ജില്ലകളിലൂടെ / കണ്ണൂര്‍

mapപിണറായി വിജയൻ മത്സരിക്കുന്ന ധർമടം, അവസാനനിമിഷംവരെ സ്ഥാനാർഥിത്വം പെൻഡുലംപോലെ ആടിക്കളിച്ച കെ.സി. ജോസഫിന്റെ ഇരിക്കൂർ, കനത്തപോരാട്ടം നടക്കുന്ന മന്ത്രി കെ.പി. മോഹനന്റെ കൂത്തുപറമ്പ്, എം.വി. ആറിന്റെ മകൻ എം.വി. നികേഷ്‌കുമാർ പോരിനിറങ്ങിയ അഴീക്കോട് തുടങ്ങി രാഷ്ട്രീയനിരീക്ഷകർ സസൂക്ഷ്മം നിരീക്ഷിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന കണ്ണൂരിൽ ഇക്കുറി പോരാട്ടം കനക്കും.

സി.പി.എമ്മിന്റെ ശക്തികേന്ദ്രം മാത്രമല്ല പാർട്ടിനേതൃത്വത്തിന്റെ തലസ്ഥാനം എന്നു കൂടി അറിയപ്പെടുന്ന കണ്ണൂരിൽ ഇക്കുറി പാർട്ടിയുടെതന്നെ പ്രമുഖർ മാറ്റുരയ്ക്കുകയാണ്. പിണറായിക്ക് പുറമേ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ, ഡി.വൈ.എഫ്.ഐ. സംസ്ഥാന മുൻജനറൽ സെക്രട്ടറി ടി.വി. രാജേഷ്, കോൺഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻകടന്നപ്പള്ളി, പുറമേ യു.ഡി.എഫിൽ മുൻ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്‌ കെ.എം. ഷാജി, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനൻ, എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ വാശിയേറിയ പോരാട്ടത്തിലാണ്.

ആകെയുള്ള 11 മണ്ഡലങ്ങളിൽ നിലവിൽ അഞ്ചെണ്ണം യു.ഡി.എഫിനാണ്. മുന്നണിയെ സംബന്ധിച്ചിടത്തോളം കണ്ണൂർജില്ലയിലെ മികച്ച നേട്ടം തന്നെയാണ്. 2006-ലെ രണ്ടുസീറ്റിൽ നിന്നുമുള്ള വളർച്ചയാണത്. അതേസമയം, എൽ.ഡി.എഫിന്റെ പ്രത്യേകിച്ചും ശക്തികേന്ദ്രങ്ങളായ മറ്റ്‌ ആറുമണ്ഡലങ്ങളിൽ ഒരു ചാഞ്ചാട്ടവും ഇക്കുറി പ്രതീക്ഷിക്കുന്നില്ല. എന്നാൽ, യു.ഡി.എഫിന്റെ െെകയിലുള്ള മണ്ഡലങ്ങളിൽ പലതും തിരിച്ചുപിടിക്കും എന്ന വലിയ പ്രതീക്ഷയിലാണ് സി.പി.എം. കണ്ണൂരിൽ.

ധർമടം, തലശ്ശേരി, മട്ടന്നൂർ, കല്യാശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലാണ് എൽ.ഡി.എഫിന്റെ സിറ്റിങ്‌ സീറ്റുകൾ. ഇരിക്കൂർ, കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ്, പേരാവൂർ എന്നീ സീറ്റുകൾ യു.ഡി.എഫ്. കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങളിൽ പലതിലും ഇക്കുറി കനത്തപോരാട്ടം നടക്കുന്നു എന്നതാണ് പ്രത്യേകത. എൽ.ഡി.എഫിന്റെ സ്ഥാനാർഥിനിർണയം നേരത്തേയാവുകയും  പ്രചാരണം കുറെക്കൂടി മുന്നോട്ടുപോവുകയും ചെയ്തപ്പോഴും യു.ഡി.എഫിൽ തർക്കവും പടലപിണക്കവും അനിശ്ചിതത്വവും തുടക്കത്തിൽ നിലനിന്നു.

