ഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വാശിയേറിയ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ കാസര്‍കോടിന്റെ ചിത്രം 2011 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു. 2 സീറ്റില്‍ യു.ഡി.എഫും 3 സീറ്റില്‍ എല്‍.ഡി.എഫും വിജയിച്ചു കയറി. വികസനത്തിലും രാഷ്ട്രീയ സ്വാധീനത്തിലും സംസ്ഥാന ശരാശരിയെക്കാള്‍ പിറകിലുള്ള ജില്ലയില്‍ ഭാഷാ സമുദായ ന്യൂനപക്ഷങ്ങളാണ് തിരഞ്ഞെടുപ്പ്  ഫലത്തില്‍ നിര്‍ണ്ണായകമായത്. 2011 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 2.15 % പോളിംഗ് ഇത്തവണ ജില്ലയില്‍ ഉയര്‍ന്നിരുന്നു.  

സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കിയ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്തും, കാസര്‍കോട്ടും അതിശക്തമായിരുന്നു പോരാട്ടം. ബിജെ.പിയും മുസ്ലിം ലീഗും നേര്‍ക്കുനേര്‍ പോരാടിയ ഇരുമണ്ഡലങ്ങളിലും അവസാന ലാപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കാല്‍ നൂറ്റാണ്ടിലേറെയായി നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്കാലവും കാസര്‍കോടും, മഞ്ചേശ്വരവും (2006 ല്‍ ഒഴികെ) യു.ഡി.എഫിന് അനുകൂലമായിരുന്നു. ഇത്തവണയും അതിന് മാറ്റം സംഭവിച്ചില്ല. തെക്കോട്ട് കടന്നാല്‍ ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍.ഡി.എഫ് കോട്ടയായി തന്നെ നിലനിന്നു. ഉദുമ തിരിച്ചുപിടിക്കാന്‍ ജില്ലയിലെത്തിയ കെ.സുധാകരന്‍ സിറ്റിംഗ് എം.എല്‍.എ കെ. കുഞ്ഞിരാമന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് തോല്‍വി സമ്മതിച്ചത്. 


89 വോട്ട് മഞ്ചേശ്വരത്തെ വിധിയെഴുതി

ജില്ലയില്‍ കൂടുതല്‍ വോട്ടു വര്‍ദ്ധിച്ച മണ്ഡലമാണ് ബഹുഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം 18,546 പുതിയ വോട്ടര്‍മ്മാരാണ് മണ്ഡലത്തിലുണ്ടായത്. അതുകൊണ്ട് തന്നെ പുതിയ വോട്ടര്‍മ്മാരാണ് തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിച്ചതെന്നു വ്യക്തം. ലീഗും ബിജെപിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് മഞ്ചേശ്വരത്ത് നടന്നത്. തുടക്കം മുതല്‍ പി.ബി. അബ്ദുള്‍ റസാഖുമായി കടുത്ത മത്സരം സൃഷ്ടിക്കാന്‍ കെ. സുരേന്ദ്രനു സാധിച്ചു. അവസാന ലാപ്പില്‍ കുതിച്ചു കയറിയെങ്കിലും 89 വോട്ടിന്റെ വ്യത്യാസത്തില്‍ സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിനു മുന്നില്‍ പരാജയപ്പെട്ടു. 5828 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫ് ഭൂരിപക്ഷം കേവലം രണ്ടക്കത്തില്‍ തളയ്ക്കാനായത് മണ്ഡലത്തിലെ ബി.ജെ.പി സ്വാധീനത്തെ പ്രകടമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയ അതേ സ്ഥാനാര്‍ത്തികളെയാണ് മൂന്നു മുന്നണികളും അങ്കത്തിനിറക്കിയത്. കേരളത്തിന്റെ അതിര്‍ത്തി കവാടമായ മഞ്ചേശ്വരത്ത് കന്നടയും തുളുവും സംസാരിക്കുന്ന ഭൂരിപക്ഷ വിഭാഗമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമായത്. സുരേന്ദ്രന്റെ അപര സ്ഥാനാര്‍ഥി നേടിയ 467 വേട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ചേശ്വരത്ത് താമര വിരിയുമായിരുന്നു. കഴിഞ്ഞ അഞ്ചു തവണയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതായിരുന്നു ബി.ജെ.പി. ഇത്തവണ വോട്ടു മറിയ്ക്കില്ലെന്ന സി.പി.എം നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നതും ബി.ജെ.പി പ്രതീക്ഷ നല്‍കിയിരുന്നു. 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 13329 വോട്ടാണ് ബി.ജെ.പി ഇത്തവണ കൂടുതല്‍ നേടിയത്. 

