Ernakulamഎറണാകുളം മാറിയാൽ യു.ഡി.എഫിന്റെ ഭരണവും മാറുമെന്നാണ് രാഷ്ട്രീയപ്രമാണം. ഇവിടെ സീറ്റ് കൂടുതൽ പിടിക്കാനായാൽ സംസ്ഥാനത്ത് ഇടതുഭരണം ഉറപ്പാണ്. യു.ഡി.എഫ്. തട്ടകത്ത് മാറ്റമുണ്ടാക്കാനായാൽ മറ്റുള്ളിടങ്ങളിൽ വിജയം സുനിശ്ചിതം. എന്നാൽ, എറണാകുളത്ത് വിധി അനുകൂലമാക്കാൻ ഇടതുമുന്നണിക്ക് നന്നായി വിയർക്കേണ്ടിവരും. തിരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചുവരുന്നതേയുള്ളൂ. മാറ്റത്തിന്റെ കൊടുങ്കാറ്റൊന്നും  എറണാകുളത്തുവീശുന്നില്ല. ഇളങ്കാറ്റുകൾക്ക് കോട്ടകൾ തകർക്കാൻ കഴിയുമോ..? ജനവിധി നിർണയിക്കുന്നുവെന്ന് അവകാശമുന്നയിക്കുന്ന സാമുദായികശക്തികളുടെ പിന്തുണയുണ്ടെന്നതാണ് ഇടതുക്യാമ്പിന് പ്രതീക്ഷനൽകുന്ന പ്രധാനഘടകം. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് ഇക്കുറി ഇടതിനോട്‌ അയിത്തമില്ല. എറണാകുളത്തെ നാലുമണ്ഡലങ്ങളിലെങ്കിലും ഇത് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സിറോമലബാർ-ലത്തീൻ സഭകളുടെ നിലപാടിലും കാര്യമായമാറ്റമുണ്ടെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.

മദ്യനയത്തിെന്റ കാര്യത്തിലായിരുന്നു ചെറിയ ഉരസലുണ്ടായിരുന്നത്. എന്നാൽ, സി.പി.എം. നയംവ്യക്തമാക്കിയതോടെ ആ എതിർപ്പും ഇല്ലാതായെന്ന് മുന്നണി ആശ്വസിക്കുന്നു. കൊച്ചിമണ്ഡലത്തിൽ ലത്തീൻസഭ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരസ്യമായിത്തന്നെ രംഗത്തുവന്നു. ഇതിന്റെ അനുരണനങ്ങൾ മറ്റുമണ്ഡലങ്ങളിലേക്കും വ്യാപിക്കുമെന്ന് ഇടതുപക്ഷം ആശിക്കുന്നു. കാർഷികമേഖലയിലെ തകർച്ച ഭരണവിരുദ്ധതരംഗത്തിന് പ്രേരകമാവുമെന്നും പ്രത്യേകിച്ച് റബർമേഖലയിൽ, വിലത്തകർച്ച പ്രതിഷേധവോട്ടായി മാറുമെന്നുമാണ് ഇടതുകണക്കുകൂട്ടൽ. തീരദേശപരിപാലനനിയമമടക്കം, തീരംനേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിൽ  അനൂകൂലഘടകമാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.

എന്നാൽ, പരമ്പരാഗതവോട്ടുകളുടെ ബലത്തിൽത്തന്നെ വിജയം ആവർത്തിക്കാമെന്നാണ്  കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്സിന്റെ മദ്യനയം ക്രൈസ്തവസഭകളുടെ ഉള്ളുകുളിർപ്പിക്കുന്നതാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ജില്ലയിൽ പതിന്നാലിൽ മൂന്നുസീറ്റുകൾമാത്രമാണ് ഇപ്പോൾ ഇടതുമുന്നണിക്കുള്ളത്. അതിൽനിന്ന് രണ്ടുസീറ്റുകൂടി പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. പതിന്നാലിൽ പതിമ്മൂന്നും നേടുമെന്ന് പറയുമ്പോൾ വൈപ്പിനിലെ വിജയത്തെക്കുറിച്ചുമാത്രമാണ് യു.ഡി.എഫ്. നേതാക്കൾക്ക് ആശങ്കയുള്ളത്. പുതുതായി രൂപവത്‌കരിച്ച ബി.ഡി.ജെ.എസ്സിന് എറണാകുളത്ത് എന്ത് സ്വാധീനമുണ്ടെന്ന് അളക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. ഈഴവസമുദായത്തിന് പിൻബലമുള്ള മണ്ഡലങ്ങളിൽ എൻ.ഡി.എ. മുന്നണി എന്തുപ്രകടനം കാഴ്ചവെക്കുമെന്നാണ് അറിയാനുള്ളത്. പുതിയബാന്ധവത്തിൽ ബി.ജെ.പി.ക്ക് കുന്നോളം പ്രതീക്ഷകളുണ്ട്. എൻ.ഡി.എ. മുന്നണിയിലെ ഘടകകക്ഷികൾക്ക് സീറ്റു വിഭജിച്ചുനൽകിയപ്പോൾ ബി.ജെ.പി.ക്ക് ആറുസീറ്റിൽ ഒതുങ്ങേണ്ടിവന്നു.

