പുത്തൻ രാഷ്ട്രീയശക്തികളും സാമുദായിക പിൻബലമുള്ള കൂട്ടുകെട്ടുകളുമാകും ഇക്കുറി ഇടുക്കിജില്ലയുടെ വിധി നിർണയിക്കുക. കേരളാകോൺഗ്രസ് മാണിവിഭാഗത്തിൽനിന്ന് പുറത്തുവന്ന് ജനാധിപത്യ കേരളാകോൺഗ്രസ് രൂപവത്‌കരിച്ച ഫ്രാൻസിസ് ജോർജിന്റെ ഇടതുമുന്നണി സ്ഥാനാർഥിത്വമാണ് ജില്ലയെ രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.  കർഷകരുടെയും ക്രിസ്തീയസഭകളുടെയും പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണസമിതിയും ഫ്രാൻസിസ് ജോർജിന് പിന്നിലുണ്ട്.

എല്ലാ രാഷ്ട്രീയകക്ഷിളെയും വെല്ലുവിളിച്ചുകൊണ്ടുള്ള സ്ത്രീകൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയുടെ സാന്നിധ്യം, അമ്മ രക്ഷിക്കുമെന്ന മുദ്രാവാക്യവുമായി രംഗത്തുള്ള എ.ഐ.എ.ഡി.എം.കെ., എസ്.എൻ.ഡി.പി.യുടെ രാഷ്ട്രീയപ്പാർട്ടിയായ ബി.ഡി.ജെ.എസ്സിന്റെ സ്വാധീനം. എന്നിവയാണ് ഇത്തവണ ജില്ലയുടെ മുൻകാലഫലങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുള്ള മറ്റ് ഘടകങ്ങൾ.

നാണയം ടോസ്ചെയ്യുന്നതുപോലെ ഇടത് അല്ലെങ്കിൽ വലത് എന്ന സാധ്യതയിൽ കുരുങ്ങിക്കിടന്ന കേരളത്തിലെ വോട്ടർമാർക്കിടയിലേക്ക് ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യം ഉൾപ്പെടുന്ന എൻ.ഡി.എ. കടന്നുവന്നത് കണക്കുകൂട്ടലുകൾ തെറ്റിക്കുമോ എന്ന ആശങ്ക ഇടുക്കിജില്ലയിലും ഇരുമുന്നണികൾക്കുമുണ്ട്. മൂന്നാംപെട്ടിയിൽ വീഴുന്ന വോട്ടുകൾ തങ്ങളുടെ കോട്ടയിൽനിന്നാകുമോ എന്ന ഭയപ്പാടിലാണ് ഇരുമുന്നണികളും.റബ്ബർ, ഏലം വിലയിടിവ്, കാർഷികമേഖലയുടെ തകർച്ച, വിലക്കയറ്റം, പട്ടയപ്രശ്നം, തോട്ടംമേഖലയിലെ ദാരിദ്ര്യം, കസ്തൂരിരംഗൻവിഷയത്തിൽ ഭരണകക്ഷിയുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവയൊക്കെയാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണായുധങ്ങൾ. 

ലക്ഷത്തോളം പേർക്ക് പട്ടയം കൊടുക്കാനുള്ളപ്പോൾ ഹോപ്പ് പ്ലാന്റേഷന് വഴിവിട്ട്‌ ഭൂമി ദാനംചെയ്യാൻ കാണിച്ച തിടുക്കം ഉൾെപ്പടെയുള്ള സർക്കാറിന്റെ അഴിമതിക്കഥകളാണ് എൽ.ഡി.എഫ്. നേതാക്കളുടെ പ്രസംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇടുക്കിയിലെ പട്ടയപ്രശ്നത്തിന്റെ തീവ്രത മനസ്സിലാക്കിത്തന്നെയാകും ‘അധികാരത്തിൽ വന്നാൽ അർഹതപ്പെട്ട കൃഷിക്കാർക്കെല്ലാം പട്ടയംനൽകും’ എന്ന് ജില്ലയിലെത്തിലെത്തിയ എൽ.ഡി.എഫ്. കൺവീനർ വൈക്കംവിശ്വൻ പ്രഖ്യാപിച്ചത്.ഭരണനേട്ടങ്ങളും വികസനവും മദ്യനയവും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. പ്രചാരണം നടത്തുന്നത്. 