കാസര്‍കോട് ലീഗ് ആധിപത്യം 

കാസര്‍കോട്ടും പോരാട്ടം താമരയും കോണിയും തമ്മില്‍തന്നെയായിരുന്നു. ഇടതുമുന്നണി മണ്ഡലത്തില്‍ എക്കാലവും മൂന്നാമതായിരുന്നു. 1979 ല്‍ മാത്രമാണ് മണ്ഡലത്തില്‍ ലീഗ് തോല്‍വി അറിഞ്ഞിട്ടുള്ളത്. അന്ന് സി.ടി. അഹമ്മദലി 1150 വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഐ.എന്‍.എല്ലില്‍ നിന്ന് മുസ്ലിം ലീഗിലെത്തി മത്സരിച്ച സിറ്റിങ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഇത്തവണ 8607 വോട്ടിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുണ്ടറ രവിശ തന്ത്രി മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ലീഡ് നിലനിര്‍ത്താനായില്ല. 2011 ല്‍ നേടിയതിനെക്കാള്‍ 14884 വോട്ട്‌ ബി.ജെ.പി കൂടുതല്‍ നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9738 വോട്ടിനായിരുന്നു ലീഗ് വിജയം. ലോകസഭയിലേക്കെത്തിയപ്പേള്‍ 13190 ആയി ലീഡ് നില വര്‍ദ്ധിച്ചിരുന്നു. അതായത് നാലായിരത്തിലേറെ വോട്ടിന്റെ കുറവ് ലീഗിനുണ്ടായി. 

ഉദുമയില്‍ പോരാടി കെ.സുധാകരന്‍ 

സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതല്‍ പോളിംഗ്‌ നടന്ന ഉദുമ എന്നും എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു, എന്നാല്‍ കണ്ണൂര്‍ വിട്ട് കാസര്‍കോട് പിടിക്കാനെത്തിയ കെ. സുധാകരന്റെ വരവ് മണ്ഡലത്തില്‍ തുല്യ ശക്തികളുടെ പോരാട്ടമാക്കി മാറ്റി. 1987 ല്‍ കെ.പി.കുഞ്ഞിക്കണ്ണന്റെ വിജയം മാത്രമാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ ഏക നേട്ടം. ജില്ലയില്‍നിന്ന് കോണ്‍ഗ്രസിന്റെ അവസാന നിയമസഭാ സാന്നിധ്യവും കെ.പി. കുഞ്ഞിക്കണ്ണനായിരുന്നു. 
2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച അപ്രതീക്ഷിത ഭൂരിപക്ഷമാണ് സുധാകരനും കോണ്‍ഗ്രസ് മുന്നണിക്കും ഉദുമയില്‍ പ്രതീക്ഷ നല്‍കിയിരുന്നത്. വിചാരിച്ചതുപോലെ മികച്ച മുന്നേറ്റം നടത്തിയെങ്കിലും 3832 വോട്ടിന് സുധാകരന് ചുവപ്പ് കോട്ടയില്‍ അടിയറവു പറയേണ്ടി വന്നു.
സിറ്റിംഗ് എം.എല്‍.എ കെ.കുഞ്ഞിരാമന്‍ 66847 വോട്ട് പിടിച്ചാണ് മണ്ഡലം നിലനിര്‍ത്തിയത്. 10 ശതമാനത്തില്‍നിന്ന് തദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഇരട്ടിയിലധികം വോട്ടിന്റെ വര്‍ദ്ധനയില്‍ പ്രതീക്ഷയര്‍പ്പിച്ച് മത്സരിച്ച ബിജെപിക്ക് നാലായിരത്തോളം വോട്ട് ചോര്‍ച്ചയാണ് ഇത്തവണയുണ്ടായത്. 11380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ നിയമസഭയിലെത്തിയ  കെ.കുഞ്ഞിരാമന്റെ ഭൂരിപക്ഷത്തില്‍ 7548 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്‌.

കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ തന്നെ 

ഇടതിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായ കാഞ്ഞങ്ങാടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇ.ചന്ദ്രശേഖരന്‍ വിജയക്കൊടി പാറിച്ചത്. 2011 ല്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് പോക്കറ്റിലാക്കിയാണ് ചന്ദ്രശേഖരന്റെ വിജയം. 80558 വോട്ടിലൂടെ ഇടതു കോട്ടയെന്ന വിശേഷണം കാഞ്ഞങ്ങാട് നിലനിര്‍ത്തി. 2014 ലോകസഭാ തിരഞ്ഞെടുപ്പിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വ്യക്തമായ ആധിപത്യം തുടരാന്‍ ഇടത് കേന്ദ്രങ്ങള്‍ക്കു സാധിച്ചു. 
യു.ഡി.എഫ് സ്ഥാനാര്‍ഥി  ധന്യസുരേഷിന് ഒരിക്കല്‍പോലും മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. ജില്ലയില്‍ എന്‍.ഡി.എ മുന്നണി ബി.ഡി.ജെ.എസിനു നല്‍കിയ ഏക സീറ്റ് കാഞ്ഞങ്ങാട് മണ്ഡലത്തിലായിരുന്നു,  എന്നാല്‍ ബിജെപി നേടിക്കൊണ്ടിരുന്ന പരമ്പരാഗത വോട്ട് ഷെയര്‍ പോലും ബാലറ്റിലാക്കാന്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി എം.രാഘവനാണ് സാധിച്ചില്ലായെന്നതാണ് വസ്തുത. കഴിഞ്ഞ തവണ 12178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ചന്ദ്രശേഖരന്‍ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 14-ാം നിയമ സഭയിലേയ്ക്ക് തിരികെയെത്തുന്നത്. 

തൃക്കരിപ്പൂര്‍ രാജഗോപാലനൊപ്പം

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന മണ്ഡലമാണ് തൃക്കരിപ്പൂര്‍ (81.48 ശതമാനം). സിറ്റിങ് എം.എല്‍.എ മത്സരിക്കാത്ത ഏക മണ്ഡലവും തൃക്കരിപ്പൂര്‍ തന്നെ. കാസര്‍കോടിനും കണ്ണൂരിനും ഇടയിലുള്ള അതിര്‍ത്തി മണ്ഡലമായ തൃക്കരിപ്പൂര്‍ എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെന്നാണ്. ഇ.എം.എസിനെയും, ഇ.കെ. നായനാരെയും നിയമസഭയിലെത്തിച്ച് മുഖ്യമന്ത്രിയാക്കിയ ചരിത്രം തൃക്കരിപ്പൂരിനുണ്ട്. എങ്കിലും 2011 നിയമസഭയിലുണ്ടായിരുന്ന 8765 ഭൂരിപക്ഷം ലോകസഭ തിരഞ്ഞെടുപ്പിലെക്കെത്തിയപ്പോള്‍ 3451 ആയി കുറഞ്ഞത് ഇടതു കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇടതു കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ച ഭൂരിപക്ഷത്തോടെ 16348 വോട്ടിനാണ് എം. രാജഗോപാല്‍ ഉദുമ മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണനെ തോല്‍പ്പിച്ചത്.  എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ഭാസ്‌ക്കരന് അയ്യായിരത്തില്‍നിന്ന് പതിനായിരമായി വോട്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതു മാത്രമാണ്  ബി.ജെ.പിക്ക്‌ മണ്ഡലത്തിലുള്ള ഏക നേട്ടം.