ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ വോട്ട്‌ ചെയ്യുമ്പോൾ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജി.സുധാകരൻ നോക്കിനിന്നെന്ന ആക്ഷേപം വിവാദത്തിലേക്ക്. യു.ഡി.എഫും എൻ.ഡി.എ.യും ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. ജില്ലാ വരണാധികാരി കൂടിയായ കളക്ടർ ആർ.ഗിരിജ ഇതു സംബന്ധിച്ച് പ്രിസൈഡിങ്‌ ഓഫീസറോട് വിശദീകരണം തേടിയിട്ടുമുണ്ട്.

വി.എസ്. ബൂത്തിലെത്തി വോട്ട്‌ ചെയ്യുമ്പോൾ വോട്ടിങ്‌ യന്ത്രത്തിലേക്ക് ജി.സുധാകരൻ നോക്കിനിൽക്കുന്ന രംഗം കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വോട്ട്‌ ചെയ്തുകഴിഞ്ഞ് സുധാകരൻ കൈയടിക്കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു കാണിച്ച് യു.ഡി.എഫ്. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ചീഫ് ഇലക്ഷൻ ഏജന്റ് സുനിൽ ജോർജാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയിട്ടുള്ളത്.

എൻ.ഡി.എ.യ്ക്കുവേണ്ടി നിയോജകമണ്ഡലം കമ്മിറ്റി ചീഫ് ഇലക്ഷൻ ഏജന്റ് വി.ശ്രീജിത്താണ് പരാതി നല്കിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.പ്രഭുകുമാറും കമ്മിഷന് പരാതി നല്കിയിട്ടുണ്ട്. തിങ്കളാഴ്ച  വൈകിട്ട് നാലേകാലോടെയാണ് വി.എസ്.വോട്ട് ചെയ്തത്. ജന്മവീടിനടുത്തുള്ള പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഭാര്യയും മകനും മകന്റെ ഭാര്യയുമൊത്താണ് വി.എസ്.വോട്ട്‌ ചെയ്യാനെത്തിയത്.

ഈ സമയം  ജി.സുധാകരനും വി.എസ്സിനൊപ്പം ബൂത്തിനുള്ളിൽ കയറി. മകൻ അരുൺകുമാറിനൊപ്പം വോട്ട്‌  ചെയ്യുമ്പോൾ ജി.സുധാകരനും അടുത്തുനിന്നു. എന്നാൽ, ഇതു തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പ്രിസൈഡിങ്‌ ഓഫീസർ പറയുന്നത്. സംഭവമറിഞ്ഞ് യു.ഡി.എഫ്. പ്രവർത്തകർ ഒത്തുകൂടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.  

വി.എസ്സിനെയും കുടുംബത്തെയും സംശയമുള്ളതു കൊണ്ടാണ് ജി.സുധാകരൻ വി.എസ്സിന്റ വോട്ട് എത്തിനോക്കിയതെന്ന് ബി.ജെ.പി. ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.