കാസർകോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എൻ.ഡി.എ. ഹെലികോപ്റ്റർ ഉപയോഗം വ്യാപകമാക്കുന്നു. ബി.ജെ.പിക്കുവേണ്ടി പ്രചാരണം നയിക്കുന്ന നടൻ സുരേഷ് ഗോപി, ബി.ജെ.ഡി.എസിനുവേണ്ടി പ്രചാരണം നയിക്കുന്ന തുഷാർ വെള്ളാപ്പള്ളി എന്നിവർ ഹെലികോപ്റ്ററിലാണ് വിവിധ കേന്ദ്രങ്ങളിലെത്തി പ്രസംഗിക്കുന്നത്. വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ തുഷാർ വെള്ളാപ്പള്ളി എത്തിയത് ഹെലികോപ്റ്ററിൽ. കാഞ്ഞങ്ങാട് മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി എം.പി.രാഘവൻറെ തിരഞെടുപ്പ് യോഗത്തിൽ സംസാരിക്കാനാണ് തുഷാർ എത്തിയത്.

ബേക്കലിലെ സ്വകാര്യ റിസോർട്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ തുഷാർ കാർമാർഗമാണ് കാഞ്ഞങ്ങാട്ടേക്ക് പോയത്. കഴിഞ്ഞ തിങ്കളാഴ്ച ബി.ജെ.പിയുടെ പ്രചാരണത്തിന് സുരേഷ് ഗോപി കാസർകോട്ടെത്തിയതും ഹെലികോപ്റ്ററിലായിരുന്നു. ബേക്കലിൽ  ഹെലികോപ്റ്ററിൽ ഇറങ്ങിയ നടൻ കുമ്പളയിലും കാസർകോട് ടൗണിലും എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു.   അതേദിവസം തന്നെ കേന്ദ്രമന്ത്രി എൻ.ഡി.എയുടെ ഉദുമ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ പൊയിനാച്ചിയിൽ എത്തേണ്ടിയിരുന്നതും ഹെലികോപ്റ്ററിലായിരുന്നു. എന്നാൽ അവസാനനിമിഷം പരിപാടി റദ്ദാക്കി. 

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് സുരേഷ്‌ഗോപിയും തുഷാർ വെള്ളാപ്പള്ളിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്ററിൽ എത്തിയതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ഇ.ദേവദാസൻ പറഞ്ഞു. ഹെലികോപ്റ്റർ വാടകയടക്കമുള്ള ചെലവ് സംബന്ധിച്ച കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവ് കണക്കിൽ അതുൾപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.