ആലപ്പുഴ:  നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയുടെ വീട്ടിലെത്തി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. പിറന്നാൾ കേക്കും സദ്യയും നല്കി ഗൗരിയമ്മ  പിണറായിയോട്‌ സന്തോഷം പ്രകടിപ്പിച്ചു. പിണറായിയുടെ  പിറന്നാളായിരുന്നു ചൊവ്വാഴ്ച. 

ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയിൽഅംഗമായിരുന്ന, ജീവിച്ചിരിക്കുന്ന ഒരേയൊരാൾ എന്ന സവിശേഷതയുള്ള ഗൗരിയമ്മയുടെ അനുഗ്രഹം വാങ്ങാൻ കൂടിയാണ് പിണറായി എത്തിയത്. നിയുക്തമന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്, ഇ.പി.ജയരാജൻ, ജി.സുധാകരൻ എന്നിവരും ഒപ്പം എത്തിയിരുന്നു. പഴയ സഖാക്കൾക്കു മുന്നിൽ ഗൗരിയമ്മ തറവാട്ടമ്മയായി. 

പിന്നെ കുശല പ്രശ്നങ്ങൾ. തുടർന്ന് ഒരു കേക്ക് ഗൗരിയമ്മ എടുത്തു വച്ചു. പിണറായിയുടെ വിവിധ ഭാവത്തിലുള്ള അഞ്ച് ചിത്രങ്ങൾ ആലേഖനം ചെയ്ത കേക്ക്. ജന്മദിനം പ്രമാണിച്ച് പിണറായിക്ക് ഗൗരിയമ്മയുടെ സമ്മാനം. വിടർന്ന ചിരിയോടെ പിണറായി കേക്ക് മുറിച്ചപ്പോൾ കൈയടി. കേക്ക് കഷണം ആദ്യം ഗൗരിയമ്മയ്ക്ക്  നീട്ടി. ഗൗരിയമ്മ ഒരു നുള്ളെടുത്ത് പിണറായിക്കും നല്കി.

വിദ്യാർഥിരാഷ്ട്രീയ കാലംതൊട്ട് ഗൗരിയമ്മയുടെ അടുക്കൽ വന്നിട്ടുള്ള കാര്യം പിണറായി ഓർത്തെടുത്തു. കുശല പ്രശ്നങ്ങൾക്കിടയിൽ കൈയുടെ വയ്യായ്ക ഗൗരിയമ്മ പറഞ്ഞപ്പോൾ പിണറായി കൈപിടിച്ചു നോക്കി. സത്യപ്രതിജ്ഞയ്ക്കെത്താൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ആതിഥ്യമര്യാദ ശീലമാക്കിയിട്ടുള്ള ഗൗരിയമ്മ ഇക്കുറിയും പതിവ്‌ തെറ്റിച്ചില്ല. പിണറായിയുടെ പിറന്നാളിന്‌ വിഭവസമൃദ്ധമായ സദ്യ. കൊഞ്ച് വറുത്തത്, കരിമീൻ പൊരിച്ചത്, കോഴി വറുത്തത്, കരിമീൻ കറി, താറാവ് കറി, നെയ്മീൻ കറി, സാമ്പാർ, അവിയൽ, അച്ചാർ തുടങ്ങി ഇലനിറയെ വിഭവങ്ങൾ. 

പിണറായിക്കൊപ്പം എത്തിയ നിയുക്ത മന്ത്രിമാരായ  തോമസ് ഐസക്, ജി. സുധാകരൻ, ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി സജി ചെറിയൻ, എം.എൽ.എ. എ.എം.ആരിഫ്, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവരും സദ്യയുണ്ടു.  ഗൗരിയമ്മയോട്  മുമ്പും ഇപ്പോഴും പരിഭവം ഇല്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.  

ജെ.എസ്.എസ്. ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാർ ചുവപ്പുമാല അണിയിച്ച് പിണറായിയെ എതിരേറ്റു.അതിഥികളെ ജനാധിപത്യ മഹിള സമിതി സംസ്ഥാന നേതാവ് ഡോ.പി.സി. ബീനാകുമാരി, ജെ.എസ്.എസ്. സെക്രട്ടറി അഡ്വ. ബി.ഗോപൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പിന്നീട്, നിയുക്തമന്ത്രി കെ.കെ.ശൈലജയും ഗൗരിയമ്മയെ കാണാനെത്തിയിരുന്നു.