പുതിയ കണക്കുകൾ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (2014) എൽ.ഡി.എഫിന് 59,590 വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്നു ജില്ലയിൽ. എന്നാൽ, 2009-ൽ യു.ഡി.എഫിന് 57,263 വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്ന ജില്ലയായിരുന്നു ഇത്. അഞ്ചുകൊല്ലംകൊണ്ട് ഇടത്തേക്ക് മറിഞ്ഞത് ഒരു ലക്ഷത്തിലേറെ വോട്ടുകൾ. എന്നാൽ, ഇത് ഇടതുമുന്നണിയുടെ മെച്ചമല്ലെന്നും ഹൈറേഞ്ച് സംരക്ഷണസമിതി 2014-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി കൂട്ടുകൂടിയപ്പോൾ വന്ന വോട്ടുകളാണെന്നും യു.ഡി.എഫ്. വാദിക്കുന്നു.

അതെന്തായാലും 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽത്തന്നെ വലത്തുനിന്ന് ഇടത്തേക്കുള്ള ചായ്‌വ് ജില്ല പ്രകടിപ്പിച്ചിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ 57,263 വോട്ടിന്റെ മുൻതൂക്കം 2010-ലെ തദ്ദേശതിരഞ്ഞെടുപ്പിൽത്തന്നെ 45,450 ആയി കുറഞ്ഞിരുന്നു. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പെത്തിയപ്പോൾ അത് 18,232 ആയി വീണ്ടും കുറഞ്ഞിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.  എങ്കിലും 2010-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ അഭിമാനിക്കാവുന്ന നിലയിലായിരുന്നു യു.ഡി.എഫ്. ഏക നഗരസഭയും 53-ൽ 43 പഞ്ചായത്തും മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും (എട്ടിൽ എട്ടും) യു.ഡി.എഫ്. ഭരണത്തിലായിരുന്നു. ജില്ലാപഞ്ചായത്തിലാകട്ടെ ഭരണം കിട്ടിയത് സമ്പൂർണമായ ആധിപത്യത്തിലും.

എന്നാൽ, ഈ അവസ്ഥ 2015-ൽ പാടേ മാറി. രണ്ട് നഗരസഭയും (പുതിയ നഗരസഭയായ കട്ടപ്പന നിലവിൽ വന്നു) യു.ഡി.എഫിന് കിട്ടിയെങ്കിലും 23 പഞ്ചായത്തുകൾ എൽ.ഡി.എഫ്. ഭരണത്തിലായി. യു.ഡി.എഫിന് ലഭിച്ചത് 29 എണ്ണം. എട്ട് ബ്ലോക്കുകളും കൈവശം വെച്ചിരുന്ന യു.ഡി.എഫിന് രണ്ടെണ്ണം എൽ.ഡി.എഫിന് വിട്ടുകൊടുക്കേണ്ടിവന്നു. ജില്ലാപഞ്ചായത്തിലെ സമ്പൂർണാധിപത്യത്തിൽനിന്ന്  യു.ഡി.എഫ്.-10, എൽ.ഡി.എഫ്.-6  എന്നനിലയിലേക്ക് താഴുകയും ചെയ്തു.

ഇടുക്കിമണ്ഡലത്തിൽ പൊരിഞ്ഞ പോര്

മാണി ഗ്രൂപ്പിൽനിന്ന് പുറത്തുവന്ന്‌ ഇടതുസ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജും വികസനം പ്രചാരണായുധമാക്കി നാലാമൂഴം തേടുന്ന കേരളാകോൺഗ്രസ്സിലെ റോഷി അഗസ്റ്റിനും-ജില്ലയിലെ തീപാറുന്ന പോരാട്ടമാണ് ഇടുക്കി മണ്ഡലത്തിൽ. കർഷകർക്ക് പ്രാമുഖ്യമുള്ള ഈ മണ്ഡലത്തിൽ പട്ടയം, ഇടുക്കി പാക്കേജ് എന്നിവയാണ് പ്രധാന ചർച്ചാവിഷയം.കന്നിയങ്കത്തിന് ഇറങ്ങിയ എൻ.ഡി.എ.യുെട ബിജു മാധവൻ എസ്.എൻ.ഡി.പി. മലനാട് യൂണിയൻ പ്രസിഡന്റ് എന്ന നിലയിലുള്ള സ്വാധീനം പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്.

