മുദ്രാവാക്യം വിളികള്‍ പെരുമ്പറ ഘോഷത്തില്‍ മുങ്ങുമ്പോഴാണ് പിണറായി വിജയന്‍ വന്നത്. പെട്ടെന്ന് പെരുമ്പറയെ തോല്പിച്ച് മുദ്രാവാക്യം വിളിയുടെ വീറ് തെളിഞ്ഞു. തുറന്ന ചിരിയോടെ ആള്‍ക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം നീങ്ങി. സെല്‍ഫിയെടുക്കണമെന്ന് കരുതിയിരുന്ന യുവസഖാക്കള്‍ ചിരിക്കു പിന്നിലെ ഗാംഭീര്യം കണ്ട് പരുങ്ങി നിന്നു. വേദി നിശ്ശബ്ദം. പിണറായി ഇരുന്നത് പ്രസംഗം തുടങ്ങാനുള്ള അനുമതിയാണെന്ന ധൈര്യത്തില്‍ സ്ഥാനാര്‍ഥി തോമസ് ചാണ്ടി വീണ്ടും തുടങ്ങിയെങ്കിലും പെട്ടെന്ന് നിര്‍ത്തി.

electionമങ്കൊമ്പിലായിരുന്നു വേദി. സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം പിണറായി എഴുന്നേറ്റു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ ആകാംക്ഷാഭരിതമായ മുഖങ്ങളിലേക്ക് നോക്കി ഒരു നിമിഷം നിന്നു. രണ്ടു കൈയും പ്രസംഗപീഠത്തില്‍ ഊന്നിനിന്ന് ആരംഭിച്ചു.'സഹോദരീ സഹോദരന്മാരേ...   കേരളത്തിലെ കര്‍ഷകര്‍ ഇതുപോലെ കഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ലാലോ. വിളവിന് വിലയില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് ഇതായിരുന്നോ സ്ഥിതി ?'  കുട്ടനാട് ആയതുകൊണ്ട് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളിലാണ് തുടക്കം.
  
തലേദിവസം രാത്രിയില്‍ത്തന്നെ ആലപ്പുഴയില്‍ എത്തിച്ചേര്‍ന്ന പിണറായി ഹോട്ടലില്‍ നിന്ന് പത്തേകാല്‍മണിയോടെയാണ് പ്രചാരണസ്ഥലത്തേക്ക് നീങ്ങിയത്. പത്തുമണിക്കാണ് യോഗം തുടങ്ങാനിരുന്നത്. 10.30 ന് എത്തിച്ചേര്‍ന്നു. പ്രസംഗം ഒരുമണിക്കൂര്‍ നീണ്ടു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്താനിരുന്ന മുഖാമുഖം പരിപാടി മാറ്റിവെച്ചതിനാല്‍  ഇടച്ചുകയറിയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുചിരി സമ്മാനിച്ച്  വാഹനത്തിലേക്ക്. 

മുഖാമുഖം മാറ്റിവെച്ചതിന് പാര്‍ട്ടി കമ്മിറ്റികളുണ്ടെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. താമസിച്ച ഹോട്ടലില്‍  സമുദായ നേതാക്കള്‍, മറ്റു ജില്ലകളില്‍നിന്നെത്തിയ പ്രമുഖര്‍ എന്നിവരുമായി പിണറായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3.15ന് ഹരിപ്പാട് മണ്ഡലത്തിലെ മുതുകുളത്തെ യോഗസ്ഥലത്തേക്ക്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്നെത്തിയ മൂന്നുവയസ്സുകാരി നല്കിയ റോസാപ്പൂവ് വാങ്ങി ചിരിച്ച് വേദിയിലേക്ക്. മുതുകുളം ഉമ്മര്‍മുക്കിലെ പ്രസംഗം പ്രദേശത്തെ എന്‍.ടി.പി.സി.യുടെ ശോച്യാവസ്ഥ മുന്‍നിര്‍ത്തിയാണ് തുടങ്ങിയത്.

കൃത്യമായ ഇടവേളയില്‍ പുറത്തേക്കുവരുന്ന വാക്കുകള്‍. ചോദ്യം ചോദിച്ച് വിശദീകരണം നല്കുന്ന രീതി. 'ഏതെങ്കിലും ഒരാരോപണം ഉമ്മന്‍ചാണ്ടിയില്‍ ചെന്നെത്താതുണ്ടോ?' 'വെള്ളാപ്പള്ളിയെക്കണ്ടാണോ ആരെങ്കിലും എസ്.എന്‍.ഡി.പി.യില്‍ ചേര്‍ന്നത്?' എന്നൊക്കെ ചോദിക്കുമ്പോള്‍ മാത്രം വല്ലാത്ത തീഷ്ണത. മാവേലിക്കരയിലും കായംകുളത്തും എത്തുമ്പോഴും ഭാവത്തില്‍ മാറ്റമില്ല. ആരവങ്ങള്‍ കൂസാതെ വാഹനത്തിലേക്ക് കയറുമ്പോള്‍ ചിരിമറഞ്ഞു. തിരഞ്ഞെടുപ്പ് ചിരിച്ച് തള്ളാനുള്ളതല്ലെന്ന ഓര്‍മപ്പെടുത്തല്‍പോലെ മുഖത്ത്  ഗൗരവം.