Sudhakaranകാസർകോട്: കോൺഗ്രസ് പ്രവർത്തകരുടെ കുടുംബയോഗത്തിൽ ഉദുമ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.സുധാകരൻ നടത്തിയ പ്രസംഗം വിവാദത്തിൽ. കള്ളവോട്ടിന് ആഹ്വാനം ചെയ്യുകയാണ് സുധാകരൻ ചെയ്തത് എന്ന് ആരോപിച്ച് ഉദുമ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. കെ.ശ്രീകാന്ത് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കുഞ്ഞിരാമൻ സുധാകരൻ പ്രസംഗിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ ബുധനാഴ്ച പോസ്റ്റ് ചെയ്തു. യോഗത്തിൽ പങ്കെടുത്ത പ്രവർത്തകൻ തന്നെ മൊബൈലിൽ റെക്കോഡ് ചെയ്ത വീഡിയോ വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 

പൊയിനാച്ചിയിൽ നടന്ന കുടുംബയോഗത്തിലാണ് സുധാകരൻ പ്രസംഗിച്ചത്. പ്രസംഗം ഇങ്ങനെ; 'ഞാൻ നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയാം, ആരും പുറത്തുപറയേണ്ട. 90-ന് മുകളിൽ പോളിങ് ശതമാനം എത്തിക്കണം. അതാണ് നിങ്ങളുടെ ടാർഗറ്റ്. 54 മുതൽ 74 വരെയാണ് ഈ പഞ്ചായത്തിലെ പോളിങ് ശതമാനം.

ബാക്കി വോട്ട് എവിടെപ്പോയി. ഇതൊന്നും ഇല്ലാത്തവൻ അവിടെ കുത്തിയിളക്കി സ്വർഗത്തിൽ പോയവനും നരകത്തിൽ പോയവനുമൊക്കെ രാവിലെ വന്ന് വോട്ട് ചെയ്ത്, അവരുടെ ശതമാനം 93, 94 ഒക്കെയാണ്. ഉള്ള വോട്ട് ചെയ്ത് നമ്മള് 80-ലേക്കും 90-ലേക്കും എത്തുന്നില്ലെങ്കിൽ രാഷ്ട്രീയരംഗത്ത് നമുക്ക് പ്രതീക്ഷിക്കാത്തതൊക്കെ സംഭവിക്കാം.

90 ശതമാനം ഇഞ്ചോടിഞ്ച് ഫൈറ്റ് ചെയ്ത് പൂർത്തിയാക്കാൻ സാധിക്കണം. അവിടെ മരിച്ചവൻ വോട്ട് ചെയ്യുമെങ്കിൽ പടച്ചവൻ അങ്ങ്ന്ന് അയക്കുന്നയാള് ഇവിടെ വന്ന് വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവൻ അവിടെ വോട്ട് ചെയ്യുമെങ്കിൽ ഇവിടെയും. ടിറ്റ് ഫോർ ടാറ്റ്...'

രണ്ടരമിനിറ്റ് ദൈർഘ്യമുള്ള സുധാകരന്റെ ഈ വീഡിയോ ആണ് ബുധനാഴ്ച രാവിലെ മുതൽ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നത്. ഉദുമ മണ്ഡലത്തിൽ നിക്ഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്താൻ സംവിധാനം ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് എൻ.ഡി.എ. നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്