എം.എം.മണിയുടെ വിജയം ഉടുമ്പന്‍ചോലക്കാര്‍ക്ക് ഉറപ്പായിരുന്നു. ബി.ഡി.ജെ.എസും കോണ്‍ഗ്രസും ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് എം.എല്‍.എ. ആയെങ്കിലും ഇനി നാട്ടുകാര്‍ക്ക് അറിയേണ്ടത് മണിയാശാനു മന്ത്രിക്കസേര കിട്ടുമോ എന്നാണ്. mm maniജില്ലയിലേക്കുള്ള മന്ത്രിസ്ഥാനം ഇടുക്കിയുടെ '' ലോ റേഞ്ചായ'  തൊടുപുഴയ്ക്കായിരുന്നു കാലങ്ങളായി ലഭിച്ചിരുന്നത്. ഇടതു വലതു മുന്നണികള്‍ക്കൊപ്പം സഞ്ചരിച്ച പി.ജെ. ജോസഫായിരുന്നു ഇടുക്കിയുടെ മന്ത്രി. മണിയാശാനിലൂടെ  ''ഹൈറേഞ്ചിലേക്ക്'' ഇത്തവണ മന്ത്രിക്കസേര എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് മലയോരവാസികള്‍. 

1996ലാണ് എം.എം. മണി ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. കോണ്‍ഗ്രസിലെ ഇ.എം. ആഗസ്തിയായിരുന്നു എതിരാളി. 4667 വോട്ടിന് മണി പരാജയപ്പെട്ടു. 20 വര്‍ഷത്തിനു ശേഷമാണ് പിന്നീടു മണിയാശാന്‍ അങ്കത്തട്ടിലിറങ്ങിയത്. കടുത്ത മല്‍സരമായിരുന്നു അവസാന നിമിഷം വരെയും. ധ്രുവീകരിക്കപ്പെട്ട വോട്ടുകള്‍ ആരെ തുണയ്ക്കുമെന്ന ചോദ്യത്തിനുത്തരമായിരുന്നു വിജയിയെ നിര്‍ണയിച്ചത്. ഒടുവില്‍ 1109 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം മണിയെ തേടിയെത്തി. 

മൂന്നുവട്ടം തുടര്‍ച്ചയായി കെ.കെ. ജയചന്ദ്രനെ വിജയിപ്പിച്ച മണ്ഡലമാണ് ഉടുമ്പന്‍ചോല. ജയചന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയതോടെ എം.എം.മണിയുടെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഈഴവ പ്രാതിനിധ്യമുള്ള മേഖലയില്‍ ബി.ഡി.ജെ.എസ്. ഉയര്‍ത്തിയ വെല്ലുവിളി ശക്തമായിരുന്നു. 

സ്വതസിദ്ധമായ സംസാരശൈലിയും രാഷ്ട്രീയ നിലപാടുകളുമാണ് എം.എം.മണിയെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍. പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ് മണിയാശാന്റെ നില്‍പ്. മണക്കാട് പ്രസംഗവും പൈനാവ് പോളിടെക്‌നിക്ക് പ്രസംഗവും വിവാദങ്ങളുണ്ടാക്കിയെങ്കിലും ഇദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കാന്‍ ഇവയ്ക്കായിട്ടില്ല. മണക്കാട് പ്രസംഗം ബി.ബി.സിയില്‍ വരെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തത്തിയതും വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.