എൻ.ഡി.എ. സ്ഥാനാർഥി എൻ. ചന്ദ്രൻ മണ്ഡലത്തിൽ വ്യാപകമായുള്ള സൗഹൃദം മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ്. തോട്ടംതൊഴിലാളികളുടെ മനസ്സിളക്കാൻ പൊമ്പളൈ ഒരുമൈ ജെ. രാജേശ്വരിയെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. ഉടുമ്പൻചോല മണ്ഡലത്തിൽ ഉപാധിരഹിത പട്ടയമാണ് പ്രധാനവിഷയം. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന വാഗ്ദാനവുമായാണ് എൽ.ഡി.എഫിെന്റ എം.എം. മണിയും യു.ഡി.എഫിെന്റ സേനാപതി വേണുവും മത്സരിക്കുന്നത്. വിവാദ തീപ്പൊരി പ്രസംഗങ്ങളിലൂടെ  ശ്രദ്ധേയരായവരാണ് ഇരുവരും. ദീർഘകാലം സി.പി.എം. ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച എം.എം. മണി എഴുപത്തിയൊന്നാം വയസ്സിൽ രണ്ടാംതവണയാണ് അങ്കത്തിനിറങ്ങുന്നത്.

ഏഴുവർഷം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന സേനാപതി വേണുവും ജനസമ്മതൻതന്നെ. എൻ.ഡി.എ.യ്ക്കുവേണ്ടി സജി പറമ്പത്തും (ബി.ഡി.ജെ.എസ്.) രംഗത്തുണ്ട്. 
പീരുമേട്ടിൽ സിറ്റിങ് എം.എൽ.എ.യായ  സി.പി.ഐ. യുടെ ഇ.എസ്. ബിജിമോളെ നേരിടുന്നത് യു.ഡി.എഫിലെ അഡ്വ. സിറിയക് തോമസാണ്. തോട്ടംതൊഴിലാളികൾക്ക് ഏറെ വോട്ടുള്ള മണ്ഡലത്തിൽ കാർഷികമേഖലയിലെ പ്രശ്നങ്ങൾ എന്നും ചർച്ചാവിഷയമാണ്. എൻ.ഡി.എ. സ്ഥാനാർഥി കെ. കുമാർ കൂടി രംഗത്തെത്തിയതോടെ പീരുമേട്ടിലെ അങ്കത്തിന് വീറും വാശിയുമേറി.

എ.ഐ.എ.ഡി.എം.കെ.യുടെ സ്വാധീനം

അതിർത്തിമണ്ഡലങ്ങളായ ദേവികുളത്തും ഉടുമ്പൻചോലയിലും പീരുമേട്ടിലും ആധിപത്യമുറപ്പിക്കാൻ എ.ഐ.എ.ഡി.എം.കെ. രംഗത്തുണ്ട്. തോട്ടംതൊഴിലാളികളും തമിഴ്ഭാഷാ ന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക വിഭാഗക്കാരും നിർണായക പങ്കുവഹിക്കുന്ന മണ്ഡലങ്ങളാണ് ഇവ. പീരുമേട്ടിൽ അബ്ദുൾ ഖാദറിനെയും ദേവികുളത്ത് ധനലക്ഷ്മിയെയും ഉടുമ്പൻചോലയിൽ ബി. സോമനെയും മത്സരക്കളത്തിൽ ഇറക്കിക്കൊണ്ടാണ് ജയലളിതയുടെ പാർട്ടി മലയോരമേഖലയിൽ തങ്ങളുടെ സ്വാധീനം തെളിയിക്കാനൊരുങ്ങുന്നത്. തമിഴ്നാട്ടിലും കേരളത്തിലെ തമിഴ് വംശജർക്കിടയിലും ജയലളിതയ്ക്കുള്ള വികസനപ്രതിച്ഛായയും അംഗീകാരവും മണ്ഡലങ്ങളിലെ വോട്ടർമാരുടെ ദ്രാവിഡഗോത്ര സ്വഭാവവും വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് പാർട്ടിയുടെ ജില്ലാനേതൃത്വം. 

2011-ലെ നിയമസഭ

എൽ.ഡി.എഫ്‌.-3, യു.ഡി.എഫ്‌.-2

ജില്ലാ പഞ്ചായത്ത്‌
എൽ.ഡി.എഫ്‌.-2, യു.ഡി.എഫ്‌.-10

ബ്ലോക്ക്‌ പഞ്ചായത്ത്‌

എല്‍.ഡി.എഫ് - രണ്ട്, യു.ഡി.എഫ് - ആറ്‌

 

ഗ്രാമപ്പഞ്ചായത്തുകൾ

എല്‍.ഡി.എഫ് - 23, യു.ഡി.എഫ് - 29

നഗരസഭകൾ

യു.ഡി.എഫ് - രണ്ട്‌