കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ വിജയം ഇത്തവണയും കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയി. വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് നേരിടുന്ന ആദ്യ പരാജയമായിരുന്നു ഇത്തവണ സതീശന്‍ പാച്ചേനിയിലൂടെ സംഭവിച്ചത്. എങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കാനായതില്‍ അദ്ദേഹത്തിന് ആശ്വസിക്കാം. 1196 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇവിടെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നേടാനായത്.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സതീശന്‍ പാച്ചേനിക്ക് ഇതുവരെയുള്ളതെല്ലാം തോല്‍വിയുടെ ചരിത്രം. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ തുടര്‍ച്ചയായി രണ്ടു തവണയും പാലക്കാട് ലോകസഭ സീറ്റില്‍ എം.ബി.രാജേഷിനെതിരേയുമെല്ലാം മത്സരിച്ചു തോല്‍ക്കാനായിരുന്നു സതീശന്‍ പാച്ചേനിയുടെ വിധി. 

1996ല്‍ തളിപ്പറമ്പിലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. അത്തവണ സി.പി.എമ്മിലെ എം.വി. ഗോവിന്ദന്‍ മാസ്റ്ററോട് പരാജയപ്പെട്ടു. 2001ലും 2006ലും മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മലമ്പുഴയില്‍ വി. എസിനെതിരെ കടുത്ത മത്സരം കാഴ്ചവെച്ച സതീശന്‍ പാച്ചേനി 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലേയ്ക്ക് വിഎസിനെ ഒതുക്കിയിരുന്നു. 2009ല്‍ പാലക്കാടുനിന്ന് സതീശന്‍ പാച്ചേനി ലോക്‌സഭയിലേയ്ക്ക് മത്സരിച്ചിരുന്നെങ്കിലും വിജയം അദ്ദേഹത്തില്‍നിന്ന് അകന്നുനിന്നു. എം. ബി രാജേഷിനെതിരെ 1400ഓളം വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. 

പലതവണ മത്സരിക്കുകയും എല്ലായ്‌പോഴും ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥിയായിരുന്ന സതീശന്‍ പാച്ചേനി. ഇത്തവണ ഗ്രൂപ്പ് മാറിയാണ് മത്സരരംഗത്തിറങ്ങിയതെങ്കിലും ജനങ്ങളുടെ വിധി അദ്ദേഹത്തിന് എതിരാവുകയായിരുന്നു. എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന സതീശന്‍ പാച്ചേനി ഇത്തവണ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് മത്സരരംഗത്തെത്തിയത്. ഒരുകാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഐ ഗ്രൂപ്പിലേയ്ക്ക് ചുവടുമാറിയത്. വി.എം സുധീരന്റെയും കെ. സുധാകരന്റെയും ആശീര്‍വാദത്തോടെയാണ് ജയസാധ്യതയുള്ള കണ്ണൂര്‍ സീറ്റ് സതീശന്‍പാച്ചേനിക്ക് ലഭിക്കുന്നത്. 

ഇരിക്കൂര്‍, ഉദുമ, കണ്ണൂര്‍ മണ്ഡലങ്ങളിലേതെങ്കിലുമൊന്നില്‍ സതീശന്‍ പാച്ചേനിയെ പരിഗണിക്കാനായിരുന്നു തീരുമാനമെങ്കിലും ഒടുവില്‍ കണ്ണൂരിലേക്കു നിയോഗിക്കപ്പെടുകയായിരുന്നു. കെ. സുധാകരന്‍ ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും കണ്ണൂരിലെ സിറ്റിംഗ് എം.എല്‍.എ അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിലേയ്ക്ക് മാറ്റിയതും അനുകൂല ഘടകങ്ങളായി. അദ്ദേഹത്തിന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കണ്ണൂരില്‍ ഐ ഗ്രൂപ്പ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിലവില്‍ കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയാണ് സതീശന്‍ പാച്ചേനി.