ഇതിൽ ജില്ലയിലെ പാർട്ടിനേതാക്കൾക്ക് അമർഷമുണ്ട്. സീറ്റ് കിട്ടാത്ത പലനേതാക്കളും അതൃപ്തിയോടെയാണ് പ്രവർത്തനരംഗത്തുള്ളത്. ബി.ഡി.ജെ.എസ്. വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നത് പറവൂർ മണ്ഡലമാണ്. അവിടെ  എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കോർത്തതിന് വി.ഡി. സതീശന് ബാലറ്റിലൂടെ മറുപടി നൽകാനിരിക്കുകയാണ് അവർ... സതീശനാകട്ടെ സ്വന്തംനിലപാടിൽ ഉറച്ച് , മണ്ഡലത്തിലെ ജനങ്ങളിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകുകയാണ്. മൂന്നുതവണ തുടർച്ചയായി വിജയിക്കാനായതും മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുമാണ് സതീശന്റെ  ആത്മവിശ്വാസത്തിന്റെ അടിത്തറ. ഇടതുമുന്നണി സ്ഥാനാർഥിയായി, സി.പി.ഐ. നേതാവായിരുന്ന പി.കെ. വാസുദേവൻനായരുടെ മകൾ ശാരദാമോഹനെയാണ് പാർട്ടി രംഗത്തിറക്കിയിട്ടുള്ളത്. മണ്ഡലത്തിലെ പ്രത്യേകരാഷ്ട്രീയസാഹചര്യത്തിൽ നേട്ടം കൊയ്യാമെന്നാണ് സി.പി.ഐ.യുടെ കണക്കുകൂട്ടൽ. ബി.ഡി.ജെ.എസ്സിനുവേണ്ടി വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത് എസ്.എൻ.ഡി.പി. താലൂക്ക് യൂണിയൻ സെക്രട്ടറി ഹരിവിജയനാണ്.

വൈപ്പിൻ മണ്ഡലത്തിൽ കണ്ണുംപൂട്ടി ജയിക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. എസ്. ശർമയാണെങ്കിൽ വിജയം ഉറപ്പെന്ന് നേരത്തേതന്നെ പാർട്ടിവൃത്തങ്ങളിൽ ചർച്ചവന്നതിനാൽ സി.പി.എം. സംസ്ഥാന നേതൃത്വം മാനദണ്ഡങ്ങൾ മാറ്റിവെച്ച് അദ്ദേഹത്തിന് ഒരവസരം കൂടി നൽകുകയായിരുന്നു. മുൻജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുഭാഷിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനുള്ളദൗത്യം യു.ഡി.എഫ്. ഏൽപ്പിച്ചിരിക്കുന്നത്. 
ബി.ഡി.ജെ.എസ്സിലുള്ള, കേരളധീവരമഹാസഭയുടെ വർക്കിങ് പ്രസിഡന്റ്‌ കെ.കെ. വാമലോചനനാണ് എൻ.ഡി.എ. സ്ഥാനാർഥി. കോൺഗ്രസ്സിൽ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങളും റിബൽ സ്ഥാനാർഥിയുടെ സാന്നിധ്യവുംകൊണ്ട് കൊച്ചി ഇക്കുറി ഇടത്തേക്ക് ചായുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.

