട്.

ഹൊസ്ദുർഗ്-പാണത്തൂർ റോഡ് മെച്ചപ്പെട്ട രീതിയിൽ ഗതാഗതസൗകര്യമുള്ളതാക്കണം. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇനിയുമുണ്ട്. ജില്ലാ ആസ്പത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ...എല്ലാം ഒന്നൊന്നായി നടപ്പാക്കും. അഞ്ചുവർഷം എം.എൽ.എ. എന്ന നിലയിൽ ചെയ്ത കാര്യങ്ങൾ മനസ്സിലാക്കിയിട്ടായിരിക്കണം, ഇക്കുറി വോട്ടർമാർക്കിടയിൽ ഒരു പൊതുസ്വീകാര്യത കിട്ടുന്നുണ്ട്. വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകും. കാഞ്ഞങ്ങാടിന്റെ വികസനത്തിന് കിട്ടുന്ന വോട്ടിനൊപ്പം കേരളത്തിലെ യു.ഡി.എഫ്. മന്ത്രിസഭയ്ക്കെതിരെയുള്ള വോട്ടും കിട്ടും. അഴിമതി നടത്തിയും മാന്യത നഷ്ടപ്പെടുത്തിയും കേരളത്തെ നാണംകെടുത്തിയവർക്ക് ശിക്ഷകൊടുക്കാനുള്ള അവസരം ജനം വിനിയോഗിക്കുമ്പോൾ, അത് കാഞ്ഞങ്ങാടിന്റെ ഭൂരിപക്ഷത്തിനും തിളക്കമുണ്ടാക്കും.

എം.പി.രാഘവൻ (എൻ.ഡി.എ.)

ഇടതിനും വലതിനും വോട്ടുചെയ്തിട്ട് ഒരുകാര്യവുമില്ലെന്ന് ജനങ്ങൾ കൃത്യമായി പഠിച്ച കാലമാണിത്. ഈ തിരഞ്ഞെടുപ്പ് എൻ.ഡി.എ.ക്കുള്ളതാണ്. കേന്ദ്രഭരണത്തിന്റെ ശോഭ കേരളത്തിലേക്കെത്തുന്നില്ല. അതിന് കേരളത്തിന്റെ അധികാര മേഖലയിൽ ഈ മുന്നണിക്ക് നിർണായക കരുത്ത് ഉണ്ടാകണം. ഈ ചിന്തയാണ് ഭൂരിപക്ഷം മലയാളികളുടെയും മനസ്സിലുള്ളത്. ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട്ട് അട്ടിമറി വിജയം ഉണ്ടാകും. വിദേശത്തുള്ള തന്റെ തൊഴിലിടങ്ങളിലേക്ക് ഈ നാട്ടിലെ എത്രയോ ചെറുപ്പക്കാരെ കൊണ്ടുപോയി. അവരുടെയെല്ലാം കുടുംബത്തിന്റെ പ്രാർഥനയുണ്ട്. അധികാരത്തിലേറിയിട്ടും എന്തെങ്കിലും ഒരു വികസന പ്രവർത്തനം സ്ഥലം എം.എൽ.എ.ക്കോ ഭരണത്തിലിരിക്കുന്ന യു.ഡി.എഫിനോ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരാനായിട്ടില്ല.

വ്യാവസായിക മേഖലയിലൊക്കെ ധാരാളം സാധ്യതകൾ ഉണ്ട്. പ്രവാസികളുടെ പ്രയാസങ്ങൾ കണാൻ ഇവിടെ ഏതെങ്കിലും എം.എൽ.എ.മാർക്ക് കഴിയുന്നുണ്ടോ. ഗൾഫിൽനിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് ആശ്വാസകരമാകാൻ എന്തെല്ലാം സംരംഭങ്ങൾ നാട്ടിൽ തുടങ്ങാനാകും. എന്നാൽ, അതേക്കുറിച്ച് ഒരുഘട്ടത്തിൽപ്പോലും ചിന്തിക്കാൻ ഇവിടത്തെ എം.എൽ.എ.ക്ക് കഴിഞ്ഞിട്ടില്ല. കാർഷികമേഖലയുടെ തകർച്ച മലയോരഗ്രാമങ്ങളിലെ എത്രയോ കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിലെത്തിച്ചു. കാർഷികമേഖല തകർന്നാൽ അവരെ കുടിൽ വ്യവസായങ്ങളിലേക്കും മറ്റും വഴിമാറ്റണം. പ്രായോഗികമായ ചിന്തയും പ്രവർത്തനങ്ങളുമാണ് വേണ്ടത്.