വർഷങ്ങൾക്കുശേഷം ജന്മനാടായ പിണറായി ഉൾപ്പെടുന്ന ധർമടത്ത് മത്സരിക്കാൻ പിണറായി വിജയൻ എത്തുന്നത് സി.പി.എമ്മിന് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. 2011-ൽ പാർട്ടി  സ്ഥാനാർഥി കെ.കെ. നാരായണന്‌ ലഭിച്ച് 15,162 വോട്ടിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. പിണറായിയുടെ സ്ഥാനാർഥിത്വം ജില്ലയിൽ ആകെ ഗുണം ചെയ്യുമെന്നും പാർട്ടി കരുതുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വലിയ രാഷ്ട്രീയമാറ്റങ്ങൾ കണ്ണൂരിൽ സംഭവിച്ചിട്ടുണ്ട്. 2014-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2015-ൽ നടന്ന തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിലും  ഇരുമുന്നണികൾക്കും ലഭിച്ച വോട്ടിൽ  വ്യതിയാനം വന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മുന്നേറ്റം ആറിൽനിന്ന് ഏഴായി മാറി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് മികച്ച മുന്നേറ്റവും ഉണ്ടായി. 

എൽ.ഡി.എഫ്. ശക്തികേന്ദ്രങ്ങളിൽ വീറുറ്റ മത്സരം കാഴ്ചവെക്കാൻ യു.ഡി.എഫ്. തയ്യാറാവുന്നില്ല എന്ന പരാതി യു.ഡി.എഫിൽത്തന്നെയുണ്ട്.  മട്ടന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഘടകകക്ഷികൾക്കാണ് കൊടുത്തത്. മട്ടന്നൂരിൽ ജനതാദളിനും തളിപ്പറമ്പിൽ കേരളാ കോൺഗ്രസ്സിനും നൽകി. കോൺഗ്രസ്സിന്റെ ഉറച്ചസീറ്റായ കണ്ണൂരിൽ ഇക്കുറി കനത്തപോരാട്ടം തന്നെയാണ് നടക്കുന്നത്. 

രാഷ്ട്രീയവോട്ടുകളുടെ കണക്കെടുത്താൽ അഴീക്കോട്ട് നിലവിൽ യു.ഡി.എഫിനാണ് മേധാവിത്വം. മാറിയ മണ്ഡലത്തിൽ 2011-ൽ മത്സരിക്കാൻ എത്തിയത് വയനാട്ടുകാരനായ ലിഗിലെ കെ.എം. ഷാജിയായിരുന്നു. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാജി വിജയിച്ചു. എംഎൽ.എ. എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ മികവിൽ ഇക്കുറി മണ്ഡലത്തിൽ സുപരിചിതനായ ഷാജി വോട്ടുചോദിക്കുമ്പോൾ അദ്ദേഹത്തെ തളയ്ക്കാൻ സി.പി.എം. തന്ത്രപൂർവം എം.വി. രാഘവന്റെ മകൻ എം.വി. നികേഷ്‌കുമാറിനെയാണ്‌ ഇറക്കിയത്‌.

കണ്ണൂരിലെ കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ മുന്നേറ്റവും കണ്ണൂർ സീറ്റ് പിടിക്കാൻകഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അതിനുപുറമേ മന്ത്രി കെ.പി. മോഹനൻ മത്സരിക്കുന്ന കൂത്തുപറമ്പിൽ സീറ്റ് പിടിച്ചെടുക്കൽ ലക്ഷ്യംവെച്ച് കേന്ദ്രക്കമ്മിറ്റി അംഗം കെ.കെ. ശൈലജയെ നിർത്തി കനത്തപോരാട്ടത്തിലാണ് ഇടതുപക്ഷം. ശൈലജയ്ക്ക് ആദ്യം അനുവദിച്ചത് പേരാവൂർ സീറ്റാണ്. പക്ഷേ, അവിടത്തെ വിജയസാധ്യതയിൽ സംശയം തോന്നിയതിനാലാണ്‌ അവസാനനിമിഷം കൂത്തുപറമ്പിലേക്ക് മാറിയത്‌. 