മണ്ഡലത്തിൽ സ്വാധീനമുള്ള ലത്തീൻസഭ ഐക്യമുന്നണി സ്ഥാനാർഥി, സിറ്റിങ് എം.എൽ.എ. ഡൊമിനിക് പ്രസന്റേഷനെതിരെ പരസ്യമായി പ്രസ്താവനയിറക്കിയത് ഇടതിന്റെ പ്രതീക്ഷയ്ക്ക് കനംവെപ്പിച്ചിട്ടുണ്ട്. ഏഴാംതവണ മത്സരിക്കാൻ ഇറങ്ങുന്ന ഡൊമിനിക്കിന്റെ പേര് കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരൻ അവസാനനിമിഷംവരെ ചവുട്ടിപ്പിടിച്ചതും ഇടതുമുന്നണി ആയുധമാക്കുന്നുണ്ട്. ബി.ജെ.പി.മുന്നണിയുടെ ശക്തിയറിയിക്കാൻ പ്രവീൺ ദാമോദരപ്രഭുവാണ് രംഗത്തുള്ളത്. മണ്ഡലത്തിലെ ഗൗഡസാരസ്വത സമൂഹത്തിന്റെ വോട്ടാണ് ബി.ജെ.പി.യുടെ അടിത്തറ. എറണാകുളം മണ്ഡലത്തിൽ ചെറുപ്പക്കാർ തമ്മിലുള്ള പോരാണ് നടക്കുന്നത്. യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡൻ , കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിക്ക് മൊത്തംകിട്ടിയവോട്ടിനേക്കാൾകൂടുതൽ ഭൂരിപക്ഷംനേടി, 32,000 വോട്ടിനാണ് വിജയിച്ചത്.

അവിടെനിന്ന് മണ്ഡലംപിടിക്കുകയെന്ന ദൗത്യമാണ് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. എം. അനിൽകുമാറിനുള്ളത്. വ്യത്യസ്തമായ പ്രചാരണപരിപാടികളിലൂടെ ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷത്ത് നടക്കുന്നത്. മണ്ഡലത്തിൽ ചെയ്ത വികസനപ്രവർത്തനങ്ങളാണ് ഹൈബിയുടെ പ്രചാരണായുധം. ബി.ജെ.പി. സ്ഥാനാർഥിയായ, പാർട്ടി ജില്ലാപ്രസിഡന്റ്‌ എൻ.കെ. മോഹൻദാസ്, കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാർ നഗരത്തിനുനൽകിയ സംഭാവനകൾ എടുത്തുകാട്ടിയാണ് വോട്ടുതേടുന്നത്. തൃപ്പൂണിത്തുറയിൽ അഴിമതിക്കെതിരെയുള്ള കുരിശുദ്ധമാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജനകീയകോടതിയിൽനിന്ന് അനുകൂലവിധി സംഘടിപ്പിക്കാനാണ് ആറാമതുംമത്സരിക്കുന്ന മന്ത്രി കെ. ബാബുവിന്റെ ഓട്ടം. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെയാണ് അഴിമതിവിരുദ്ധപോരാട്ടത്തിന് നേതൃത്വം നൽകാൻ ഇടുതുമുന്നണി നിയോഗിച്ചിരിക്കുന്നത്.

സാംസ്കാരികനായകനും വാഗ്മിയുമായ പ്രൊഫ. തുറവൂർ വിശ്വംഭരനെയാണ്‌ ബി.ജെ.പി. രംഗത്തിറക്കിയിട്ടുള്ളത്‌. വലിയൊരു മാറ്റം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.തൃക്കാക്കരയിൽ  സിറ്റിങ് എം.എൽ.എ. ബെന്നി ബെഹനാന് അവസാനനിമിഷം സീറ്റ് നിഷേധിച്ചപ്പോൾ, ഇടുക്കി മുൻ എം.പി.യും തൊടുപുഴയുടെ മുൻ എം.എൽ.എ.യുമായ പി.ടി. തോമസ് സ്ഥാനാർഥിയായി എത്തി. മണ്ഡലംപിടിക്കാൻ അവസാനനിമിഷം ഇടതുമുന്നണി ഏൽപ്പിച്ചത് എറണാകുളത്തിന്റെ മുൻ എം.പി.യും മുൻ എം.എൽ.എ.യുമായ ഡോ. സെബാസ്റ്റ്യൻ പോളിനെയാണ്. വാശിയേറിയ മത്സരമാണ് ഇവർ തൃക്കാക്കരയിൽ കാഴ്ചവെക്കുന്നത്. എൽ.ജെ.പി.യിലെ അഡ്വ. വിവേക് വിജയനാണ് എൻ.ഡി.എ. സ്ഥാനാർഥി.

