electionമഞ്ചേശ്വരത്തിന്റെ വോട്ടു മനഃസാക്ഷി ഒരിക്കലും ഒരിടത്ത് ഉറച്ചുനിന്നിട്ടില്ല. ക്ലോക്കിന്റെ പെൻഡുലം പോലെ അത് ആടിക്കളിച്ചുകൊണ്ടിരിക്കുന്നു. മഞ്ചേശ്വരത്തെ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഉറപ്പിച്ചുപറയുന്നു ഇത്തവണ ജയം അവർക്കൊപ്പമെന്ന്. ഒരുകാര്യം ഉറപ്പാണ്, ശക്തമായ ത്രികോണ മത്സരത്തിനാണിവിടെ അരങ്ങൊരുങ്ങുന്നത്. മൂന്ന് മുന്നണികളെയും ഒരുപോലെ കൊതിപ്പിക്കുന്നുണ്ട് ഈ അതിർത്തിമണ്ഡലം. തുളുവും കന്നടയും നിശ്ചയിക്കും അടുത്ത അഞ്ചുവർഷം മണ്ഡലം ആര് ഭരിക്കണമെന്നത്.

വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. വികസനം എന്നതാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഒരേസ്വരത്തിൽ ഉന്നയിക്കുന്ന തിരഞ്ഞെടുപ്പ് വിഷയം. കുടിവെള്ളമാണ് പ്രധാന പ്രശ്നം. പദ്ധതികൾ ഒരുപാടുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കടലോരമേഖല ഇപ്പോഴും കുടിക്കുന്നത് ഉപ്പുവെള്ളമാണ്. ഉന്നത വിദ്യാഭ്യാസത്തിന് മംഗലാപുരത്തെ ആശ്രയിക്കേണ്ടിയുംവരുന്നു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് മാത്രമാണ് ആകെയുള്ളത്. 

മഞ്ചേശ്വരം ചെക്‌പോസ്റ്റാണ് മേഖലയിൽ അടുത്തിടെ നിരവധി സമരങ്ങൾ കണ്ട വിഷയം. അടുത്തകാലത്തായി 26 പേരാണ് ചെക്‌പോസ്റ്റ് പരിസരത്തുണ്ടായ അപകടങ്ങളെത്തുടർന്ന് മരിച്ചത്. ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പരിഹരിക്കാൻ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിനായി സ്ഥലമേറ്റെടുത്തെങ്കിലും പദ്ധതി എവിടെയും എത്തിയിട്ടില്ല. സർക്കാർ ഡോക്ടർമാരുടെ കുറവ്, ഉപ്പള ഫയർ‌സ്റ്റേഷന് കെട്ടിടമില്ലാത്തത്, ഗ്രാമീണ റോഡുകൾ തകർന്നുകിടക്കുന്നത്, കർഷകർക്ക് കൃഷിഭൂമി തരിശ്ശിടേണ്ടിവരുന്നത്, ബീഡിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ... തുടങ്ങിയ വിഷയങ്ങൾക്ക് സ്ഥാനാർഥികൾ എന്തു പരിഹാരങ്ങൾ നിർദേശിക്കുന്നു എന്നത് വോട്ടർമാർ കാതോർത്തിരിക്കുന്നു. 

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സ്ഥാനാർഥികളുടെ തനിയാവർത്തനമാണ് 2016-ലും. പക്ഷേ, തിരഞ്ഞെടുപ്പ്‌ ഫലം ആവർത്തനമാകുമോ എന്നതിലാണ് കാര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം പതിവുപോലെ യു.ഡി.എഫിന് ഒപ്പംനിന്നു. ബി.ജെ.പി. രണ്ടാംസ്ഥാനത്തും. തൊട്ടുമുമ്പിലത്തെ തവണ മണ്ഡലം നേടിയ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. 

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും ഒരേപോലെ വോട്ട് വർധിച്ചു. ഇടതുപക്ഷത്തിന്റെ വോട്ട് കുറയുകയും ചെയ്തു. ഇടതുപക്ഷത്തിന് ലഭിച്ചത് 29,433 വോട്ട്. അതായത് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 5,634 വോട്ടിന്റെ കുറവ്. യു.ഡി.എഫിനും ബി.ജെ.പി.ക്കും കൂടിയ വോട്ടുകണക്ക് ഒരുപോലെ. നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2,642 വോട്ട്! കഴിഞ്ഞ നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് കിട്ടിയ ഭൂരിപക്ഷവും ഒന്നുതന്നെ. 5,828!

2016-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതിനും വലതിനുമെന്നപോലെ എൻ.ഡി.എ.ക്കും പ്രതീക്ഷ നൽകുന്നു. മഞ്ചേശ്വരം, വൊർക്കാടി, മീഞ്ച, കുമ്പള, മംഗൽപാടി, പുത്തിഗെ, എൻമകജെ, പൈവളിഗെ എന്നീ പഞ്ചായത്തുകൾ ഉൾക്കുള്ളുന്നതാണ് നിലവിലെ മഞ്ചേശ്വരം മണ്ഡലം. ഇതിൽ പുത്തിഗെ, എൻമകജെ, പൈവളിഗെ ഒഴിച്ചുള്ള അഞ്ചിടത്തും യു.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. പുത്തിഗെയിലും പൈവളിഗെയിലും ഇടതുമുന്നണിയും എൻമകജെയിൽ ബി.ജി.പി.യും ഭരണസാരഥ്യത്തിലുണ്ട്. 

കണക്കുകൾക്കപ്പുറം വോട്ടറുടെ മനസ്സിലെ അവസാന ചാഞ്ചാട്ടം എന്താകുമെന്നതാണ് സ്ഥാനാർഥികളുടെ ആശങ്ക. യു.ഡി.എഫി.ന്റെ പി.ബി.അബ്ദുൾ റസാഖും എൽ.ഡി.എഫിന്റെ സി.എച്ച്.കുഞ്ഞമ്പുവും എൻ.ഡി.എ.യുടെ കെ.സുരേന്ദ്രനും മണ്ഡലത്തിൽ അന്യരല്ലെന്നതും മൂവരും പയറ്റിത്തെളിഞ്ഞ മണ്ഡലമാണെന്നതും ഇത്തവണത്തെ അങ്കത്തിന് ചൂടും ചൂരും പകരുന്നു.