പക്ഷേ, മണ്ഡലത്തിൽ ആകെ പടർന്നു കിടക്കുന്ന മോഹനന്റെ വ്യക്തിബന്ധങ്ങളും മറ്റു വികസനപ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26,000-ത്തോളം വോട്ട് ബി.ജെ.പി. ഇവിടെ പിടിച്ചിട്ടുണ്ട്.  തലശ്ശേരിയിൽ ഇക്കുറി എ.എൻ. ഷംസീറിന് വലിയ ഭീഷണി ഉണ്ടാക്കിക്കൊണ്ട് എ.പി. അബ്ദുള്ളക്കുട്ടി പ്രചാരണം കനപ്പിച്ചിട്ടുണ്ട്. തലശ്ശേരി ഇക്കുറി ചരിത്രം മാറ്റിയെഴുതും ഇവിടെയും ഞാൻ അദ്‌ഭുതക്കുട്ടിയാകും എന്ന് അദ്ദേഹം പറയുന്നു.

പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ എന്നീ മണ്ഡലങ്ങളിൽ കാര്യമായ പ്രതീക്ഷ യു.ഡി.എഫ്. വെച്ചുപുലർത്തുന്നില്ല. ഒടുക്കംവരെ അനിശ്ചിതത്വത്തിലായ യു.ഡി.എഫിന്റെ സ്ഥാനാർഥിനിർണയവും കാണിക്കുന്നത് അതാണ്. അതേസമയം, കഴിഞ്ഞതവണയുള്ള അഞ്ചുസീറ്റുകൾ നിലനിർത്താൻ കഴിഞ്ഞാൽ അത് യു.ഡി.എഫിന് വലിയ നേട്ടമായിരിക്കും. കല്യാശ്ശേരിയിൽ മുൻമന്ത്രി എൻ. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനാണ് യു.ഡി.എഫ്. സ്ഥാനാർഥി.

ബി.ജെ.പി.യുടെ വോട്ട് ലോക്‌സഭയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കൂടിയിട്ടുണ്ട്. പക്ഷേ, മറ്റു പല ജില്ലകളിലുമെന്നപോലെ ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് സാധ്യതകളെ ഇത് ബാധിക്കുന്നില്ല. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.ക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബി.ജെ.പി.ക്ക് ഒരുലക്ഷത്തിലധികം വോട്ടുകൾ കൂടിയിട്ടുണ്ട്.

ബി.ജെ.പി. ഇനിയും പുതുതായി പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. വെൽഫെയർപാർട്ടി, എസ്.ഡി.പി.ഐ. എന്നീ സംഘടനകൾ അവരുടെ കേന്ദ്രങ്ങളിൽ നന്നായി സാന്നിധ്യം തെളിയിക്കുന്നുണ്ട്. പഴയ കണ്ണൂർ നഗരസഭാ പരിധിയിൽ ഈപാർട്ടിയും എസ്.ഡി.പി.ഐ.യും പിടിക്കുന്ന വോട്ടുകളിൽ ആശങ്കയോടെയാണ് ഇരുമുന്നണികളും നോക്കുന്നത്.

ജില്ലാ പഞ്ചായത്ത് കക്ഷി നില

ആകെ ഡിവിഷൻ 24. എൽ.ഡി.എഫ്. -15, യു.ഡി.എഫ്. -9

2011-ലെ നിയമസഭ

എൽ.ഡി.എഫ്. 6, യു.ഡി.എഫ്. - 5