കളമശ്ശേരിയിൽ സിറ്റിങ് എം.എൽ.എ. മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒരുറൗണ്ട് ഓടിത്തീർത്തപ്പോഴാണ് ഇടതുസ്ഥാനാർഥിയായി മുൻ എം.എൽ.എ., എ.എം. യൂസഫ് രംഗത്തുവരുന്നത്. ബി.ഡി.ജെ.എസ്സിലെ വി. ഗോപകുമാറാണ് എൻ.ഡി.എ.യുടെ സാരഥി. ആലുവയിലും ചെറുപ്പക്കാരുടെ പോരാട്ടമാണ്. സിറ്റിങ് എം.എൽ.എ., അൻവർസാദത്ത് ആദ്യമിറങ്ങിയതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. ഇടുതുസ്ഥാനാർഥി സി.പി.എം. ഏരിയാസെക്രട്ടറി വി. സലിമും മണ്ഡലത്തിൽ വേരുള്ള ആളാണ്. ബി.ജെ.പി. ഇവിടെ വനിതയെ രംഗത്തിറക്കി മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി ലതാഗംഗാധരനാണ് സ്ഥാനാർഥി. അങ്കമാലി തിരിച്ചുപിടിക്കാൻ എൻ.എസ്.യു. പ്രസിഡന്റ്‌ റോജി എം. ജോണിനെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.അങ്കമാലി മുൻ മുനിസിപ്പൽ ചെയർമാൻ ബെന്നിമൂഞ്ഞേലിക്കാണ് ജനതാദൾ എസ്‌. സ്ഥാനാർഥിയാകാനുള്ള നറുക്ക് വീണത്. എൻ.ഡി.എ. സ്ഥാനാർഥിയായി പി.സി. തോമസ് നയിക്കുന്ന കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ബാബുവാണ് രംഗത്തുള്ളത്.

പെരുമ്പാവൂരിലും ചെറുപ്പക്കാരുടെ പോരാണ്. സിറ്റിങ് എം.എൽ.എ., സി.പി.എമ്മിലെ സാജുപോളിനെ നേരിടാൻ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ എൽദോസ് കുന്നപ്പള്ളിയാണ് ഇറങ്ങിയിരിക്കുന്നത്. 
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവാണ് എൻ.ഡി.എ. സ്ഥാനാർഥി.മൂവാറ്റുപുഴ എങ്ങനെയും തിരിച്ചുപിടിക്കണമെന്നവാശിയിലാണ് ഇടതുമുന്നണി. അതിനായി സി.പി.ഐ.യിലെ ചെറുപ്പക്കാരനായ എൽദോ എബ്രഹാമാണ് പടനയിക്കുന്നത്. സിറ്റിങ് എം.എൽ.എ. ജോസഫ് വാഴക്കൻ, മണ്ഡലത്തിൽ ചെയ്തകാര്യങ്ങൾ എടുത്തുകാട്ടിയാണ് വീണ്ടും അവസരം ചോദിക്കുന്നത്. ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസാണ് എൻ.ഡി.എ.യെ നയിക്കുന്നത്.കോതമംഗലത്ത് ടി.യു. കുരുവിള ആത്മവിശ്വാസത്തോടെ വീണ്ടുമിറങ്ങിയിരിക്കുകയാണ്.

 ആന്റണി ജോണാണ് ഇടതുസ്ഥാനാർഥി. മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക്കാണ്  എൻ.ഡി.എ. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്. കുന്നത്തുനാട്, സിറ്റിങ് എം.എൽ.എ., വി.പി. സജീന്ദ്രനാണ് ജില്ലയിൽ കോൺഗ്രസ്സിൽ ആദ്യം സ്ഥാനാർഥിത്വം ഉറപ്പിച്ചയാൾ. ഇടതുസ്ഥാനാർഥിയായി അഡ്വ. ഷിജി ശിവജിയെ പ്രഖ്യാപിച്ചതിൽ പ്രദേശത്തെ ഒരുവിഭാഗം സി.പി.എം. നേതാക്കൾക്ക് അമർഷമുണ്ടായിരുന്നു. അതൊന്നുംവകവെക്കാതെയാണ് ഷിജിയെ നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ്സിന്റെ തുറവൂർ സുരേഷാണ് എൻ.ഡി.എ. സ്ഥാനാർഥി. പിറവത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചവർ തമ്മിലാണ് ഇക്കുറിയും പോര്. സിറ്റിങ് എം.എൽ.എ. മന്ത്രി അനൂപ് ജേക്കബിനെ തോല്പിക്കാനുള്ള ദൗത്യം മുൻ എം.എൽ.എ., എം.ജെ. ജേക്കബിൽത്തന്നെ വന്നുചേർന്നിരിക്കുകയാണ്. സീറ്റുപിടിക്കാൻ എം.ജെ. പ്രായത്തെതോല്പിച്ചുകൊണ്ട് പായുകയാണ്.  ബി.ഡി.ജെ.എസ്സിലെ സി.പി. സത്യനാണ് എൻ.ഡി.എ. സ്ഥാനാർഥി.

2011-ലെ സീറ്റുനില
യു.ഡി.എഫ്-11
എൽ.ഡി.എഫ്-3

ജില്ലാപഞ്ചായത്ത് കക്ഷിനില

യു.ഡി.എഫ്-16
എൽ.ഡി.എഫ്-11